അനുഭവങ്ങളുടെ തീച്ചൂളയിലൂടെയായിരുന്നു കഴിഞ്ഞ റമദാൻ കടന്നുപോയത്. കോവിഡ് ബാധിച്ചാൽ മരണം ഉറപ്പ് എന്ന ഭയത്താലായിരുന്നു പ്രവാസികൾ അടക്കമുള്ളവർ. അവർക്കിടയിലേക്ക് മാലാഖമാരായി ആതുരസേവന രംഗത്തുള്ളവർ സ്വയം ത്യജിച്ച് എത്തിയതോടെ പോരാട്ടനാളുകളായിരുന്നു. പല ആതുരസേവന രംഗത്തുള്ളവർക്കും ജീവൻ വെടിയേണ്ടി വന്നു.
അൽഐനിൽ എടുത്തുപറയേണ്ട പേരാണ് സേവനരംഗത്ത് സജീവമായ ഓഡിയോളജിസ്റ്റ് താഹിറ കല്ലുമുറിക്കൽ. അൽഐനിലുള്ള മലയാളികൾക്കും ഇന്ത്യക്കാർക്കും വിദേശികൾക്കും അവരെ മറക്കാൻ പറ്റില്ല. കോവിഡിെൻറ ആദ്യം മുതൽ തന്നെ വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയും മറ്റും അവർ നൽകിയ വിലയേറിയ നിർദേശങ്ങൾ ജനങ്ങൾക്കു വളരെയധികം ഉപകരിച്ചു. ജനങ്ങൾ എന്തൊക്കെ ചെയ്യണം എന്നും പോസിറ്റിവ് ആയാൽ എന്താണ് ചെയ്യേണ്ടത് എന്നും നേരിട്ടും ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും ജനങ്ങൾക്കു വിലയേറിയ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. അവരുടെ മഖാമിലെ ക്ലിനിക്കിൽ എത്തുന്നവരെ ക്വാറൻറീനിലേക്ക് മാറ്റാനും സർക്കാർ നിർദേശങ്ങൾ അപ്പപ്പോൾ നൽകാനും മുന്നിലുണ്ടായിരുന്നു.
വലിയ വിഷമം നേരിട്ടത് വിസിറ്റ് വിസക്കെത്തിയ കുടുംബങ്ങൾ ആയിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിൽ പോകാൻ പറ്റാതെയായി. ഭക്ഷണവും റൂമും പ്രതിസന്ധിയിലായി. നോമ്പുകാലം വന്നതോടെ സന്നദ്ധ സേവകരുടെ കിറ്റുകൾ നാനാഭാഗത്തേക്കും പ്രവഹിച്ചു. ക്വാറൻറീനിൽ പോയവർക്ക് അത്യാവശ്യ സാധനങ്ങൾ എത്തിക്കാൻ റൂമിലുള്ള സുഹൃത്തുക്കളും വാട്സ് ആപ്പിലൂടെയുള്ള സുഹൃത്തുക്കളും സഹായിച്ചു.
ക്വാറൻറീനിൽ എത്തിക്കുന്ന സാധനങ്ങൾ പരിശോധിച്ച് അണുവിമുക്തമാക്കി ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഇവിടത്തെ പൊലീസ് ഡിഫൻസ് ഉദ്യോഗസ്ഥരെ മറക്കാൻ കഴിയില്ല. അവരോട് എന്നും കടപ്പാട് മാത്രം. എെൻറ മാതൃ സംഘടനയായ ബ്ലൂ സ്റ്റാർ അൽഐൻ, കെ.എം.സി.സി അൽഐൻ, യൂത്ത് ഇന്ത്യ അൽഐൻ, ഇന്ത്യൻ സോഷ്യൽ സെൻറർ തുടങ്ങി എല്ലാ സംഘടനകളും കൂട്ടായ്മകളും ഈ പോരാട്ട വീഥിയിൽ പരസ്പരം കൈകോർത്തിരുന്നു.
നോർക്ക ഹെൽപ് ഡെസ്ക്കും ഏറെ സഹായമെത്തിച്ചു. എെൻറ നാട്ടുകാരുടെ സംഘടനയായ വഫ യു.എ.ഇ ഹെൽപ് ഡെസ്ക് രൂപവത്കരിച്ച് സഹായമെത്തിച്ചു. അടഞ്ഞ റൂമിലിരുന്ന് ലോകത്തിെൻറ വിവിധ കോണിൽ സഹായങ്ങൾ എത്തിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കിത്തന്നത് കോവിഡാണ്. അടഞ്ഞുകിടന്ന പള്ളികൾ തുറന്നത് ഈ നോമ്പ് ഏറക്കുറെ ആശ്വാസം നൽകുന്നുണ്ട്.
യു.എ.ഇ ഭരണകൂടത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഏകദേശം 200ഓളം രാജ്യങ്ങളിലെ ജനങ്ങൾ സന്തോഷത്തോടെ കഴിയുന്ന ഈ രാജ്യത്ത് എല്ലാവരുടെയും സുരക്ഷയും ചികിത്സയും ക്വാറൻറീനും ഭക്ഷണവുമെല്ലാം സൗജന്യമായി സർക്കാർ ഉറപ്പുവരുത്തി. സൗജന്യ വാക്‌സിനേഷനും സൗജന്യ കോവിഡ് പരിശോധനയും എല്ലാവർക്കും നൽകി ലോകത്തിനുതന്നെ മാതൃകയാണ് ഈ കൊച്ചുരാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.