ദുബൈ: മുൻ മാസങ്ങളെ അപേക്ഷിച്ച് ദുബൈയിൽ അത്യാഡംബര വീടുകളുടെ ശരാശരി വില പുതുവർഷത്തിലെ ആദ്യ പാദത്തിൽ 27 ശതമാനത്തിലധികം ഉയർന്നു. എമിറേറ്റിൽ പ്രൈം പ്രോപ്പർട്ടിക്കുള്ള ആവശ്യം ഉയരുന്നതിന് അനുസരിച്ചാണ് വിലയിലും വർധനയുണ്ടായിരിക്കുന്നത്. നിലവിൽ ഇത്തരം വീടുകളുടെ എമിറേറ്റിലെ ശരാശരി വില 2.52 കോടി ദിർഹമാണ്. ദുബൈ ലാൻഡ് ഡിപ്പാർട്മെന്റിൽ നിന്നുള്ള വിവരമനുസരിച്ച് ഈ വിഭാഗത്തിലെ താമസകേന്ദ്രങ്ങളുടെ മൊത്തം ഇടപാടുകൾ കഴിഞ്ഞ മൂന്നുമാസ കാലയളവിൽ 1470 കോടി ദിർഹത്തിലെത്തിയിട്ടുണ്ട്.
ജുമൈറ ബേയിലാണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 205 കോടി ദിർഹമിന്റെ വിൽപനയാണ് ഇവിടെ നടന്നത്. കൂടുതലായി യൂറോപ്യന്മാരായ ഉപഭോക്താക്കൾ വന്നുതുടങ്ങിയതോടെയാണ് വിൽപനയിൽ വർധന രേഖപ്പെടുത്തിയത്. മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിൽ ദുബൈ ഭരണകൂടം സ്വീകരിക്കുന്ന നടപടികളും ആകർഷണീയതയാണ്. ഏറ്റവും മികച്ച സൗകര്യങ്ങളും സുരക്ഷിതത്വവും ഉപഭോക്താക്കളെ ആകർഷിക്കുന്ന മറ്റു ഘടകങ്ങളാണ്.
വരും മാസങ്ങളിലും വിൽപന സമാന രീതിയിൽ വർധിക്കാനാണ് സാധ്യതയെന്ന് മേഖലയിലെ വിദഗ്ധർ പ്രവചിക്കുന്നുമുണ്ട്. കോവിഡിനുശേഷം വലിയ വളർച്ച രേഖപ്പെടുത്തിവരുന്ന ദുബൈയിലെ പ്രോപ്പർട്ടി മാർക്കറ്റ് വൻ കുതിപ്പാണ് തുടർച്ചയായി രേഖപ്പെടുത്തുന്നത്.
ആഡംബര പാർപ്പിട വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും സജീവമായ നാലാമത്തെ വിപണിയാണ് നിലവിൽ ദുബൈ. കഴിഞ്ഞ വർഷം ഒരു കോടി ഡോളറിനു മുകളിൽ വിലയുള്ള 219 വീടുകളുടെ വിൽപന എമിറേറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂയോർക്, ലോസ് ആഞ്ജലസ്, ലണ്ടൻ എന്നിവക്ക് തൊട്ടുപിറകിലാണ് ദുബൈ സ്ഥാനംപിടിച്ചിരിക്കുന്നത്. ലോകത്തെ നിരവധി സെലിബ്രിറ്റികളും ശതകോടീശ്വരന്മാരും ദുബൈയിൽ വീടുകൾ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.