ദുബൈ: എമിറേറ്റിലെ റോഡ് ടോൾ സംവിധാനമായ സാലിക്കിന്റെ നിരക്ക് മാറ്റം വെള്ളിയാഴ്ച നിലവിൽവരും. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയരുന്നതാണ് പ്രധാനമാറ്റം. അതേസമയം, എല്ലാ ദിവസവും അർധരാത്രിക്കുശേഷം, രാത്രി ഒന്നുമുതൽ രാവിലെആറുവരെ ടോൾ നിരക്ക് സൗജന്യമായിരിക്കും.
പ്രവൃത്തിദിനങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറു മുതൽ 10 വരെയും, വൈകീട്ട് നാലു മുതൽ രാത്രി എട്ടു വരെയുമാണ് ടോൾ ഗേറ്റ് കടന്നുപോകുന്നതിന് ആറ് ദിർഹം നൽകേണ്ടത്.
തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലുദിർഹമായിരിക്കും സാലിക്ക് നിരക്ക്. മറ്റു പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാസമയത്തും നാല് ദിർഹം സാലിക്ക് ഈടാക്കാനാണ് തീരുമാനം.
റമദാൻ ഒഴികെയുള്ള മാസങ്ങളിലെല്ലാം ഈ സമയക്രമത്തിന് അനുസരിച്ചാണ് നിരക്ക് ഈടാക്കുക. റമദാനിൽ പ്രത്യേകമായ സമയക്രമമാണുണ്ടാവുക. റമദാനിൽ പ്രവൃത്തിദിവസങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ ആറ് ദിർഹമാണ് ഈടാക്കുക.
പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെയും വൈകീട്ട് അഞ്ചു മുതൽ അടുത്ത ദിവസം പുലർച്ച രണ്ടു വരെയും നാല് ദിർഹമായിരിക്കും. റമദാനിൽ പുലർച്ച രണ്ടു മുതൽ ഏഴാണ് സൗജന്യം. റമദാനിലെ ഞായറാഴ്ചകളിൽ രാവിലെ ഏഴു മുതൽ പുലർച്ച രണ്ടുവരെ നാല് ദിർഹമായിരിക്കും.
അൽ സഫയിലെയും അൽ മംസാറിലെയും നോർത്ത്, സൗത്ത് ടോൾ ഗേറ്റുകൾ വഴി ഒരു മണിക്കൂറിനിടയിൽ കടക്കുന്ന വാഹനങ്ങളിൽ നിന്ന് ഒരിക്കൽ മാത്രമേ ടോൾ ഈടാക്കൂ എന്ന പതിവിന് മാറ്റമുണ്ടാകില്ല.
മാർച്ച് അവസാനത്തിൽ പാർക്കിങ് സംവിധാനത്തിലും സമാനമായ നിരക്ക് മാറ്റമുണ്ടാകും. തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിങ് കേന്ദ്രങ്ങളിൽ മണിക്കൂറിന് ആറുദിർഹമായും, മറ്റിടങ്ങൾ നാല് ദിർഹമായും പാർക്കിങ് നിരക്ക് ഉയരും.
വേൾഡ് ട്രേഡ് സെന്റർ ഉൾപ്പെടെ പ്രധാനപരിപാടികൾ നടക്കുന്ന മേഖലയിലെ പാർക്കിങ് സോണുകളിൽ തിരക്കേറുന്ന സമയത്ത് മണിക്കൂറിൽ 25 ദിർഹമായും പാർക്കിങ് നിരക്ക് ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.