ദുബൈ: എമിറേറ്റിൽ പുതുവത്സരാഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പുതുവത്സരരാവിൽ ആർ.ടി.എയുടെ ജലഗതാഗത സംവിധാനങ്ങളായ ദുബൈ ഫെറി, വാട്ടർ ടാക്സി, അബ്ര എന്നിവയിൽ ഇതിനായി പ്രത്യേക ടിക്കറ്റ് ഏർപ്പെടുത്തി.
ഡിസംബർ 31ന് രാത്രി ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാനാണ് ആർ.ടി.എ സൗകര്യമൊരുക്കുന്നത്. ഇതിനായുള്ള ദുബൈ ഫെറി സർവിസുകൾ രാത്രി പത്ത് മുതൽ ദുബൈ മറീന, ഗുബൈബ, ബ്ലൂവാട്ടേഴ്സ് മറൈൻ സ്റ്റേഷനുകളിൽനിന്ന് പുറപ്പെടും. 350 മുതൽ 525 ദിർഹം വരെയാണ് ഫെറിയിലെ ടിക്കറ്റ് നിരക്ക്. പത്ത് വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 ശതമാനം ഇളവുണ്ടാകും.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. 3,750 ദിർഹത്തിന് ഒരു വാട്ടർടാക്സി മൊത്തമായി അന്ന് വാടകക്ക് എടുക്കാം. പരമ്പരാഗത കടത്തുവള്ളങ്ങളായ അബ്രകളിൽ 150 ദിർഹത്തിന് ടിക്കറ്റ് ലഭിക്കും.
ജദ്ദാഫ്, ഫഹീദി, ഗുബൈബ സ്റ്റേഷനുകളിൽനിന്ന് രാത്രി പത്തിന് അബ്രകൾ യാത്ര തുടങ്ങും. ബുർജ് ഖലീഫ, അറ്റ്ലാന്റിസ്, ബ്ലൂവാട്ടേഴ്സ്, ജുബൈറ ബീച്ച് എന്നിവിടങ്ങളിലെ ആഘോഷം കാണാൻ പുലർച്ച ഒന്നര വരെയായിരിക്കും ഇതിലെ യാത്ര. ജലഗതാഗത സർവിസ് സംബന്ധിച്ച വിവരങ്ങൾക്ക് 8009090 എന്ന നമ്പറിലോ marinebooking@rta.ae. എന്ന ഇ–മെയിൽ വിലാസത്തിലോ ബന്ധപ്പെടാമെന്ന് ആർ.ടി.എ അറിയിച്ചു. സഞ്ചാരികൾക്ക് ജലാശയങ്ങളിലൂടെ ദുബൈയിലെ പ്രധാന ആകർഷണങ്ങളായ ബുർജ് ഖലീഫ, ബുർജുൽ അറബ്, അറ്റ്ലാന്റിസ്, ബ്ലൂ വാട്ടേഴ്സ്, ജുമൈറ ബീച്ച് ടവേഴ്സ് എന്നിവ കണ്ട് ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ജലഗതാഗത സർവിസുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് ആർ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.