അബൂദബി: വ്യാപാരരംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിന്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർത്തൃത്വത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാനാണ് സമ്മാനിച്ചത്.
ജനപ്രീതി, ഗുണനിലവാരം, വിശ്വാസ്യത എന്നിവ മുൻനിർത്തിയാണ് ലുലു ഹൈപ്പർമാർക്കറ്റിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. അബൂദബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ ലുലു ഗ്രുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ദുബൈ ഡയറക്ടർ ജയിംസ് വർഗീസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരടക്കം നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്മെന്റിന്റെ എക്സലൻസ് മോഡൽ അനുസരിച്ചുള്ള വ്യവസ്ഥകളും ഉപാധികളും പരിഗണിച്ച് നടത്തിയ കർശന പരിശോധനയിലാണ് ശൈഖ് ഖലീഫ എക്സലൻസ് അവാർഡ് നിശ്ചയിക്കുന്നത്. ശൈഖ് ഖലീഫ എക്സലൻസ് പുരസ്കാരം ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം.എ. അഷ്റഫ് അലി പറഞ്ഞു.
ഉപഭോക്താക്കളുടെ സ്വീകാര്യതയും ലുലു സഹപ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെയും പ്രതിഫലനമാണ് അഭിമാനാർഹമായ ഈ പുരസ്കാരമെന്ന് അദ്ദേഹം പറഞ്ഞു. അബൂദബി ഇസ്ലാമിക് ബാങ്ക്, ഇത്തിഹാദ് റെയിൽ, ട്രാൻസ് ഗാർഡ്, അൽ മസൂദ് ഓട്ടോമൊബൈൽസ്, അൽ വത്ത്ബ നാഷനൽ ഇൻഷുറൻസ് എന്നിവർക്കും എക്സലൻസ് പുരസ്കാരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.