ദുബൈ: ബാബാ സായിദും ബാബാ റാശിദും വെട്ടിത്തെളിച്ച നേർവഴികളിലൂടെ നടന്നു ശീലിച്ചവരാണ് ഇമാറാത്തികൾ. പൗരാണിക അറബ് പാരമ്പര്യത്തിന്‍റെ പെരുമക്കൊപ്പം സഹാനുഭൂതിയുടെ മഹിത സന്ദേശവും സമഭാവനയുടെ സ്നേഹവും സഹിഷ്ണുതയുടെ മൂല്യങ്ങളും ഉള്ളിൽ പേറുന്നവരാണവർ. ആലംബഹീനരെ ചേർത്തുപിടിക്കണമെന്ന പൂർവസൂരികളുടെ വാക്കുകൾ പിൻപറ്റി ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് മുഹമ്മദ് ബിൻ സായിദും ശൈഖ് സുൽത്താനും മുന്നിൽ നിന്ന് നയിക്കുമ്പോൾ ഇമാറാത്തി ജനതക്ക് ഇങ്ങനെയാവാതിരിക്കാൻ കഴിയില്ല. ആ സ്നേഹത്തിന്റെയും സൗഹൃദത്തിന്‍റെയും സമഭാവനയുടെയും പങ്കുപറ്റുന്നവരാണ് നാം പ്രവാസികൾ. അറബിക്കടൽ താണ്ടി അന്നം തേടിയെത്തിയവരെ അതിഥികളായി സൽക്കരിച്ച് അന്നമൂട്ടിയ യു.എ.ഇ പൗരൻമാർക്ക് പ്രവാസലോകത്തിന്‍റെ പേരിൽ ആദരമർപ്പിക്കുകയാണ് പ്രവാസജനതയുടെ മുഖപത്രമായ ഗൾഫ് മാധ്യമം 'ശുക്റൻ ഇമാറാത്തി'ലൂടെ. ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ 'കമോൺ കേരള' നാലാം എഡിഷന് മുന്നോടിയായി ജൂൺ 23നാണ് തെരഞ്ഞെടുക്കപ്പെട്ട ഇമാറാത്തി പൗരൻമാർക്ക് ഗൾഫ് മാധ്യമം ആദരമർപ്പിക്കുന്നത്. 50 സുവർണ വർഷങ്ങൾ പുൽകുന്ന ഈ നാടിന് സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യ നൽകുന്ന സ്നേഹാദരമായിരിക്കും 'ശുക്റൻ ഇമാറാത്ത്'.
സ്വപ്നങ്ങൾ കണ്ടു കൂട്ടാൻ മാത്രമല്ല, സഫലമാക്കിയെടുക്കാനുള്ളതാണെന്ന് പ്രവാസികളെ പഠിപ്പിക്കുകയും പ്രാവർത്തികമാക്കാൻ കൈത്താങ്ങൊരുക്കുകയും ചെയ്തവരാണ് യു.എ.ഇ പൗരൻമാർ. അഭയാർഥികളായെത്തിയവരെ സ്വന്തം സഹോദരങ്ങളായി കണ്ട് കൈപിടിച്ചുയ പൗരൻമാരെയാണ് 'ശുക്റൻ ഇമാറാത്തിൽ' പ്രധാനമായും ആദരിക്കുക. 'സ്പോൺസർ' എന്ന ഒറ്റവാക്കിലോ അർബാബ് എന്ന വിളിപ്പേരിലോ ഒതുക്കി നിർത്താവുന്ന ബന്ധമല്ല പ്രവാസികളും ഇമാറാത്തി ജനതയും തമ്മിലുള്ളത്. വ്യവസായ സൗഹാർദത്തിന്‍റെ പുതു വാതിലുകൾ പ്രവാസികൾക്ക് മുൻപിൽ തുറന്നിടുകയും ലാഭനഷ്ടം നോക്കാതെ സഹായമൊഴുക്കുകയും ചെയ്ത ഇമാറാത്തി പൗരൻമാർ ഷാർജ എക്സ്പോ സെന്‍ററിന്‍റെ വേദിയെ സമ്പന്നമാക്കും. അവരുടെ നൻമയുടെ കഥകൾ പറയാനും കാതോർത്ത് കേട്ടിരിക്കാനും പ്രവാസലോകം ഒന്നടങ്കം സദസിലും വേദിയിലുമുണ്ടാവും. പ്രൗഡമായ സദസിന് മുൻപിൽ ഇന്ത്യൻ ജനതയുടെ സ്നേഹസമ്മാനം ഇമാറാത്തിന്‍റെ പ്രതിനിധികൾക്ക് കൈമാറും. യു.എ.ഇയുടെ വികസനവഴിയിലും കലാ, കായിക, സാംസ്കാരിക, വാണിജ്യ, നയതന്ത്ര, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിലും സംഭാവന നൽകിയ പൗരൻമാരും ആദരിക്കപ്പെടും. ആദരമർപ്പിക്കാൻ മിഡ്ൽ ഈസ്റ്റിലെയും ഇന്ത്യയിലെയും പ്രമുഖർ വേദിയിൽ അണിനിരക്കും. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഒത്തുചേരലിന്‍റെയും ഓർമപങ്കുവെക്കലിന്‍റെയും വൈകാരിക മുഹൂർത്തങ്ങൾക്ക് വേദി സാക്ഷ്യം വഹിക്കും. യു.എ.ഇക്ക് ഇന്ത്യൻ സമൂഹം നൽകുന്ന ഏറ്റവും വലിയ അഭിവാദനമായി 'ശുക്റൻ ഇമാറാത്ത്' ചരിത്ര ലിപികളിൽ രേഖപ്പെടുത്തും.
വാനോളം ഉയരത്തിൽ നെടുങ്കനെ നിൽക്കുന്ന ബുർജ് ഖലീഫയേക്കാൾ മേലെയാണ് യു.എ.ഇ ഉയർത്തിയ സഹിഷ്ണുതയുടെ, സഹജീവി സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ പതാക. ആ പതാകയുടെ തണൽ ലോകത്തിനായി പങ്കുവെച്ചവരാണ് ഇവിടെയുള്ള ഇമാറാത്തികൾ. അവരുടെ സ്നേഹത്തിന്റെ കഥകൾ പറയാനില്ലാത്ത പ്രവാസികൾ കുറവായിരിക്കും. അഭയാർഥികളായെത്തിയവർക്ക് ജോലി നൽകിയവർ, കൂരയില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീടുവെച്ച് നൽകിയവർ, മക്കളെ കൈപിടിച്ചുയർത്തിയവർ, അവരുടെ വിവാഹം നടത്തിയവർ, ബിസിനസിൽ കൈത്താങ്ങായവർ, കടബാധ്യതകൾ ഏറ്റെടുത്തവർ, സംരംഭങ്ങൾ തുടങ്ങാൻ നിക്ഷേപമൊഴുക്കിയവർ, ജയിൽമോചനമൊരുക്കിയവർ, മലയാളത്തെ തൊട്ടറിയാൻ കേരളക്കരയിലെത്തിയവർ... അങ്ങിനെ ഇമാറാത്തികളുടെ സ്നേഹം ഏറ്റുവാങ്ങിയവരാണ് പ്രവാസികൾ. ഈ കഥകൾ ലോകത്തോട് പങ്കുവെക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ ?. അവർ ആദരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ?. എങ്കിൽ ഞങ്ങളെ വിളിക്കൂ (ഫോൺ: 0556699188). ആകാശമല്ല, അതിനുമപ്പുറത്താണ് അതിരുകൾ എന്ന് പ്രഖ്യാപിച്ച് മുന്നോട്ടു കുതിക്കുന്ന ഈ നാടിന്‍റെ പൗരൻമാരുടെ സ്നേഹത്തിന്റെ, കരുതലിന്‍റെ കഥകൾ 'ഗൾഫ് മാധ്യമ'ത്തിലൂടെ നിങ്ങൾക്ക് ലോകത്തെ അറിയിക്കാം. വരും ദിവസങ്ങളിൽ ഇവ വായനക്കാരുടെ മുൻപേലേക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.