ദുബൈ: എമിറേറ്റിലെ ഭക്ഷ്യോൽപാദന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന 'ബുസ്താനിക്ക' ഫാം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു. ദുബൈ ആൽമക്തൂം ഇന്റർനാഷനൽ എയർപോർട്ടിന് സമീപത്തെ ഫാമിലെത്തിയ അദ്ദേഹം പ്രവർത്തനങ്ങൾ നേരിൽ വീക്ഷിച്ചു. ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിന് കാർഷിക പദ്ധതികളിൽ ഏറ്റവും പുതിയ സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിനനുസരിച്ചാണെന്ന് പിന്നീട് ട്വിറ്ററിൽ കുറിച്ചു.
എമിറേറ്റ്റ്സ് എയർലൈനിന് കീഴിലുള്ള എമിറേറ്റ്സ് ൈഫ്ലറ്റ് കാറ്ററിങ്ങിന്റെ (ഇ.കെ.എഫ്.സി) നേതൃത്വത്തിലാണ് മരുഭൂമിക്ക് നടുവിൽ ഫാം ഒരുക്കിയത്. ഈ ഫാമിലെ ഇലക്കറികളാണ് എമിറേറ്റ്സ് വിമാനത്തിലെ ഭക്ഷണങ്ങളോടൊപ്പം ഉപയോഗിക്കുന്നത്. ഇൻഡോർ ഫാമിങ്ങിലെ അതികായന്മാരായ ക്രോപ് വണുമായി ചേർന്നാണ് എമിറേറ്റ്സിന്റെ ഉദ്യമം. മൂന്ന് ഹെക്ടറിൽ വിശാലമായാണ് ഈ ഫാം.
വർഷത്തിൽ 1000 ടണ്ണിലേറെ ഇലക്കറികൾ ഇവിടെ ഉൽപാദിപ്പിക്കും. ലോകത്തിലെതന്നെ ഇത്തരത്തിലുള്ള വലിയ ഫാമാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ ഫാമിൽ മൂന്ന് നിലകളിലായി വിവിധതരം ഇലകൾ വിളയിച്ചെടുക്കുന്നുണ്ട്. ചീര, കാബേജ്, ചെഞ്ചീര തുടങ്ങിയവയാണ് കൂടുതലും. ഭാവിയിൽ പഴങ്ങളും പച്ചക്കറികളുമെല്ലാം ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.