ദുബൈ: വാട്സ്ആപ് ഡെലിവറി സർവിസ് വഴി നിരോധിത മരുന്നുകൾ വിൽപന നടത്താൻ ശ്രമിച്ചെന്ന് സംശയിക്കുന്ന 280 പേരെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക സുരക്ഷ കേന്ദ്രവുമായി സഹകരിച്ച് കഴിഞ്ഞ ജൂണിനും ഡിസംബറിനും ഇടയിൽ നടത്തിയ കുറ്റകൃത്യവിരുദ്ധ കാമ്പയിനിലാണ് പ്രതികൾ പിടിയിലായത്. വേദനസംഹാരികൾ, ഹഷീഷ്, ക്രിസ്റ്റൽ മെത്ത് തുടങ്ങിയ നിരോധിത മരുന്നുകളുടെ വിൽപന പ്രോത്സാഹിപ്പിക്കാനായി ഉപഭോക്താക്കൾക്ക് പ്രതികൾ വാട്സ്ആപ് വഴി മെസേജുകൾ അയക്കുകയാണ് പതിവ്. വിൽപന ഉറപ്പിച്ചുകഴിഞ്ഞാൽ ആവശ്യക്കാർ ബാങ്ക് വഴി പണം കൈമാറണം. തുടർന്ന് വിജനമായ സ്ഥലത്ത് കുഴിച്ചിടുന്ന മരുന്നുകളുടെ ജി.പി.എസ് ലൊക്കേഷൻ പ്രതികൾ ആവശ്യക്കാർക്ക് അയച്ചുനൽകുകയാണ് ചെയ്തിരുന്നതെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ മേജർ ജനറൽ ഈദ് താനി ഹരീബ് പറഞ്ഞു.
ആവശ്യക്കാരല്ലാത്തവരിലേക്കും മെസേജുകൾ അയച്ചിരുന്നു. പൊതുജനങ്ങളെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതാണിത്. കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ നടത്തിയ കാമ്പയിനിലൂടെ പിടികൂടിയത് 118 കിലോ നിരോധിത മരുന്നുകളാണ്.ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടാത്തതിനാൽ പ്രതികളെ കണ്ടെത്തുക ഏറെ വെല്ലുവിളിയായിരുന്നു. സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ വിശകലനംചെയ്താണ് ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ചവരെ കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ട് തുറക്കാനായി തൊഴിലാളികളുടെയും കുട്ടികളുടെയും എമിറേറ്റ്സ് ഐഡിയാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് സംശയകരമായ 810 ബാങ്ക് അക്കൗണ്ടുകളാണ് സാമ്പത്തികസുരക്ഷ സെന്റർ തിരിച്ചറിഞ്ഞത്. ഇവയെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. 4560 പേരുടെ ബാങ്ക് നിക്ഷേപങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില രക്ഷിതാക്കൾ മരുന്നുകൾ വാങ്ങുന്നതിനായി പണം കൈമാറാൻ കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജൂണിനും ഡിസംബറിനും ഇടയിൽ മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 600 വാട്സ്ആപ് അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്. വിൽപനക്കാർ മരുന്നുനിർമാണത്തിന് സ്പെഷലിസ്റ്റുകളായ കെമിസ്റ്റുകളെയും ഇവ രഹസ്യമായി കടത്തുന്നതിനായി ടെക്കികളെയുമാണ് ഇവർ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.