റാസൽഖൈമയിലെ ജെയ്​സ്​ മലനിരയിലെ സിപ്​ ലൈൻ

ടൈം മാഗസിന്‍റെ സുന്ദര സ്ഥലങ്ങളില്‍ റാസല്‍ഖൈമയും

റാസല്‍ഖൈമ: പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ലോകത്തിലെ 50 സ്ഥലങ്ങളെ തെരഞ്ഞെടുത്ത 'ടൈം മാഗസിന്‍റെ' പട്ടികയില്‍ റാസല്‍ഖൈമയും. അതുല്യ ഭൂപ്രകൃതിയും സിപ്​ ലൈന്‍ ഉള്‍പ്പെടെയുള്ള ലോകോത്തര വിനോദ ഘടകങ്ങളെയും പരിചയപ്പെടുത്തിയാണ് ടൈം മാഗസിന്‍ റാസല്‍ഖൈമയെ ലോകത്തിന് മുന്നില്‍ വെക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ റാസല്‍ഖൈമയിലെ സിപ്​ ലൈന്‍ 2018 ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. യു.എ.ഇയില്‍ സമുദ്രനിരപ്പില്‍ ഏറ്റവും ഉയരത്തിലുള്ള വിനോദകേന്ദ്രമായ ജെയ്​സ്​ മലനിരയിലാണ് സിപ്​ ലൈന്‍ സ്ഥിതി ചെയ്യുന്നത്. 2,832 മീറ്റര്‍ നീളമുള്ള സിപ്​ ലൈന്‍ 120-150 കിലോമീറ്റര്‍ വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

സാഹസിക സഞ്ചാരികളുടെ പറുദീസയായ യു.എ.ഇയുടെ മലനിരകളില്‍ സുപ്രധാനമയ സ്ഥാനമാണ് റാസല്‍ഖൈമയിലെ ഹജ്ജാര്‍ മലനിരകള്‍ക്കുള്ളത്. യാനസ്, ഗലീല പര്‍വതനിരകള്‍ക്കൊപ്പം ജെയ്​സ് മലനിരയും ലക്ഷ്യമാക്കി ആയിരങ്ങളാണ് റാസല്‍ഖൈമയിലത്തെുന്നത്. മലമുകളിലേക്ക് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ സാധാരണക്കാരുടെയും പ്രിയ കേന്ദ്രമായി ജെയ്​സ് മലനിര മാറിയിട്ടുണ്ട്​. സമുദ്രനിരപ്പില്‍ നിന്ന് 1900 മീറ്റര്‍ ഉയരത്തിലാണ് ജെയ്​സ് മലനിരയുടെ സ്ഥാനം. 1600 മീറ്റര്‍ ഉയരത്തില്‍ നിന്ന് 1200 മീറ്ററിലേക്കാണ് സിപ്​ ലൈന്‍ സംവിധാനിച്ചിട്ടുള്ളത്.

ലോക വിനോദ സൂചികയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കൊപ്പം ലോകോത്തര സിപ്​ ലൈനിന്‍റെ പ്രവര്‍ത്തനവും ഗള്‍ഫ് രാജ്യങ്ങളുടെ ടൂറിസം തലസ്ഥാനമായി റാസല്‍ഖൈമയെ പരിഗണിച്ചതില്‍ മുഖ്യ ഘടകമാണ്. അജ്മാന്‍ ഭരണാധിപ കുടുംബത്തില്‍ നിന്നുള്ള ഏഴ് വയസ്സുകാരനാണ് റാക് സിപ്​ ലൈനിലേറിയ ഏറ്റവും പ്രായം കുറഞ്ഞ ബാലന്‍. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള 83കാരനാണ് സിപ്​ലൈന്‍ ആസ്വദിച്ച ഏറ്റവും പ്രായമേറിയ വ്യക്തി. 45 മുതൽ 130 കിലോ വരെ തൂക്കമുള്ള ആര്‍ക്കും സിപ്​ ലൈനില്‍ പ്രവേശനം അനുവദിക്കും.

റാക് ടൂറിസം ഡവലപ്​മെന്‍റ്​ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സിപ്​ ലൈനിന്‍റെ പ്രവര്‍ത്തനം. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് സമയം. ഓണ്‍ലൈന്‍ മുഖേനയാണ് ബുക്കിങ്​. 300 ദിര്‍ഹമാണ് ഫീസ്. 450 ദിര്‍ഹമിന് കോമ്പോ ഓഫറും ലഭ്യമാണ്. ഒരേസമയം രണ്ട് പേര്‍ക്കാണ് സിപ്​ലൈന്‍ ആസ്വാദനം സാധ്യമാവുക.

ജബല്‍ ജെയ്​സ്​ കേന്ദ്രീകരിച്ച് റാക് ടൂറിസം വികസന വകുപ്പിന്‍റെ 500 ദശലക്ഷം ദിര്‍ഹമിന്‍റെ നിക്ഷേപ പദ്ധതിയും നിലവിലുണ്ട്. ജെയ്സ് സ്ലൈഡര്‍, പാരാ ഗ്ലൈഡിങ്​ ജെയ്സ് വിങ്​, നീന്തല്‍ക്കുളമുള്‍പ്പെടെയുള്ളവയടങ്ങിയ പോപ്പ് അപ്പ് ഹോട്ടല്‍ തുടങ്ങിയവ ഈ പദ്ധയിയിലുള്‍പ്പെടുന്നതാണ്. ചരിത്ര പ്രദേശങ്ങളായ ജസീറ അല്‍ ഹംറ, അല്‍ദായ ഫോര്‍ട്ട്, ആറോളം ബീച്ചുകള്‍, കൃഷി സ്ഥലങ്ങള്‍, കുറഞ്ഞ ഫീസ് നിരക്കിലുള്ള ആഢംബര ഹോട്ടലുകള്‍ തുടങ്ങിയവയും സന്ദര്‍ശകരെ റാസല്‍ഖൈമയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

Tags:    
News Summary - Ras Al Khaimah is also among the beautiful places of Time magazine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.