അബൂദബി: കോവിഡ് പശ്ചാത്തലത്തില്‍ നടപ്പാക്കിവരുന്ന സുരക്ഷ മാനദണ്ഡം അബൂദബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി പുതുക്കി. മുന്‍കരുതല്‍ നടപടികള്‍ വര്‍ധിപ്പിക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പൊതു പരിപാടികളും കുടുംബ ആഘോഷങ്ങളും സംഘടിപ്പിക്കാനുള്ള മാര്‍ഗനിർദേശങ്ങളാണ് പുതുക്കിയത്. നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു.
വിവാഹ ചടങ്ങ്, സംസ്കാരം, കുടുംബയോഗം തുടങ്ങിയ സാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കുന്ന വേദികളില്‍ പരമാവധി 60 ശതമാനം പേരേ ഉണ്ടാവാന്‍ പാടുള്ളൂ.
ഇന്‍ഡോര്‍ പരിപാടികളില്‍ അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം 50 ആണ്. ഔട്ട്ഡോര്‍ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം 150ല്‍ കൂടരുത്. വീട്ടിലെ ഒത്തുകൂടലുകളില്‍ 30ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുത് എന്നീ നിബന്ധനകളാണ് നിലവില്‍വന്നിരിക്കുന്നത്. സാമൂഹിക പരിപാടികളില്‍ പെങ്കടുക്കുന്നവർക്ക് അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്.
48 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റിവ് പി.സി.ആര് ഫലം വേണം. ശാരീരിക അകലം പാലിക്കണം. മാസ്ക്ക് ധരിക്കണം. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, മാസ്ക്കുകള്‍ ധരിക്കുക, കുറഞ്ഞത് രണ്ടു മീറ്റര്‍ അകലത്തില്‍ ശാരീരിക അകലം പാലിക്കുക, പതിവായി കൈകള്‍ കഴുകി വൃത്തിയാക്കുക എന്നിവയിലൂടെ മുന്‍കരുതല്‍ നടപടികള്‍ തുടരണം. ബൂസ്റ്റര്‍ വാക്സിന് ഡോസ് സ്വീകരിക്കാനും പി.സി.ആര് പരിശോധനയിലൂടെ അല്‍ ഹുസ്ൻ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താനും അബൂദബി ദുരന്തനിവാരണ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.