അബൂദബി: ശൈത്യകാല അവധി അവസാനിച്ച് സ്കൂളുകൾ തുറന്നു. അതേസമയം, തണുത്ത കാലാവസ്ഥ തുടരുന്നതിനാൽ ആരോഗ്യപരമായ ശ്രദ്ധ അനിവാര്യമാണെന്ന് അധികൃതർ ഓർമപ്പെടുത്തി. പൊതുവേ, തണുപ്പുകാല രോഗങ്ങൾ പലരിലും കാണുന്നുണ്ട്. ആശുപത്രികളിൽ എത്തുന്ന അധികം പേർക്കും പനി, ചുമ, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളാണുള്ളത്. തണുത്ത അന്തരീക്ഷമായതിനാൽ കുട്ടികളിൽ കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ കുട്ടികളെ സ്കൂളുകളിൽ വിടരുതെന്ന് അധികൃതർ നേരത്തേ നിർദേശം നൽകിയിരുന്നു. രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിച്ചും ശുചിത്വം പാലിച്ചും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെയും ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പകർച്ചപ്പനിയെ പ്രതിരോധിച്ചുനിർത്താമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. തണുത്ത ഭക്ഷണവും വെള്ളവും പൂർണമായും ഒഴിവാക്കിയും കൃത്യമായി ആഹാരം കഴിച്ചും മതിയായ വിശ്രമമെടുത്തും ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിച്ചും ആരോഗ്യ ശ്രദ്ധ പുലർത്താം.
ശൈത്യകാലത്ത് കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ. ശൈത്യകാലം ആരംഭിച്ചപ്പോൾ തന്നെ രാജ്യത്ത് പകർച്ചപ്പനിയും കടുത്ത ചുമയും പടർന്നിരുന്നു. പകർച്ചപ്പനി കുട്ടികളിലാണ് (ഇൻഫ്ലുവൻസ) വ്യാപകമായത്. മുതിർന്നവരിൽ കടുത്ത ചുമയും കഫക്കെട്ടുമുണ്ട്. ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരിൽ ഇൻഫ്ലുവൻസ എ, ബി, റെസ്പിറേറ്ററി സെൻസേഷനൽ വൈറസ് (ആർ.എസ്.വി) തുടങ്ങിയ വൈറസുകൾ കൂടുതൽ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ദിവസങ്ങൾ നീളുന്ന ശക്തമായ പനി, ജലദോഷം, തലവേദന, തലകറക്കം, തുമ്മൽ, വിശപ്പില്ലായ്മ, ശരീരവേദന, കഫക്കെട്ട്, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷങ്ങളാണ് രോഗബാധിതരിൽ കാണുന്നത്. ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് പകർച്ചപ്പനിയും ചുമയും സ്ഥിതി കൂടുതൽ ഗുരുതരമാക്കും. പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആകുന്നവരുമുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങളും മാസ്ക് ധരിച്ചിരുന്നതുമെല്ലാം കഴിഞ്ഞ വർഷങ്ങളിൽ പകർച്ചപ്പനി വ്യാപിക്കുന്നതിൽ കുറവ് വരുത്തിയിരുന്നു. അസുഖം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര ചികിത്സ തേടലാണ് പ്രധാനമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഫ്ലൂ വാക്സിൻ ലഭിക്കും. അഞ്ചുവയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവർ, ഭിന്നശേഷിക്കാർ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവർക്ക് വാക്സിൻ സൗജന്യമാണ്. അല്ലാത്തവർക്ക് 50 ദിർഹമാണ് ഫീസ്. ആറുമാസത്തിനു മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പെടുക്കാം.
ഒമ്പതുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് നാല് ആഴ്ചയുടെ ഇടയിൽ രണ്ട് ഡോസ് എടുക്കാം. ശ്വാസതടസ്സം, ആസ്മ പോലുള്ള രോഗങ്ങളുള്ളവർ ഫ്ലൂ വാക്സിൻ എടുത്ത് രോഗം ഗുരുതരമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. ആറു മാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ശൈത്യകാലത്തിനു മുമ്പായി വാക്സിൻ സ്വീകരിക്കണമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധർ നൽകിയിരുന്നു. ഇത് ഒരു പരിധിവരെ ശൈത്യകാല രോഗങ്ങൾക്കെതിെര പ്രതിരോധം തീർക്കും. കോവിഡാനന്തരം കൂടുതൽ കുട്ടികൾ രോഗലക്ഷണങ്ങൾ കാണിക്കുന്നത് വ്യാപകമായിട്ടുണ്ട്. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികളിൽ കാണുന്നത്. കാലാവസ്ഥ വ്യതിയാനം ശാരീരിക അസ്വസ്ഥതകൾക്കു കാരണമാകുന്നത് സാധാരണമാണ്. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടത് നിർബന്ധമാണ്.
ആരോഗ്യ ശ്രദ്ധ അനിവാര്യം
ശൈത്യകാലത്തെ രോഗമായ ഇൻഫ്ലുവൻസയിൽ ജാഗ്രതവേണം
അസുഖം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായ ചികിത്സ തേടണം
ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരിൽ
രോഗ ലക്ഷണങ്ങൾ കണ്ടാൽ കുട്ടികളെ സ്കൂളുകളിൽ വിടരുത്
രോഗ ലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.