അബൂദബി: യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി നിയമിതനായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമിനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദിച്ചു.
അബൂദബിയിലെ ഖസ്ർ അൽ ശാത്തിയിൽ ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് അഭിനന്ദനം അറിയിച്ചത്. സൗഹാർദ സംഭാഷണത്തിൽ ഇരുവരും വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി.
പുതിയ ചുമതലകൾ ഏറ്റെടുത്ത ശൈഖ് ഹംദാന്‍ ജനങ്ങളെയും രാജ്യത്തെയും സേവിക്കുന്നതിലും അതിന്റെ വികസനത്തെ ത്വരിതപ്പെടുത്തുന്നതിലും വിജയമാശംസിക്കുകയും ചെയ്തു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും പങ്കെടുത്ത യോഗത്തിൽ ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളും യു.എ.ഇ പൗരന്മാരുടെ ക്ഷേമവും സംബന്ധിച്ച നിരവധി വിഷയങ്ങളും ചർച്ചയായി.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന് ശൈഖ് ഹംദാൻ നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.