ഷാർജ: ഷാർജ ബുക് അതോറിറ്റിയുടെ പുതിയ ഡയറക്ടർ ബോർഡ് നിയമനത്തിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ശൈഖ ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിയാണ് ചെയർപേഴ്സൻ. പ്രാദേശികമായി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖരെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഹ്മദ് അൽ അമേരിയാണ് ഷാർജ ബുക് അതോറിറ്റി സി.ഇ.ഒ. എമിറേറ്റ്സ് എയർലൈൻസിന്റെ ഇന്റർനാഷനൽ അഫേഴ്സ് ഡിവിഷനൽ സീനിയർ വൈസ് പ്രസിഡന്റ് ശൈഖ് മാജിദ് അൽ മുല്ല, ഇത്തിസലാത്ത് നോർത്തേൺ എമിറേറ്റ് സി.ഇ.ഒ അബ്ദുൽ അസീസ് തര്യം, സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല അൽ ഖുവൈസ്, എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഇ.പി.എ) എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അൽ കൗസ്, യു.എ.ഇ ബോർഡ് ഓൺ ബുക്സ് ഫോർ യങ് പീപ്ൾ പ്രസിഡന്റും ഹൗസ് ഓഫ് വിസ്ഡം എക്സിക്യൂട്ടിവ് ഡയറക്ടറുമായ മർവ അൽ അഖ്റൂബി, ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ചെയർമാൻ ഡേ. അബ്ദുൽ അസീസ് അൽ മുസല്ലം എന്നിവരാണ് ബോർഡിലെ ഇമാറാത്തികൾ. പെൻഗ്വിൻ റാണ്ടം ഹൗസ് ഗ്ലോബൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ സി.ഇ.ഒയുമായ ഗൗരവ് ശ്രീനഗേഷ് ആണ് ഇന്ത്യയിൽ നിന്നുള്ള ബോർഡ് പ്രതിനിധി.
ഷാർജ ബുക് അതോറിറ്റിയുടെ വികസനവും പ്രവർത്തന മികവും ലക്ഷ്യമിട്ട് ഭരണപരവും ഘടനാപരവുമായ നിരവധി മാറ്റങ്ങൾ ബോർഡിൽ വരുത്തിയിട്ടുണ്ട്. കൂടുതൽ ഔദ്യോഗിക നടപടികളും ദീർഘവീക്ഷണങ്ങളും കൊണ്ടുവരുന്നതിലൂടെ ഷാർജ ബുക് അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭാവി വികസനത്തിനായി പിന്തുണക്കുകയാണ് ഡയറക്ടർ ബോർഡിന്റെ ചുമതല. അടുത്ത ഘട്ടം കൂടുതൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കുന്നതിന് സംഘടനയെ സഹായിക്കുകയും ചെയ്യും. അതോടൊപ്പം ദൈനംദിന പ്രവർത്തനങ്ങളിലും ബോർഡ് മേൽനോട്ടം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.