ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (ഫയല്‍ ഫോട്ടോ)

സ്മൃതിപഥങ്ങളില്‍ ശൈഖ് സഖര്‍

അറുപതാണ്ടുകള്‍ തുടര്‍ച്ചയായി റാസല്‍ഖൈമയുടെ ഭരണചക്രം തിരിച്ച ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വിയോഗത്തിന് 14 വര്‍ഷം പൂര്‍ത്തിയാകുന്നു. നിലവില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയെ 2003ല്‍ കിരീടവകാശിയായി പ്രഖ്യാപിച്ച ശൈഖ് സഖര്‍ 2010 ഒക്ടോബര്‍ 27നാണ് അന്തരിച്ചത്.

28ാമത്തെ വയസ്സില്‍ 1948 ഫെബ്രുവരി 12ന് ശൈഖ് സുല്‍ത്താന്‍ ബിന്‍ സാലിമിന്‍റെ നിര്യാണത്തോടെയാണ് രാജ്യഭാരം ശൈഖ് സഖറിന്‍റെ ചുമലിലായത്. 1740കളില്‍ ഒമാനിന്‍റെ ഉത്തരഭാഗം ഭരിച്ചിരുന്ന അല്‍ ഖാസിമി കുടുംബത്തില്‍ ചെന്ന് ചേരുന്നതാണ് ശൈഖ് സഖറിന്‍റെ കുടുംബ പരമ്പര. 1920ല്‍ റാസല്‍ഖൈമ പട്ടണത്തില്‍ ജനിച്ച ശൈഖ് സഖര്‍ പരമ്പരാഗത അറബ്-ഇസ്ലാമിക സംസ്കാരം മുറുകെപിടിച്ചാണ് വളര്‍ന്നത്. 1917-1919 കാലഘട്ടത്തില്‍ റാസല്‍ഖൈമ ഭരിച്ചിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ സാലിമായിരുന്നു പിതാവ്.

ശൈഖ് സഖര്‍ ശൈഖ്​ റാശിദ്​ സഈദ്​ ആൽ മക്​തൂമിനൊപ്പം (ഫയല്‍ ഫോട്ടോ)

രണ്ടാം ലോക മഹായുദ്ധാനന്തരം ലോകത്തെ ഗ്രസിച്ച സാമ്പത്തികവും അനുബന്ധ പ്രയാസങ്ങളും കരിനിഴല്‍വീഴ്ത്തിയ ഘട്ടത്തിലാണ് ശൈഖ് സഖര്‍ റാസല്‍ഖൈമയുടെ സാരഥ്യം ഏറ്റടെുക്കുന്നത്. ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നയതന്ത്രബന്ധങ്ങള്‍ സുശക്തമാക്കുന്നതായിരുന്നു പ്രഥമ ഭരണനടപടി. സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് പ്ര​ത്യേക ശ്രദ്ധ ചെലുത്തിയ ശൈഖ് സഖര്‍ ദേശീയ ഐക്യത്തിനും രാജ്യത്തിന്‍റെ പൈതൃകങ്ങളും തനത് സംസ്കാരവും നിലനിര്‍ത്തുന്നതിനും ഊന്നല്‍ നല്‍കി. റാസല്‍ഖൈമയെ യു.എ.ഇ ഫെഡറേഷനൊപ്പം ചേര്‍ക്കുന്നതിനും ശൈഖ് സഖര്‍ നടപടി കൈക്കൊണ്ടു. 1971ല്‍ രൂപീകൃതമായ യു.എ.ഇക്കൊപ്പം 1972 ഫെബ്രുവരി 10ന് റാസല്‍ഖൈമ കൂടി ചേര്‍ന്നതോടെയാണ് രാജ്യം മഴവില്‍ വര്‍ണമണിഞ്ഞത്.

ഭരണത്തിലേറിയ ആദ്യ നാളുകളില്‍ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ പ്രത്യേകം കമ്മിറ്റികള്‍ രൂപവത്കരിച്ചു. വിദ്യാഭ്യാസ രംഗത്ത് ശൈഖ് സഖര്‍ നല്‍കിയ പ്രോല്‍സാഹനങ്ങള്‍ രാജ്യ തലസ്ഥാനമായ അബൂദബി തുടങ്ങി വിവിധ എമിറേറ്റുകളില്‍ സുപ്രധാന പദവികളലങ്കരിക്കാന്‍ റാസല്‍ഖൈമയിലെ ജനങ്ങളെ പ്രാപ്തരാക്കി. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ 1960ല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സബ്സിഡി ഏര്‍പ്പെടുത്തിയ ശൈഖ് സഖര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സ്വന്തം പണം ചെലവഴിച്ചു. 1960ല്‍ ഖത്തര്‍, കുവൈത്ത്, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി സഹകരിച്ച് തുടങ്ങിയ വിദ്യാഭ്യാസ സംരംഭങ്ങള്‍ 1969ല്‍ 27 സ്കൂളുകളായി വളര്‍ന്നു. 1999 ജൂലൈ അഞ്ചിന് അല്‍ ഇത്തിഹാദ് സര്‍വകലാശാല തുടങ്ങിയത് വിദ്യാഭ്യാസ രംഗത്തെ മറ്റൊരു നാഴികക്കല്ലായി. 2006 ഫെബ്രുവരി 18ന് 1.5 ശതകോടി ദിര്‍ഹം ചെലവില്‍ റാക് എജുക്കേഷന്‍ സ്ഥാപനത്തിനും തുടക്കമിട്ടു.

കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ശൈഖ് സഖര്‍ കൈകൊണ്ട ഭരണ നടപടികള്‍ യു.എ.ഇയില്‍ ഫുജൈറ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൃഷി നിലങ്ങളുള്ള എമിറേറ്റായി റാസല്‍ഖൈമയെ വളര്‍ത്തി. 1987 ഏപ്രില്‍ 15ന് വാദി അല്‍ഗോറില്‍ ഡാം നിര്‍മാണത്തിന് ഉത്തരവിട്ടു. ഇത് കൃഷി പരിചരണത്തിന്‍റെ മുതല്‍കൂട്ടായി. നിലവില്‍ അര ഡസനിലേറെ ഡാമുകള്‍ റാസല്‍ഖൈമയിലുണ്ട്. 1986ല്‍ അല്‍ ഹംറാനിയ കേന്ദ്രീകരിച്ച് കൃഷി ഗവേഷണ കേന്ദ്രവും സ്ഥാപിച്ചു. പബ്ളിക് ആശുപത്രി സ്ഥാപിച്ച് ആരോഗ്യ മേഖലയില്‍ വിപ്ളവകരമായ ചുവടു വെക്കാന്‍ ശൈഖ് സഖറിന് കഴിഞ്ഞു. ദുബൈ കഴിഞ്ഞാല്‍ യു.എ.ഇയില്‍ രണ്ടാമതായി പൊതു ആശുപത്രി സ്ഥാപിച്ചത് റാസല്‍ഖൈമയില്‍ ശൈഖ് സഖറാണ്. വിദേശ രാജ്യങ്ങളിലേക്ക് വരെ മരുന്ന് കയറ്റി അയക്കുന്ന റാസല്‍ഖൈമയുടെ അഭിമാന സ്ഥാപനമായ ഗള്‍ഫ് മെഡിക്കല്‍ ഇന്‍ഡസ്ട്രീസിന്‍റെ (ജുല്‍ഫാര്‍) പിറവിയിലും ശൈഖ് സഖറിന്‍റെ കൈയൊപ്പുണ്ട്. റാസല്‍ഖൈ-ഷാര്‍ജ റോഡ് നിര്‍മാണം, റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയിലൂടെ കര-വ്യോമയാന ഗതാഗത സൗകര്യത്തിനായും ശൈഖ് സഖര്‍ നിലകൊണ്ടു. 850 മില്യന്‍ ദിര്‍ഹം മുതല്‍ മുടക്കി 2006ല്‍ റാക് എയര്‍വെയ്സ് തുടങ്ങുന്നതിന് നടപടിയെടുത്ത ഇദ്ദഹേം 2007ല്‍ സ്വതന്ത്ര പൊതു സ്ഥാപനമായി റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കും തുടക്കമിട്ടു.

കോര്‍ക്വെയര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച് സിമന്‍റ് വ്യവസായത്തിന് പ്രോല്‍സാഹനം നല്‍കിയ നടപടി റാസല്‍ഖൈമയുടെ സാമ്പത്തിക ഭദ്രതക്ക് വഴി തുറന്നു. ഇന്‍റര്‍നാഷനല്‍ പെട്രോളിയം ലിമിറ്റഡ്, റാക് ഓയില്‍ കമ്പനി, ഗള്‍ഫ് ഓയില്‍ കോര്‍പറേഷന്‍, അമൊകൊ ഇന്‍റര്‍നാഷനല്‍, റാക് സിമന്‍റ്, റാക് പോര്‍ട്ട്, പവര്‍ സ്റ്റേഷനുകള്‍, ദിഗ്ദാഗ ഡയറി ഫാം, റാക് എക്സ്പൊ സെന്‍റര്‍, റാക് റേഡിയോ ആന്‍റ് ബ്രോഡ്കാസ്റ്റിങ്​ കോര്‍പറേഷന്‍, ഫ്രീ ട്രേഡ് സോണ്‍, സ്റ്റഡീസ് ആന്‍റ് ഡോക്യൂമെന്‍റ് സെന്‍റര്‍ ഓഫ് റാസല്‍ഖൈമ, റാസല്‍ഖൈമ നാഷനല്‍ മ്യൂസിയം, റാസല്‍ഖൈമ ഹെറിറ്റജേ് മ്യൂസിയം, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ശൈഖ് സഖര്‍ പ്രോഗ്രാം ഫോര്‍ ഗവ. എക്സലന്‍സ്, ജലശുദ്ധീകരണ പ്ളാന്‍റ്, സ്വന്തം ചെലവില്‍ പഴയ വീടുകളുടെ പുനര്‍ നിര്‍മാണം, റാക് ചാരിറ്റി ഓര്‍ഗനൈസേഷന്‍റെ രൂപവത്കരണം തുടങ്ങിയവയും ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഭരണ മികവിന്‍റെ നേര്‍ ചിത്രങ്ങളാണ്.

ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിലവിലെ റാക് ഭരണാധിപന്‍ ശൈഖ് സഊദിനൊപ്പം (ഫയല്‍ ഫോട്ടോ)

1998ല്‍ പക്ഷികളെ വേട്ടയാടുന്നത്​ നിരോധിച്ച് ഉത്തരവിട്ടതിലൂടെ ശൈഖ് സഖര്‍ പ്രകൃതി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയും വരച്ചുകാട്ടി. 1988ല്‍ നിലവിലെ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ കീഴില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. 2005ല്‍ റാക് റിയല്‍ എസ്റ്റേറ്റ് കമ്പനി, റാക് ഇന്‍വെസ്റ്റ് അതോറിറ്റി എന്നിവയിലൂടെ ആധുനിക റാസല്‍ഖൈമയുടെ വ്യവസായിക വളര്‍ച്ചക്ക് കൂടി തുടക്കമിട്ടാണ് പ്രിയ ഭരണാധിപന്‍ ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇഹലോകവാസം വെടിഞ്ഞത്.

Tags:    
News Summary - Saqr bin Mohammed Al Qasimi Death Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.