സാലിക് ടോൾ ഗേറ്റ്

'സാലിക്' 20 ശതമാനം ഓഹരികൾ വിൽക്കുന്നു

ദുബൈ: എമിറേറ്റിലെ ടോൾ ഗേറ്റുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനിയായ 'സാലിക്' ഓഹരിയുടെ 20 ശതമാനം ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ) വിൽക്കുന്നു. 150 കോടി ഓഹരികളാണ് ഇത്തരത്തിൽ വിൽപനക്ക് വെക്കുന്നതെന്ന് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെ അധികൃതർ വെളിപ്പെടുത്തി. സെപ്റ്റംബർ 13 മുതൽ 20 വരെയാണ് വിൽപന നടക്കുക. ഓഹരി വില വിൽപനക്കുമുമ്പ് പ്രസിദ്ധീകരിക്കും. കമ്പനിയുടെ 80 ശതമാനം സർക്കാർ നിയന്ത്രണത്തിൽ നിലനിർത്തും. സെപ്റ്റംബർ 29ന് 'സാലിക്' ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.

ഫിനാൻഷ്യൽ മാർക്കറ്റിന്‍റെ വലുപ്പം വർധിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള 10 കമ്പനികളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ നവംബറിൽ ദുബൈ പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ ദുബൈ ജല, വൈദ്യുതി വകുപ്പായ 'ദേവ' ഐ.പി.ഒയിലൂടെ 22.41 ബില്യൺ ദിർഹം സമാഹരിച്ചിരുന്നു. 8.50 ബില്യൺ ഷെയറുകളാണ് 'ദേവ' വിറ്റത്. 'ദേവ'യുടെ ഷെയറുകൾ സ്വന്തമാക്കുന്നതിന് വലിയ പ്രതികരണം ദൃശ്യമായതിനെത്തുടർന്ന് ഐ.പി.ഒ 17 ശതമാനം ഉയർത്തിയിരുന്നു. ബാക്കി 83 ശതമാനം ഷെയറും ദുബൈ സർക്കാർ ഉടമസ്ഥതയിലാണുള്ളത്.

സമാനമായി ആവശ്യക്കാർ ഏറെ 'സാലിക്കി'നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വിൽപനക്കുമുമ്പ് ജൂണിൽ 99 വർഷത്തെ കാലാവധിയോടെ 'സാലിക്' പബ്ലിക് ജോയന്‍റ് സ്റ്റോക്ക് കമ്പനിയായി മാറിയിരുന്നു. എമിറേറ്റിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനി നടത്തുന്നത്. ദുബൈയിൽ നിലവിലുള്ള ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നതും പരിഷ്‌കരിക്കുന്നതും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാന്‍റെ ഉത്തരവനുസരിച്ചാണ്.

റോഡ്‌ ഗതാഗത അതോറിറ്റി (ആർ.ടി.എ) 'സാലിക്കു'മായി സഹകരിച്ച് സമഗ്ര ട്രാഫിക് പഠനം നടത്തിയശേഷം കൗൺസിലിന്‍റെ അംഗീകാരം വാങ്ങിയാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നത്. ദുബൈ ആസ്ഥാനമായുള്ള 'സാലിക്കി'ന് എമിറേറ്റിലും പുറത്തും ശാഖകളും ഓഫിസുകളും തുറക്കാനും കഴിയും. ദുബൈയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എൻ.ബി.ഡി ആയിരിക്കും ഐ.പി.ഒയുടെ ലീഡ് സ്വീകരിക്കുന്ന ബാങ്ക്.

'സാലിക്' ടോൾ ചാർജ് വർധിപ്പിച്ചേക്കും

ദുബൈ: 'സാലിക്കി'ന്‍റെ ടോൾ ഗേറ്റ് ചാർജുകൾ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഓരോ ടോൾ ഗേറ്റ് കടന്നുപോകാനും നാലുദിർഹമാണ് നിരക്ക്. പണപ്പെരുപ്പം നികത്താനായി ഇതിൽ ചെറിയ മാറ്റം പരിഗണിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ നിലവിലുള്ള എട്ട് ടോൾ ഗേറ്റുകൾ കൂടാതെ കൂടുതൽ ഗേറ്റുകൾ നിർമിക്കുന്നതും പരിഗണനയിലുണ്ട്. എന്നാൽ, ഇതിനെല്ലാം ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്‍റെ അംഗീകാരം ആവശ്യമാണ്.

Tags:    
News Summary - 'Salik' sells 20 percent stake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.