അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാനും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഖസർ അൽ ഷാതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ഇരുവരും ചർച്ച ചെയ്തു.
ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി വെടിനിർത്തൽ കരാർ കൊണ്ടുവരേണ്ടതിന്റെയും സംഘർഷം ലഘൂകരിക്കേണ്ടതിന്റെയും പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു. മേഖലയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനായി സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കേണ്ടതുണ്ടെന്നും രാഷ്ട്ര നേതാക്കൾ പറഞ്ഞു. ഖത്തറും യു.എ.ഇയും തമ്മിലുള്ള ദീർഘകാല ബന്ധവും കൂടുതൽ സഹകരണത്തിനുള്ള വഴികളും ഇരുവരും ആരാഞ്ഞു. ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേശകനുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരാണ് പ്രസിഡന്റ് ശൈഖ് മുഹമ്മദിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.