ഷാർജ: എമിറേറ്റിലെ റമദാൻ രാവുകൾക്ക് ആവേശം പകരുന്ന വാർഷിക പരിപാടിയായ ഷാർജ റമദാൻ നൈറ്റ്സിന്റെ 41ാമത് എഡിഷന് മികച്ച പ്രതികരണം. ഷാർജ എക്സ്പോ സെന്ററിൽ വെള്ളിയാഴ്ച തുടക്കമായ പരിപാടിയുടെ ആദ്യ ദിവസങ്ങളിൽതന്നെ നിരവധി സന്ദർശകരാണ് മേളയിലേക്ക് ഒഴുകിയെത്തിയത്.
ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ ഷാർജ എക്സ്പോ സെന്റർ സംഘടിപ്പിക്കുന്ന ‘റമദാൻ നൈറ്റ്സ് 2024’ൽ വിനോദ വിജ്ഞാന പരിപാടികൾക്കൊപ്പം മികച്ച ഷോപ്പിങ് അനുഭവംകൂടി സമ്മാനിക്കുന്ന തരത്തിലാണ് സംവിധാനിച്ചിരിക്കുന്നത്. 10,000ത്തിലധികം ഉൽപന്നങ്ങൾ 75 ശതമാനം വരെ വിലക്കുറവിൽ നൽകുന്നതോടൊപ്പം പ്രത്യേക സമ്മാനങ്ങളും പ്രമോഷനുകളും പ്രദർശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ എക്സ്പോ സെന്ററിന്റെയും ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. എക്സ്പോ സെന്റർ ഷാർജ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, ചേംബർ, എക്സ്പോ സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഷാർജ എക്സ്പോ സെന്റർ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ സുൽത്താൻ ഷത്താഫ് എന്നിവർ പങ്കെടുത്തു.
പരമ്പരാഗത വസ്ത്രങ്ങൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പാനീയങ്ങൾ, ജനപ്രിയ റമദാൻ വിഭവങ്ങൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. പ്രമുഖ ബ്രാൻഡുകൾ വമ്പൻ ഓഫറുകളുമായാണ് ഇത്തവണയെത്തിയിരിക്കുന്നത്. അറബ് പൈതൃകം വ്യക്തമാക്കുന്ന ഹെറിറ്റേജ് വില്ലേജും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
വൈവിധ്യമാർന്ന പൈതൃക പരിപാടികൾക്കും കലാപരിപാടികൾക്കും ഹെറിറ്റേജ് വില്ലേജ് വേദിയാകും. ഷാർജ റമദാൻ ഫെസ്റ്റിവലിന്റെ ഭാഗമായ പരിപാടി ഏപ്രിൽ 10 വരെയാണ് നടക്കുക. എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ പുലർച്ചെ ഒന്നു വരെയും ഈദുൽ ഫിത്ർ സമയത്ത് മൂന്നു മുതൽ 12 വരെയുമാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.