ദുബൈ: ‘ആശകൾ ലങ്കും ചിന്താര മിതൈ...
കഥനങ്ങൾ നീക്കി ആമോദം... പരിശോടെ വമ്പിൽ വന്നല്ലോ..’ മധുവൂറും ഒപ്പനശീലുകൾ പാടിയ ഒരുപറ്റം മൊഞ്ചത്തിമാരുടെ നിശ്ചയദാർഢ്യം പ്രതിഫലിച്ച സന്ദേശം ഇതായിരുന്നു-‘പരിമിതികളേ ഒന്ന് മാറിനിൽക്കൂ, ഇനി ഞങ്ങളൊന്ന് ഒപ്പനകളിച്ചോട്ടേ...’ സംരംഭകൻ ഷംസുദ്ദീൻ നെല്ലറയുടെ നേതൃത്വത്തിലുള്ള ഒരുപറ്റം കലാസ്വാദകർ ദുബൈയിൽ സംഘടിപ്പിച്ച ‘സ്നേഹസ്പർശം’ ചടങ്ങിലാണ് ശാരീരിക പരിമിതികളെ അതിജീവിച്ച് തളരാത്ത മനസ്സുമായി ഒപ്പനയിൽ സുന്ദരിമാർ താളമിട്ടത്. കൊണ്ടോട്ടിയിലെ പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡിലെ കലാകാരികളാണ് അതിജീവനത്തിന്റെ ഒപ്പനശീലുമായി പ്രവാസലോകത്തെ അരങ്ങിലെത്തിയത്. മനോഹരമായ ഇവരുടെ ഒപ്പനപ്പാട്ടിനൊത്ത് സദസ്സും കൈകൊട്ടി. മണവാട്ടിയെ മധ്യത്തിലിരുത്തി തോഴിമാർ ചുറ്റും ചക്രക്കസേരയിൽ ഇരുന്നാണ് ഒപ്പനക്ക് കൈമുട്ട് ചേർത്തത്. ഒപ്പനക്കു പുറമേ ദഫ്മുട്ട്, കോൽക്കളി, സൂഫി ഡാൻസ്, സംഗീതശിൽപം തുടങ്ങിയ വിവിധ കലാരൂപങ്ങളും ഇവർ അവതരിപ്പിച്ചു. ‘ഗൾഫ് മാധ്യമ’ത്തിന്റെ മാധ്യമപങ്കാളിത്തത്തോടെയാണ് ചടങ്ങ് നടന്നത്.
ബിദ, പ്രസന്ന കുമാരി, ഫൗസിയ, സബീന, സഫീന, നസ്റിൻ, ജസീല, ആഷിക്, രതീഷ് തുടങ്ങിയ എബിലിറ്റിയിലെ കലാകാരന്മാരാണ് സ്നേഹസ്പർശം ചടങ്ങിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചത്. അരക്ക് താഴെ തളർന്ന് വീൽചെയറിൽ കഴിയുന്ന ഒപ്പന കലാകാരികൾക്ക് നടക്കാൻ കഴിയില്ലെങ്കിലും കലാലോകത്ത് തളരാത്ത മനസ്സുമായി മുന്നേറുമെന്ന് സന്ദേശം നൽകിയാണ് ഇവർ അരങ്ങൊഴിഞ്ഞത്. ഭിന്നശേഷിക്കാരുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഷെഫീൽ കണ്ണൂരിന്റെ സംവിധാനത്തിലാണ് പരിപാടി നടന്നത്. സലാം ഫോസിൽ, ഷംസുദ്ദീൻ നെല്ലറ, തൽഹത്ത് ഫോറം ഗ്രൂപ്, അയ്യൂബ് കല്ലട, അൻവർ നഹ, ഷമീർ മെഡോൺ, ഇർഷാദ് മങ്കട, ഷാഫി അൽ മുർഷിദി ഹോപ്പ്, ഹാരിസ് ബിസ്മി, ഉബൈദ് അബോൺമെഡ്, കരിം വെങ്കിടങ്ങ്, ഫൈസൽ എളേറ്റിൽ, ഫൈസൽ പി. സഈദ്, ഫൈസൽ മലബാർ ഗോൾഡ്, ഡോ. മാനൂട്ടി, കബീർ ടെലികോൺ, ബെല്ല ബഷീർ തുടങ്ങിയവർ സംസാരിച്ചു. സിനിമാ പിന്നണിഗായിക സിന്ധു പ്രേംകുമാർ, ഗായകന്മാരായ അക്ബർ ഖാൻ, ഫാമിസ് മുഹമ്മദ് തുടങ്ങിയവരുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.