1974ൽ ബോംബയില്‍നിന്ന് കപ്പല്‍മാര്‍ഗം ഏഴുദിവസത്തെ യാത്രക്കൊടുവിലാണ് തൃശൂര്‍ ചാവക്കാട് കടപ്പുറം ബുഖാറയില്‍ തക്യാവില്‍ കോയകുഞ്ഞി മകന് സാലിഹ് തങ്ങള്‍ യു.എ.ഇ തീരത്തെത്തുന്നത്. നാലുവര്‍ഷം ചെറിയ ജോലികള്‍ ചെയ്ത് കഴിഞ്ഞുകൂടിയ തങ്ങള്‍ക്ക് 78 ലാണ് അബൂദബി ഡിഫന്‍സില്‍ അവസരം ലഭിക്കുന്നത്. പെരിന്തല്‍മണ്ണ സ്വദേശി ഇബ്രാഹീം മാസ്റ്ററുടെ ശ്രമഫലമായാണ് തങ്ങള്‍ക്ക് ഈ ജോലി ലഭിക്കുന്നത്. ജുന്തി അഥവാ പട്ടാളക്കാരനായിട്ടായിരുന്നു നിയമനം. അബൂദബിയിലെ ഡിഫന്‍സിന് കീഴിലെ കെമിക്കല്‍ വാര് ഫെയര്‍ ഗ്രൂപ്പിലാണ് തങ്ങള്‍ക്ക് ജോലിചെയ്യേണ്ടിവന്നത്.
1992 ഡിസംബറിലുണ്ടായ ഒരു സംഘര്‍ഷം നിയന്ത്രിക്കുന്നതിൻ സാലിഹ് തങ്ങള്‍ അടക്കമുള്ള സംഘം അല്‍ ഐനിലേക്ക് നിയോഗിക്കപ്പെട്ടു. പ്രദേശം മുഴുവൻ പട്ടാളത്തിന്റെ ശക്തമായ നിയന്ത്രണത്തിലാണ്. വ്യാപകമായ പരിശോധനയും നടപടികളും നടന്നുകൊണ്ടിരുന്നു. പ്രദേശത്തേക്ക് ആരുവന്നാലും പരിശോധിക്കണം എന്നാണ് മുകളില്‍നിന്നുള്ള നിര്‍ദേശം. ഒരു ദിവസം വൈകുന്നേരം ആറോടെ പ്രദേശത്തേക്ക് ഡിഫന്‍സ് വിഭാഗത്തിന്റേതല്ലാത്ത സ്വകാര്യ മെഴ്സിഡസ് കാര്‍ കടന്നുവന്നു. ഗേറ്റില്‍ കാവല്‍ നില്‍ക്കുകയായിരുന്ന തങ്ങളോട് വാഹനം നിര്‍ത്തി പരിശോധിക്കാന്‍ സ്വദേശിയായ സീനിയര്‍ ഉദ്യോഗസ്ഥന് അഹമ്മദ് നഈമി നിര്‍ദേശം നല്കി. ഉത്തരവ് ശിരസ്സാവഹിച്ച് സാലിഹ് തങ്ങള്‍ വണ്ടിക്ക് കൈകാട്ടി. തങ്ങളുടെ മുന്നില്‍ നിര്‍ത്തിയ ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തി. ഉള്ളില്‍ കന്തൂറ ധരിച്ച സുന്ദരനായ ചെറുപ്പക്കാരന്. തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ സാലിഹ് തങ്ങള്‍ ആവശ്യപ്പെട്ടു. സൗമ്യതയോടെ അദ്ദേഹം നീട്ടിയ തിരിച്ചറിയല്‍ രേഖ തങ്ങള്‍ പരിശോധിച്ചു. പേര് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്. ഡിഫന്‍സിലെ ചീഫ് ഓഫ് സ്റ്റാഫ് ആയ ശൈഖ് മുഹമ്മദ്. വിറയാര്‍ന്ന കൈകളോടെ സലൂട്ട് നല്കി തങ്ങള്‍ തിരിച്ചറിയല്‍ രേഖ തിരികെ നല്കി. വാഹനം മുന്നോട്ടെടുക്കുന്നതിനുമുമ്പ് സാലിഹ് തങ്ങളുടെ തിരിച്ചറിയല്‍ നമ്പറും ശൈഖ് മുഹമ്മദ് ചോദിച്ച് വാങ്ങി. തന്റെ വിവരക്കേടുകൊണ്ട് കൈ കാണിക്കേണ്ടിവന്നതില് സ്വയം ശപിച്ച് തങ്ങള്‍ തരിച്ചു നിന്നുപോയി. ചീഫ് ഓഫിസര്‍ വന്ന വാഹനം അതിവേഗം കടന്നുപോയി. അമളി പറ്റിയ ഖേദത്തോടെ ക്യാബിനകത്ത് ഇരിക്കുന്ന തന്റെ മേലുദ്യോഗസ്ഥനായ അഹമ്മദ് നഈമിയോട് സംഭവം ധരിപ്പിച്ചു. അദ്ദേഹം ഉള്ളില്‍ ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന് നേരത്തേ അറിയാമായിരുന്നു വാഹനത്തില്‍ ശൈഖ് മുഹമ്മദാണെന്ന്. അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിന്റെ നമ്പറും അറിയുന്ന വ്യക്തിയായിരുന്നു അഹമ്മദ് നഈമി.
സാലിഹ് തങ്ങളെ പരീക്ഷിക്കാന്വേണ്ടിയായിരുന്നു വാഹനം തടയാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയത്. തങ്ങള്‍ ആകെ ആശങ്കയിലായി. തരക്കേടില്ലാത്ത ജോലി ലഭിച്ച് കുടുംബം കഷ്ടിച്ച് ജീവിച്ച് പോവുകയായിരുന്നു അക്കാലത്ത്. ഏകദേശം അര മണിക്കൂര്‍ പിന്നിടുമ്പോഴേക്കും തങ്ങള്‍ ജോലി ചെയ്യുന്ന ക്യാബിനിലേക്ക് ഒരു ഫോണ്‍ വന്നു. സാലിഹിനോട് ഓഫിസില്‍ ഹാജരാകാന്‍ പറഞ്ഞായിരുന്നു ആ കാള്‍. പാതി ജീവന് നഷ്ടപ്പെട്ട പോലെയായ തങ്ങള്‍ ആകെ വെപ്രാളപ്പെട്ടു. ഓഫിസിലേക്ക് തിരിക്കാന്‍ ഇറങ്ങിയ തങ്ങള്‍ ഒരു കച്ചിത്തുരുമ്പ് എന്ന നിലക്കാണ് ആ വെള്ളക്കടലാസ് കൈയില്‍ കരുതിയത്. പ്രദേശത്തേക്ക് ആര് കടന്നുവന്നാലും പരിശോധിക്കാതെ കടത്തിവിടരുതെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശമടങ്ങിയ സര്‍ക്കുലര്‍ ആയിരുന്നു അത്. നടന്നു നീങ്ങുമ്പോള്‍ ചൂടിന്റെ അകമ്പടിയോടെ വീശുന്ന മണല്‍ക്കാറ്റില്‍ ആ വെള്ളക്കടലാസ് മാത്രമല്ല ആലിലപോലെ തങ്ങളും വിറക്കുന്നുണ്ടായിരുന്നു. ജോലി നഷ്ടപ്പെടാം, അല്ലെങ്കില്‍ മറ്റു ശിക്ഷാ നടപടികളാകാം... ഏതാണ് വന്നെത്തുന്നത് എന്ന വേവലാതിയില്‍ സാലിഹ് തങ്ങള്‍ ഓഫിസിലേക്ക് നടന്നു.
അവിടത്തെ സുരക്ഷ ഭടന്റെ അനുമതി വാങ്ങി ഓഫിസിന്റെ അകത്തേക്ക് പ്രവേശിച്ചു. അപ്പോള്‍ അവിടെ തങ്ങളുടെ ക്യാമ്പ് ഓഫിസറായ മുഹമ്മദ് സാലിം കര്ദുസ് അല്‍ അംറിയും ഉണ്ടായിരുന്നു. അദ്ദേഹത്തെയും അങ്ങോട്ട് വിളിപ്പിച്ചതായിരുന്നു.
അഭിവാദ്യം ചെയ്ത ശേഷം താങ്കളാണോ ചീഫ് ഓഫിസറെ തടഞ്ഞത് എന്ന് അദ്ദേഹം അന്വേഷിച്ചു. തനിക്ക് ലഭിച്ച നിര്‍ദേശം അനുസരിച്ചതാണെന്ന് തങ്ങള്‍ വിനയത്തോടെ മറുപടി നല്കി. ചീഫ് ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യല്‍. ശൈഖിനെ അറിയില്ലേ എന്നതായി അടുത്ത ചോദ്യം. അറിയില്ലായിരുന്നു എന്ന് തങ്ങള്‍ സത്യസന്ധമായി മറുപടി നല്കി. എന്താണ് തടുക്കാന്‍ കാരണം എന്ന ചോദ്യത്തിന് കൈയില്‍ കരുതിയിരുന്ന സര്‍ക്കുലറിന്റെ കോപ്പി കാണിച്ചുകൊടുത്തു. ഇനി ആരുവന്നാലും തടയുമോ എന്ന ചോദ്യമായിരുന്നു അടുത്തത്. സിവില്‍ ഡ്രസില്‍ ആരുവന്നാലും തടയുമെന്ന് തങ്ങള്‍ മറുപടി നല്കി. ഇതോടെ, കസേരയില്‍ ഇരുന്ന ചീഫ് ഓഫിസര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് എഴുന്നേറ്റ് വന്ന് തങ്ങള്‍ക്ക് കൈകൊടുത്ത് അഭിനന്ദിച്ചു. തങ്ങളുടെ സത്യസന്ധതയെ പ്രശംസിച്ചതോടൊപ്പം 500 ദിര്‍ഹം പാരിതോഷികവും നല്കി. തോളില്‍ തട്ടി അവിടെ നിന്നും യാത്രയാക്കി.
നീണ്ട സർവിസിനൊടുവില് 1999ല്‍ സാലിഹ് തങ്ങള്‍ പ്രവാസത്തോട് വിട പറഞ്ഞു.
വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ നേരില്‍ കണ്ട, സംസാരിച്ച അഭിമാനപൂർവം നെഞ്ചില്‍ താലോലിച്ച ചീഫ് ഓഫിസര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡന്റ് ആയി അധികാരമേറ്റത് മനസ്സ് നിറയുന്ന സന്തോഷത്തോടെ നോക്കിക്കാണുകയാണ് സാലിഹ് തങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.