ദുബൈ: ഇന്ത്യയും യു.എ.ഇയും ഫെബ്രുവരിയിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിനെത്തുടർന്ന് (സെപ) ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരത്തിൽ കുതിപ്പ്. മേയ് ആദ്യത്തിൽ കരാർ നിലവിൽ വന്നശേഷം നടന്ന രണ്ടുമാസത്തെ വ്യാപാര റിപ്പോർട്ടിലാണ് വളർച്ച രേഖപ്പെടുത്തിയത്. ഈ കാലയളവിൽ യു.എ.ഇയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 65 ശതമാനം വർധിച്ച് 910 കോടി ഡോളറിലെത്തി. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി 16 ശതമാനം വർധിച്ച് 527 കോടി ഡോളറായി.
ഇന്ത്യയിലേക്ക് കയറ്റുമതി വർധിച്ച പ്രധാന ഇനങ്ങൾ ക്രൂഡ്ഓയിലും സ്വർണവുമാണ്. സൗന്ദര്യവർധക വസ്തുക്കൾ, അവശ്യ എണ്ണകൾ, വാഹനങ്ങൾ, പുകയില ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്തത്. കരാറിന്റെ ആദ്യഘട്ടത്തിൽതന്നെ വളർച്ചയുണ്ടായ സാഹചര്യത്തിൽ അടുത്ത മാസങ്ങളിലും വലിയ പ്രതീക്ഷയാണ് വ്യപാര മേഖലയിലുള്ളവർ പങ്കുവെക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിയിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ.
യു.എ.ഇയിൽനിന്ന് മേയിൽ മാത്രം 490 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്. ഇതിൽ 290 കോടിയും എണ്ണ ഇറക്കുമതിയായിരുന്നു. ഓട്ടോമൊബൈൽ ഉൽപന്നങ്ങളുടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി രണ്ടുമാസത്തിനിടെ 192 ശതമാനമാണ് വർധിച്ചത്. പാദരക്ഷകളുടെ കയറ്റുമതി 73 ശതമാനവും രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 33 ശതമാനം, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടേത് 50 ശതമാനം, റെഡിമെയ്ഡ് തുണിത്തരങ്ങൾ 42 ശതമാനം എന്നിങ്ങനെയും വർധിച്ചു.
രണ്ടുമാസത്തെ വ്യാപാരത്തിലെ വർധന 'സെപ'യുടെ മൂല്യം വ്യക്തമാക്കുന്നതാണെന്ന് യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സയൂദി ട്വിറ്ററിൽ കുറിച്ചു. കരാർ വേഗത്തിലുള്ളതും സുസ്ഥിരവുമായ വളർച്ചക്ക് ഉതകുന്ന തരത്തിലാണ് രൂപകൽപന ചെയ്തതെന്നും ഇതൊരു തുടക്കംമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിലവിലെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഓൺലൈൻ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഫെബ്രുവരി 19ന് ഡൽഹിയിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചത്. അഞ്ചുവർഷത്തിനകം ഉഭയകക്ഷി വ്യാപാരം 6000 കോടി ഡോളറിൽനിന്ന് 10,000 കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.