ഷാർജ: 30.8 കോടി നിക്ഷേപത്തിൽ ഷാർജയിൽ മൂന്ന് മരുന്ന് ഫാക്ടറികൾ നിർമിക്കുന്നു. ഷാർജ റിസർച്ച്, ടെക്നോളജി, ഇന്നവേഷൻ പാർക്കിൽ നടന്ന ഇന്റർനാഷനൽ ഫാർമസി ആൻഡ് മെഡിസിൻ കോൺഫറൻസിലാണ് പുതിയ ഫാക്ടറികൾ നിർമിക്കുന്നതിനുള്ള പങ്കാളിത്തത്തിൽ ഒപ്പുവെച്ചത്.
ശ്വസനത്തിന് സഹായിക്കുന്ന ഉൽപന്നങ്ങൾ, കണ്ണിൽ ഉപയോഗിക്കുന്ന തുള്ളിമരുന്ന്, ആന്റിബയോട്ടിക് ക്യാപ്സ്യൂളുകൾ, പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ ഉൽപാദിപ്പിക്കുന്നതായിരിക്കും ഫാക്ടറികൾ. അടുത്തവർഷം അവസാനത്തോടെ ഫാക്ടറികളുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാർജയിൽ നിലവിലുള്ള ഫാർമസ്യൂട്ടിക്കൽ പ്ലാന്റിന്റെ ഭാഗമായായിരിക്കും പുതിയ സൗകര്യങ്ങൾ നിർമിക്കുന്നത്.
മരുന്ന് നിർമാണരംഗത്ത് ആഗോളതലത്തിലെ കമ്പനികളും യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാക്ടറികളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതാണ് കരാറുകളെന്ന് ഇന്റർനാഷനൽ ഫാർമസി ആൻഡ് മെഡിസിൻ കോൺഫറൻസിന്റെ സംഘാടക സമിതി ചെയർമാൻ ഡോ. മുനീർ റയ്യാൻ പറഞ്ഞു.
ഫാർമസ്യൂട്ടിക്കൽ രംഗത്ത് രാജ്യത്തിന്റെ വർധിച്ചുവരുന്ന പങ്കിനെയും ആരോഗ്യമേഖലയിൽ ആഗോളതലത്തിൽതന്നെ മുന്നേറാനുള്ള കഴിവിനെയും പുതിയ ഫാക്ടറികൾ സൂചിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.4.4 കോടി ഡോളർ മുതൽമുടക്കിൽ നിർമിക്കുന്ന ഫാക്ടറിയിലാണ് കണ്ണിൽ ഉപയോഗിക്കുന്ന തുള്ളി മരുന്ന്, ശ്വസന ഉൽപന്നങ്ങൾ എന്നിവ നിർമിക്കുന്നത്. ഇതിന്റെ നിർമാണം 2026 അവസാനത്തോടെ പൂർത്തിയാകും.
10,000 ചതുരശ്ര അടി സ്ഥലത്ത് 3.5 കോടി ഡോളർ നിക്ഷേപത്തിൽ നിർമിക്കുന്ന രണ്ടാമത്തെ ഫാക്ടറിയിൽ ആൻറിബയോട്ടിക് ഗുളികകളും വയറിലേക്കുള്ള മരുന്നുകളും നിർമിക്കും. ഇതിന് പ്രതിവർഷം 60 കോടി ക്യാപ്സ്യൂളുകളുടെ ഉൽപാദനശേഷി ഉണ്ടായിരിക്കും. ഇതും 2026ൽ പ്രവർത്തനം ആരംഭിക്കും. 50 ലക്ഷം ഡോളർ വിലമതിക്കുന്ന മൂന്നാമത്തെ ഫാക്ടറി പ്രഥമ ശുശ്രൂഷ ഉൽപന്നങ്ങളാണ് നിർമിക്കുക. ഇതിന്റെ നിർമാണം ഈവർഷം അവസാനത്തോടെ ആരംഭിക്കുകയും അടുത്തവർഷം ആദ്യം പൂർത്തീകരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.