ദുബൈ: ഓരോ വർഷവും കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്ന ദുബൈ റിയൽ എസ്റ്റേറ്റ് മേഖല 2022ൽ കൈവരിച്ചത് വൻ നേട്ടം. ലണ്ടൻ ആസ്ഥാനമായ നൈറ്റ് ഫ്രാങ്ക് റിയൽ എസ്റ്റേറ്റ് ഏജൻസിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഒരു കോടി ഡോളറിലേറെ വിലയുള്ള 219 വില്ലകൾ കഴിഞ്ഞ വർഷം വിൽപന നടത്തിയിട്ടുണ്ട്. ഇത് ദുബൈയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിൽപനയായാണ് വിലയിരുത്തപ്പെടുന്നത്. 2021ൽ 93 വില്ലകൾ മാത്രമാണ് ഈ വിലയിൽ വിറ്റത്. അതിനും മുമ്പുള്ള വർഷങ്ങളിൽ 20ൽ താഴെ മാത്രമായിരുന്നു ഇത്തരം വിൽപനകളുടെ എണ്ണം.
ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ2022ൽ 528 ശതകോടി ദിർഹമിന്റെ ഇടപാടുകൾ നടന്നതായും ആദ്യമായാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് അര ട്രില്യണിൽ കൂടുതൽ ഇടപാട് നടക്കുന്നതെന്നും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വ്യക്തമാക്കി. 10കോടി ദിർഹമിന് മുകളിൽ വിലയുള്ള ഭവന വിൽപനകൾ രേഖപ്പെടുത്തിയ വർഷമെന്ന പ്രത്യേകതയും 2022നുണ്ട്. പാം ജുമൈറയിൽ 30 കോടി ദിർഹമിലേറെ വിലയിൽ വിൽപന നടത്തിയ വില്ലയാണിതിൽ ഏറ്റവും ഉയർന്നത്. 60 കോടി ദിർഹം വിലയുള്ള മൾട്ടി പ്രോപ്പർട്ടി വിൽപനയും കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതും സർവകാല റെക്കോഡാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനം ആഗോള തലത്തിൽ നിക്ഷേപകരുടെ ആകർഷണ കേന്ദ്രമായി എമിറേറ്റ് മാറിക്കൊണ്ടിരിക്കുന്നതിന്റെ കൃത്യമായ തെളിവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഗ്ലോബൽ ആറ്റിറ്റ്യൂഡ്സ് സർവേ പ്രകാരം 2023ൽ യു.കെ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഭവന വിൽപന നടക്കുന്നത് യു.എ.ഇയിലായിരിക്കും. ദുബൈയുടെ ഏറ്റവും ആവശ്യക്കാരുള്ള ലൊക്കേഷനുകളായ എമിറേറ്റ്സ് ഹിൽസ്, ജുമൈറ ബേ ഐലൻഡ്, പാം ജുമൈറ എന്നിവിടങ്ങളിൽ 2022ൽ ആകെ 44 ശതമാനം വില ഉയർന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പാം ജുമൈറ തന്നെയാണ് ഏറ്റവും ആവശ്യക്കാരുള്ളതും വിലയേറിയതുമായ സ്ഥലം. ഇവിടെ മാത്രം 50 ശതമാനത്തോളം വിലക്കയറ്റമുണ്ടായിട്ടുണ്ട്. മുഹമ്മദ് ബിൻ റാശിദ് സിറ്റി, ദുബൈ ഹിൽസ് എസ്റ്റേറ്റ് എന്നിവിടങ്ങളിൽ 20 ശതമാനം വളർച്ചയുമുണ്ട്. ലോകത്തെ അറിയപ്പെടുന്ന കായിക താരങ്ങളും സിനിമ മേഖലയിലുള്ളവരും സമ്പന്നരുമെല്ലാം ഈ സ്ഥലങ്ങളിൽ വില്ലകൾ സ്വന്തമാക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.