ഷാർജ: കടൽക്കരയിൽ മണ്ണുകൊണ്ട് വീടുണ്ടാക്കുന്ന മലയാളി ബാലൻ. ആ വീട് പൂർത്തിയാക്കാൻ അവനെ സഹായിക്കുന്ന ഇമാറാത്തി ബാലനും. ദേശഭാഷാന്തരങ്ങൾക്കതീതമായി വർണ, വർഗ വിവേചനങ്ങളില്ലാതെ ലോകത്തെയൊന്നാകെ ചേർത്തുപിടിക്കുന്ന യു.എ.ഇയുടെ നന്മ മുഴുവനും ഒപ്പിയെടുക്കുന്നുണ്ട് ഈ ദൃശ്യം. ഈ മരുഭൂവിനെ സഹിഷ്ണുതയുടെ പറുദീസയാക്കി മാറ്റിയ, പ്രവാസത്തെ ചേർത്തണച്ച ഇമാറാത്തി പൗരൻമാർക്ക് കേരളത്തിന്‍റെ സ്നേഹസമ്മാനമായി ഗൾഫ് മാധ്യമം ഒരുക്കിയ 'ശുക്റൻ ഇമാറാത്ത്'പരിപാടിയുടെ തീം സോങ് തുടങ്ങുന്നത് ഈ ദൃശ്യത്തിൽ നിന്നാണ്. വീട്ടുജോലിക്കാരിയുടെ സങ്കടത്തിൽ സാന്ത്വനമാകുന്ന, മലയാളിയെ സംരംഭം തുടങ്ങാൻ സഹായിക്കുന്ന, സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറുന്ന ഈ നാടിന്‍റെ അസ്ഥിത്വവും സമ്പത്തുമായ പൗരന്മാരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്‍റെയും സമഭാവനയുടെയുമെല്ലാം സുന്ദരദൃശ്യങ്ങളാൽ സമ്പന്നമാണ് 'ശുക്റൻ ഇമാറാത്ത്' തീം സോങ്.
യു.എ.ഇ ജനത ഉള്ളിൽ പേറുന്ന പൗരാണിക അറബ് പാരമ്പര്യത്തിന്‍റെ പെരുമയും സഹാനുഭൂതിയുടെ മഹിത സന്ദേശവും സമഭാവനയുടെ സ്നേഹവും സഹിഷ്ണുതയുടെ മൂല്യങ്ങളുമെല്ലാം ഈ ഗാനത്തിന്‍റെ വരികളിൽ നിന്നും ദൃശ്യങ്ങളിൽ നിന്നും വായിച്ചെടുക്കാം. ദേശാന്തരങ്ങൾ താണ്ടിയെത്തിയവരെ സ്വപ്നം കാണാൻ പഠിപ്പിച്ച, അത് സഫലമാക്കാൻ വഴിതുറന്ന, വീണുപോകാതെ കൈകോർത്തുപിടിച്ച, സമ്പൽസമൃദ്ധിയിലേക്ക് കൈപിടിച്ചുയർത്തിയ ഈ നാടിന്‍റെ നന്മക്ക് നന്ദിവാക്യമോതുന്ന ഗാനം യു.എ.ഇക്ക് ഇന്ത്യൻ സമൂഹം നൽകുന്ന ഏറ്റവും വലിയ അഭിവാദനമായി മാറുകയാണ്.
ഡോ. അജ്മൽ മമ്പാടിന്‍റെ വരികൾക്ക് ഹസീബ് റസാഖും ജാസിം ജമാലും ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്. അക്ബർ ഖാൻ ആണ് ആലാപനം. ആശയവും ആവിഷ്കാരവും നിർവഹിച്ചിരിക്കുന്നത് ആർ.എസ്. ഷഹിൻഷായാണ്. കാമറ: ഷെഫിൻ എസ്. ഹമീദ്, നാസർ ടി. നാചി, എഡിറ്റിങ് & വി.എഫ്.എക്സ്- നജു വയനാട്, കളർ ഗ്രേഡിങ്-അജാസ് കരീം, മേക്കപ്പ്-സന്ധ്യ, പ്രൊഡക്ഷൻ കൺട്രോളർ-മുഹമ്മദ് ഫയാസ് തുടങ്ങിയവരാണ് അണിയറയിൽ.
ഹംദാൻ അലി റിന്ദ്, സാറാ അൽസെയ്ദി, മുഹമ്മദ് ഹസ്സൻ ഇമ്രാൻ, മഹദ്, മിൻഹാജ്, ഫസീല ഷാഹിദ്, അബ്ദുൽ അസീസ്, അഹമ്മദ് ബഷീർ മുഹമ്മദ്, അനിൽ ഇടത്തേടൻ, ശബ്നം, നിഹാൽ ഹമീദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇമാറാത്തികളുടെ കാരുണ്യത്തിന്‍റെ കഥകൾ പോലെ ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ഇനി ഒഴുകി നടക്കും ഈ സ്നേഹഗീതം...'ശുക്റൻ ഇമാറാത്ത്, ശുക്റൻ ഇമാറാത്ത്...'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.