ദുബൈ: രാജ്യത്തുടനീളം സ്കൂളുകളിൽ ഭക്ഷണം പാഴാക്കുന്നത് തടയാൻ യു.എ.ഇ പരിസ്ഥിതി ടാസ്ക് ഫോഴ്സ് പദ്ധതി ഒരുക്കുന്നു.വിദ്യാർഥികളെയും സ്കൂൾ ജീവനക്കാരെയും ബോധവത്കരിച്ച് ഭക്ഷണം പാഴാക്കുന്നത് പൂർണമായും കുറച്ചുകൊണ്ടുവരുകയും ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച സാമൂഹികാവബോധം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. എന്നാൽ, എപ്പോഴാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
യു.എ.ഇ എൻവയൺമെന്റൽ ആൻഡ് മുനിസിപ്പൽ വർക്ക് കൗൺസിലിന്റെ രണ്ടാമത് യോഗത്തിലാണ് പദ്ധതി സംബന്ധിച്ച് തീരുമാനമായത്. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രിയും ഭക്ഷ്യസുരക്ഷ സഹമന്ത്രിയുമായ മർയം അൽ മുഹൈരിയാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റും പരിസ്ഥിതി മന്ത്രാലയവും ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.
മാലിന്യമുക്ത വിദ്യാലയങ്ങൾ എന്ന പദ്ധതിയിലൂടെ വിവിധ വിഭാഗങ്ങൾക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിന് പ്രവർത്തിക്കുമെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ ഖാസിം പറഞ്ഞു. എല്ലാ പ്രധാന മേഖലകളിലും പരിസ്ഥിതി സുസ്ഥിരത ലക്ഷ്യമിടുന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിന് അനുസരിച്ചാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യ സംസ്കരണ വഴികൾ സംബന്ധിച്ച് വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും പദ്ധതിയിൽ ഉൾപ്പെടുത്തി വർക്ഷോപ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഭക്ഷണം പാഴാക്കുന്നത് ആഗോള തലത്തിൽതന്നെ വലിയ വെല്ലുവിളിയാണെന്നും ഉൽപാദിപ്പിക്കപ്പെടുന്നതിന്റെ 30 ശതമാനം മാലിന്യമായി മാറുന്ന സാഹചര്യമുണ്ടെന്നും മന്ത്രി മർയം അൽ മുഹൈരി പ്രസ്താവിച്ചു. കഴിഞ്ഞ മാർച്ചിൽ നിലവിലെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഭക്ഷണം പാഴാക്കലിനെതിരെ ദേശീയതല കാമ്പയിന് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.