ദുബൈ: യു.എ.ഇ നടത്തിയ മധ്യസ്ഥ ശ്രമം വിജയം കണ്ടതോടെ റഷ്യയും യുക്രെയ്നും തമ്മിൽ വീണ്ടും തടവുകാരെ കൈമാറി. ഇരു രാജ്യങ്ങളിലേയും 230 തടവുകാർക്കാണ് മോചനം ലഭിച്ചത്. മധ്യസ്ഥ ശ്രമങ്ങളോട് സഹകരിച്ച രണ്ട് രാജ്യങ്ങളോടും യു.എ.ഇ വിദേശകാര്യ മന്ത്രാലയം നന്ദി പ്രകടിപ്പിച്ചു.
ഒരു മാസം മുമ്പും യു.എ.ഇയുടെ മധ്യസ്ഥ ശ്രമം വിജയം കണ്ടിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ യു.എ.ഇ മധ്യസ്ഥതയിൽ കൈമാറിയ ആകെ തടവുകാരുടെ എണ്ണം 1788 ആയി. നേരത്തേ നടത്തിയ മധ്യസ്ഥ ശ്രമം പൂർത്തിയായി ഒരു മാസം പിന്നിടുംമുമ്പ് മറ്റൊരു ശ്രമം കൂടി വിജയിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം ആരംഭിച്ച ശേഷം ഏഴാമത്തെ മധ്യസ്ഥ ശ്രമമാണ് യു.എ.ഇയുടെ നേതൃത്വത്തിൽ നടക്കുന്നത്.
രണ്ട് രാജ്യങ്ങളുമായി നിലനിൽക്കുന്ന നയതന്ത്രപരമായ ഊഷ്മള ബന്ധത്തിന്റെ ഫലമാണ് മധ്യസ്ഥ ശ്രമങ്ങളുടെ വിജയം. ലോകത്തെ രണ്ട് പ്രമുഖ രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി നയതന്ത്രത്തെ പിന്തുണച്ച് വിശ്വസനീയമായ മധ്യസ്ഥനാകാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് വിജയം വരിച്ച ഈ ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രതിസന്ധി പരിഹരിക്കാനുള്ള സമാധാനപരമായ പ്രശ്നപരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2022 ഡിസംബറിൽ യു.എസും റഷ്യയും തമ്മിൽ തടവുകാരെ മോചിപ്പിക്കുന്നതിലും യു.എ.ഇ മധ്യസ്ഥത നിർണായകമായ പങ്കുവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.