ഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനായി വാടക സൂചിക പുറത്തിറക്കുന്നു. ദുബൈയിലും അബൂദബിയിലും നേരത്തെ സംവിധാനം നടപ്പാക്കിയിരുന്നു. ഇതിന് സമാനമായാണ് ഷാർജയിലും ഈ സംവിധാനം രൂപപ്പെടുത്തുന്നത്. സൂചിക പുറത്തിറക്കുന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന നടപടിയാണ്. ഇതുവഴി വാടകക്കാരും ഭൂവുടമകളും തമ്മിലെ തർക്കം കുറക്കാനും എമിറേറ്റിലെ ഓരോ പ്രദേശത്തെയും വാടക നിരക്ക് ജനങ്ങൾക്ക് മനസ്സിലാക്കാനും ഇതുവഴി സാധിക്കും.
ഷാർജ റിയൽ എസ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്റെ സഹകരണത്തോടെ ‘ഷാർജ ഡിജിറ്റൽ’ ആണ് വാടക പുറത്തിറക്കുന്നതെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ (എസ്.സി.സി.ഐ) റിയൽ എസ്റ്റേറ്റ് മേഖല ബിസിനസ് ഗ്രൂപ്പിന്റെ പ്രതിനിധി കമ്മിറ്റി ചെയർമാൻ സഈദ് ഗാനിം അൽ സുവൈദി ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. ജനുവരി 22 മുതൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ‘ഏക്കർസ് 2025’ എക്സിബിഷൻ വേദിയിൽ സൂചിക പുറത്തിറക്കിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിൽ ‘സ്മാർട് വാടക സൂചിക’ ജനുവരിയിൽ നടപ്പാക്കിത്തുടങ്ങിയിരുന്നു. ഈ സംവിധാനം ഭൂവുടമകൾ, വാടകക്കാർ, നിക്ഷേപകർ എന്നിവർക്ക് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങൾ ലഭിക്കാനും ‘സ്മാർട്ട് വാടക സൂചിക’ വടക നിർണയിക്കുന്നതിനും പുതുക്കുന്നതിനും ഏറെ ഉപകാരപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ വാടക നിരക്കുകൾ താമസക്കാർക്ക് വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഔദ്യോഗിക വാടക സൂചിക അബൂദബിയും പുറത്തിറക്കിയിരുന്നു.
നഗരത്തിലെ കെട്ടിടങ്ങളുടെ ത്രൈമാസ വാടക നിരക്കാണ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നത്. താമസ, വാണിജ്യ, വ്യവസായ കേന്ദ്രങ്ങളിലെ വിശ്വസനീയമായ വാടക ഇതുവഴി താമസക്കാർക്ക് ലഭിക്കും. അബൂദബി റിയൽ എസ്റ്റേറ്റ് വെബ്സൈറ്റിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖല അതിവേഗം വളരുന്ന സാഹചര്യത്തിലാണ് വിവിധ എമിറേറ്റുകളിൽ വാടക സൂചികകൾ പുറത്തിറക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.