ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ സംഘടിപ്പിച്ച സിസ് ഫെസ്റ്റ് ശ്രദ്ധേയമായി. 43 ഇനങ്ങളിലായി 1200ൽപരം മത്സരാർഥികൾ പങ്കെടുത്ത കൗമാരോത്സവത്തിന്റെ ഉദ്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. മാനേജിങ് കമ്മിറ്റി അംഗം മാത്യു ഷാജി സന്നിഹിതനായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റുഡന്റ്സ് വെൽഫെയർ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഫെസ്റ്റിൽ കലാമത്സരങ്ങൾ കൂടാതെ ഗണിതം, ശാസ്ത്രം, ചരിത്രം, സാമൂഹിക ശാസ്ത്രം എന്നീ ക്ലബുകൾ അവതരിപ്പിച്ച പ്രദർശനങ്ങളും നടന്നു.
കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ കോമേഴ്സ് ക്ലബ് ഒരുക്കിയ ഭക്ഷ്യവിഭവ സ്റ്റാളുകൾ ഏറെ ശ്രദ്ധേയമായി. സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച് രണ്ടു ദിവസങ്ങളിലായി സ്കൂൾ അങ്കണത്തിൽ നടന്ന ഫെസ്റ്റിൽ രക്ഷിതാക്കളടക്കം മൂവായിരത്തിൽ പരം ആളുകൾ പങ്കെടുത്തു. സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിൽ നാലു വേദികളിലായിട്ടാണ് മത്സരങ്ങൾ അരങ്ങേറിയത്.
മത്സരങ്ങൾ കൂടാതെ ദഫ്മുട്ട്, ഒപ്പന, ദേശീയ നൃത്തം എന്നിവയും പ്രധാനവേദിയിൽ അരങ്ങേറി. സമാപന സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോ. സെക്രട്ടറി ജിബി ബേബി, ട്രഷറർ ഷാജി ജോൺ, ഓഡിറ്റർ ഹരിലാൽ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ താലിബ്, അനസ്, സ്കൂൾ അലുമ്നി പ്രതിനിധി പിങ്കി തുടങ്ങിയവരും പങ്കെടുത്തു.
ഓവറോൾ കിരീടം നേടിയ ടീമിനും കലാപ്രതിഭയായവർക്കും മത്സരവിജയികൾക്കും വിശിഷ്ടാതിഥികൾ സമ്മാനം വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, പ്രധാനാധ്യാപകരായ ശൈലജ രവി, ദീപ്തി ടോംസി എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർമാരായ ഫെഡറിക് റാഫേൽ, സുനിത പ്രസാദ് എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി. സ്കൂൾ സൂപ്പർവൈസർമാർ, വിവിധ ക്ലബ് കോഓഡിനേറ്റർമാർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.