ദുബൈ: എമിറേറ്റിലെ ടോൾ ഗേറ്റുകളെ നിയന്ത്രിക്കുന്ന ‘സാലിക്’ ഈ വർഷം ആദ്യ പാതിയിലെ ലാഭവിഹിതമായി 54.8കോടി ദിർഹം വിതരണം ചെയ്യും. ആറു മാസത്തെ കമ്പനിയുടെ ആകെ വരുമാനം 103കോടിയായി വർധിച്ചതായും വാഹനയാത്രകളുടെ എണ്ണം ഈ വർഷം രണ്ടാം പാദത്തിൽ(ഏപ്രിൽ-ജൂൺ) റെക്കോർഡ് എണ്ണത്തിലെത്തിയതായും അധികൃതർ അറിയിച്ചു.
കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടിയ നിലയിൽ ടോൾ ഗേറ്റ് വഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണമെത്തിയിട്ടുണ്ട്. അതേസമയം വരുമാനത്തിന്റെ ലാഭവിഹിതം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ കുറഞ്ഞിരിക്കയാണ്. കഴിഞ്ഞ വർഷം 79.7കോടിയായിരുന്നു ലാഭം. ഓപറേഷൻ ഘടനയിലുണ്ടായ മാറ്റവും ചിലവുമാണ് ലാഭം കുറയാനുണ്ടായ കാരണമെന്നാണ് കമ്പനി വൃത്തങ്ങൾ വിശദീകരിച്ചിട്ടുള്ളത്.
സാലിക് ഓഹരി വില ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ(ഡി.എഫ്.എം) 22.5 ശതമാനമാണ് ഉയർന്നിട്ടുള്ളത്. സാലിക് ഡയറക്ടർ ബോർഡ് അറ്റാദായത്തിന്റെ 100 ശതമാനം ഓഹരി ഉടമകൾക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇത് ഒരു ഷെയറിന് 7.3057 ഫിൽസിന് തുല്യമായിരിക്കും. കഴിഞ്ഞ വർഷം രണ്ടാം പാതിയിൽ ഓഹരി ഉടമകൾക്ക് 49 കോടി ദിർഹമാണ് ലാഭവിഹിതമായി വിതരണം ചെയ്തത്.
2022ൽ സാലിക്കിന്റെ വരുമാനം 11.8 ശതമാനം വർധിച്ച് 189കോടി ദിർഹമായിരുന്നു. ഇത്തവണ ഇതിനെ മറികടക്കുമെന്നാണ് ആദ്യ പാതിയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ വരെ ‘സാലിക്കി’ൽ രജിസ്റ്റർ ചെയ്തത് 37ലക്ഷം വാഹനങ്ങളാണ്. ഓരോ വർഷവും വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതായി അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ആനുപാതികമായി ലാഭവിഹിതവും വർധിക്കുകയാണ്.
കഴിഞ്ഞ വർഷമാണ് ‘സാലിക്’ ഇനീഷ്യൽ പബ്ലിക് ഓഫറിങിലൂടെ(ഐ.പി.ഒ) ഓഹരികൾ വിൽപനക്ക് വെച്ചത്. ആവശ്യക്കാർ ഏറെ എത്തിയതോടെ ഐ.പി.ഒ വഴി വിൽക്കുന്ന ഓഹരികൾ 20 ശതമാനത്തിൽ നിന്ന് 24.9ശതമാനമായി വർധിപ്പിച്ചിരുന്നു.
ഇതോടെ ആകെ 186കോടി ഓഹരികൾ വിൽക്കാനാണ് തീരുമാനിച്ചത്. നിക്ഷേപകരിൽ നിന്ന് ഓഹരി വാങ്ങുന്നതിന് മികച്ച പ്രതികരണം ദൃശ്യമായതിനെ തുടർന്നാണ് ഐ.പി.ഒ വർധിപ്പിച്ചത്. നിലവിലുള്ള ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബൈ സർക്കാരിന്റെ ഉടമസ്ഥതയിൽ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. എമിറേറ്റിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.