ഷാർജ: 41ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 12ാമത് പ്രസാധക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തോളം പ്രസാധകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഷാർജ എക്സ്പോ സെൻററിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ഇന്റർനാഷനൽ പബ്ലിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബുദൂർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
പ്രസാധക മേഖല വളരെ വലിയ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യമാണുള്ളതെന്നും ഏതെങ്കിലും ഒരു വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങൾ വിലയിരുത്തിയാൽ പരിഹാരം കാണാനാവില്ലെന്നും പുതിയ ശബ്ദങ്ങൾ കേൾക്കാൻ നാം സന്നദ്ധമാകണമെന്നും അവർ അഭിപ്രായപ്പെട്ടു. ഒരുമിച്ച് മുന്നേറാനും ഐക്യത്തോടെ മുന്നോട്ടുപോകാനും സാധിച്ചാൽ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാവുമെന്നും ബുദൂർ അൽ ഖാസിമി കൂട്ടിച്ചേർത്തു. ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരി ചടങ്ങിന് സ്വാഗതം പറഞ്ഞു.
92 രാജ്യങ്ങളിൽനിന്നായി 971 പ്രസാധകരാണ് ഇത്തവണ സമ്മേളനത്തിനെത്തിയത്. പുസ്തകങ്ങളുടെ പകർപ്പവകാശം വാങ്ങുകയും വിൽക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായി ഷാർജ പുസ്തകമേള മാറിയതിന്റെ പ്രതിഫലനമാണ് പ്രസാധകരുടെ ഉയർന്ന പങ്കാളിത്തം.
പ്രസാധക മേഖലയിലെ പുതിയ സാധ്യതകൾ ചർച്ചയാകുന്ന നിരവധി സംവാദങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. 33 പ്രഭാഷകരാണ് സമ്മേളനത്തിൽ സദസ്സുമായി സംവദിക്കുന്നത്.
പുസ്തകോത്സവത്തിലെ ഈ വർഷത്തെ അതിഥി രാജ്യമായ ഇറ്റലിയിലെ പുസ്തക വിപണി സംബന്ധിച്ച ചർച്ചയും ഡിജിറ്റൽ പുസ്തക വിപണിയിലെ സാധ്യതകളും ആദ്യദിനത്തിൽ ചർച്ചയായി.
പ്രസാധകർക്ക് പരസ്പരം പകർപ്പവകാശങ്ങളിൽ കരാറിലെത്താനും ചർച്ചകൾക്കും സമ്മേളനം വേദിയൊരുക്കുന്നുണ്ട്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.