ഷാര്‍ജ: ഷാര്‍ജ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ (സാസ്റ്റ്) എന്നിവ ഉള്‍പ്പെടുന്ന ഷാര്‍ജ വാനനിരീക്ഷണാലയം (എസ്.എ.ഒ) പുതിയ ആഗോള നേട്ടം കൈവരിച്ചു. ഇൻറര്‍നാഷനല്‍ ആസ്ട്രോണമിക്കല്‍ യൂനിയെൻറ (ഐ.എ.യു) മൈനര്‍ പ്ലാനറ്റ് സെൻറര്‍ (എം.പി.സി) അതിെൻറ വിശ്വാസയോഗ്യവും വിശ്വസനീയവുമായ അന്താരാഷ്ര്ട നിരീക്ഷണ പട്ടികയില്‍ ഷാര്‍ജ വാനനിരീക്ഷണ കേന്ദ്രത്തെ ഉള്‍പ്പെടുത്തി. ഷാര്‍ജ ഒബ്സര്‍വേറ്ററി എം 47 എന്ന നാമധേയമാണ് ചാര്‍ത്തിയിരിക്കുന്നത്.
ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ പൊതുവിജ്ഞാനം സമ്പുഷ്ടമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ശാസ്ത്രീയ ഭവനം എന്ന നിലയിലാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സാസ്റ്റ് സ്ഥാപിച്ചത്. ആഗോള തലങ്ങളില്‍ ശാസ്ത്രകേന്ദ്രമെന്ന നിലയില്‍ യു.എ.ഇയുടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഷാര്‍ജ ജ്യോതിശാസ്ത്ര നിരീക്ഷണാലയം ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുകയും ട്രാക്കുചെയ്യുകയും കണ്ടെത്തുകയും നിരന്തരമായ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും ഈ ഛിന്നഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ച് ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ അയക്കുകയും ചെയ്യുമെന്ന് ഷാര്‍ജ സര്‍വകലാശാല ചാന്‍സലറും സാസ്റ്റ് ജനറല്‍ ഡയറക്ടറും അറബ് യൂനിയന്‍ ഫോര്‍ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്രത്തിെൻറ പ്രസിഡൻറുമായ പ്രഫ. ഹമീദ് എം.കെ. അല്‍ നുഹൈമി പറഞ്ഞു.
ഷാര്‍ജ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിലെ ഒരു സംഘം അടുത്തിടെ നിരവധി രാത്രികളുടെ നിരീക്ഷണത്തെത്തുടര്‍ന്ന് കുറഞ്ഞ പ്രകാശത്തിലുള്ള ഏഴ് ഛിന്നഗ്രഹങ്ങള്‍ നിരീക്ഷിക്കുകയും ആകാശത്തിലെ അവയുടെ ചലനം വിശകലനം ചെയ്യുകയും അന്തിമ റിപ്പോര്‍ട്ട് എം.പി.സിക്ക് അയക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് അവലോകനം ചെയ്ത ശേഷം, എം.പി.സി ഷാര്‍ജ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന് അംഗീകാരം നല്‍കുകയും വിശ്വസനീയമായ ആഗോള നിരീക്ഷണ കേന്ദ്രങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുകയുമായിരുന്നു.
ശാസ്ത്രഗവേഷണ മേഖലകളുടെ സേവനത്തില്‍, സാസ്റ്റുമായി സഹകരിച്ച് ഷാര്‍ജ സര്‍വകലാശാല നിരവധി പുതിയ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിച്ചു. ബഹിരാകാശ ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും മാസ്റ്റര്‍ ഓഫ് സയന്‍സ്, ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, റിമോട്ട് സെന്‍സിങ് എന്നിവയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്, മാസ്റ്റര്‍ ഇന്‍ എയര്‍, സ്പേസ് ലോ പ്രോഗ്രാമുകള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികളുടെ അക്കാദമിക്, പ്രഫഷനല്‍ അറിവ് വർധിപ്പിക്കാനും ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം എന്നിവയില്‍ ആവശ്യമായ അനുഭവം നല്‍കാനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.