ചുവന്ന ദ്വീപിലെ ജൈവ വിസ്മയങ്ങൾ

ചുവന്ന ദ്വീപിലെ ജൈവ വിസ്മയങ്ങൾ

 ഷാർജയുടെ ജൈവ കലവറയാണ് സർ ബുനയിർ ദ്വീപ്. സന്ദർശകരുടെ ഇഷ്ടതീരമായി ഇതുമാറാനുള്ള പ്രധാന കാരണം പ്രകൃതി എഴുതിവെച്ച അനേകം ജൈവ കാവ്യങ്ങളും അവക്ക് ഋതുക്കൾ തീർത്ത ഈണങ്ങളുമാണ്. ചുവന്ന ഭുപ്രകൃതിയിൽ സൂര്യൻ വരച്ചുവെക്കുന്ന പകലും നക്ഷത്രങ്ങൾ താണിറങ്ങി വന്ന് നെയ്തൊരുക്കുന്ന രാവും അപൂർവ്വ കാഴ്ച്ചകളുടെ കുടമാറ്റം തീർക്കുന്നു. മത്സ്യങ്ങളുടെ ഇലഞ്ഞിത്തറ മേളത്തിൽ പക്ഷികളുടെ ചിറകടി പെരുകുന്നു. കടലാമകളുടെ പറുദീസയിലേക്ക് വടക്കൻ കാറ്റിന്‍റെ നുപുരമുണരുന്നു. അപൂര്‍വ്വയിനം ജീവികളുടെ സുരക്ഷിത കേന്ദ്രമായ സർ ബുനയിർ ഐലന്‍ഡ് പേര്‍ഷ്യൻ ഗള്‍ഫിൽ ഉള്‍പ്പെടുന്ന ഷാർജയുടെ ദ്വീപാണ്. പ്രകൃതിവാതക സാന്നിധ്യം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയും സസ്യങ്ങളുടെയും സംരക്ഷണ കേന്ദ്രമാണ് സർ ബുനയിർ ദ്വീപ്. ലോകത്ത് ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബില്‍ ആമകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രജനന കേന്ദ്രങ്ങളിലൊന്നാണിത്. ആമകൾ അസ്തമയത്തിന്‍റെ പൂഴിയിൽ മുട്ടയിട്ട് ആരെയും ഭയക്കാതെ കടലിന്‍റെ അഗാധമാം നീലിമയിലേക്ക് മുങ്ങാംകുഴിയിടുന്നു. മുട്ടകൾക്ക് രാവും പകലും കാവലിരിക്കുന്നു.

ഹുബാറ പക്ഷികൾക്ക് പോലും മുട്ട തോടാൻ പേടിയാണ്. മരുഭൂമിയിൽനിന്ന് ഉടലാർന്നപ്പോലെ കിടക്കുന്ന കടലും കാറ്റും കരയും വിസ്മയമാണ്. പവിഴപ്പുറ്റുകളുടെ പറുദീസയായ ഈ ദ്വീപിൽ സമുദ്രജീവികളുടെ ജലനർത്തനം തെളിഞ്ഞുകാണാം. 13 ചതുരശ്ര കിലോമീറ്റർ വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപ് സൂട്ടി സീഗല്‍സിന്‍റെയും മറ്റ് കടല്‍പ്പക്ഷികളുടെയും ആവാസ കേന്ദ്രമാണ്. ദേശാടകരായ പക്ഷികൾ ദ്വീപിൽ സ്ഥിരമാണ്. വിരുന്ന് വന്ന് ഷാർജക്കാരായി മാറിയ പക്ഷികളും നിരവധിയാണ്. 80ഓളം വർഗത്തിലുള്ള മത്സ്യങ്ങളും 40 തരം പവിഴപ്പുറ്റുകളും ഇവിടെ കാണപ്പെടുന്നു. അപൂര്‍വമായ പച്ച കടലാമകള്‍, മാനുകൾ, മുള്ളന്‍പന്നികൾ, ഉരഗങ്ങൾ എന്നീ ജീവിവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. കടലോരത്ത് കവാത്ത് നടത്തുന്ന മാനുകളുടെ കാലടിപ്പാടുകളിലൂടെ കടലാമകൾ ഇഴഞ്ഞുനീങ്ങുന്നതു കാണാൻ ഭംഗിയേറെയാണ്. 2012ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ പ്രാഥമിക പട്ടികയിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും കടലാമകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച അന്താരാഷ്ട്ര കരാറിലും ഈ ദ്വീപിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷൻ ഓഫ് നേച്ചർ പട്ടികയിലും സര്‍ ബുനയിർ ഇടംപിടിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ദ്വീപിലുള്ളത്. കൊല്ലം തോറും നടക്കുന്ന ഉത്സവത്തിലേക്ക് നിബന്ധനകൾ പാലിച്ചാണ് സഞ്ചാരികളെ അനുവദിക്കുന്നത്. 23ാമത് ഫെസ്റ്റിവൽ ഇപ്പോൾ ദ്വീപിൽ നടന്നുവരികയാണ്. വള്ളംകളി മത്സരം ഉൾപ്പെടെയുള്ള ജലകായിക മത്സരങ്ങൾക്കാണ് മുൻതൂക്കം. കഴിഞ്ഞ ദിവസം 25 വള്ളങ്ങൾ പങ്കെടുത്ത മത്സ്യബന്ധന മത്സരത്തിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. ഷാർജ മറൈൻ ക്ലബ് നടത്തിയ തുഴച്ചിൽ മത്സരങ്ങൾ ഓളങ്ങളിൽ ഈണങ്ങൾ കോർത്തു. സമ്പന്നമായ പാരിസ്ഥിതിക ജൈവ വൈവിധ്യം ദ്വീപിന്‍റെ സവിശേഷതയാണ്. തീരങ്ങളിൽ വട്ടമിട്ട് പറക്കുന്ന അപൂർവ്വയിനം പക്ഷികൾ, പകൽ മാഞ്ഞാലെത്തുന്ന പ്രാണികൾ, രാപ്പാടികൾ, കാറ്റിലാടുന്ന സസ്യങ്ങൾ, കടലിനെ ചുവപ്പണിയിക്കുന്ന റീഫ് ഫിഷുകൾ കാണേണ്ട കാഴ്ച്ചയാണ്. ഷാര്‍ജ എന്‍വയോണ്‍മെന്‍റ് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റിയുടെ (ഇ.പി.എ.എ) പരിസ്ഥിതി സംരക്ഷിത പ്രദേശമായ ഈ ദ്വീപിൽ മനുഷ്യ സഞ്ചാരങ്ങൾ അപൂർവ്വമാണ്.

Tags:    
News Summary - Sir Bu nair Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.