റിയാദ്: സൗദിയിൽനിന്ന് കാൽനടയായി പുറപ്പെട്ട് യു.എ.ഇ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത് ശ്രദ്ധ പിടിച്ചെടുത്ത് രണ്ട് സൗദി സാഹസികർ. 30 ദിവസം നടന്ന് 1200 കിലോമീറ്റർ താണ്ടിയാണ് നാഇഫ് ശുക്റിയും അനന്തരവൻ 19കാരൻ അബ്ദു അൽ ശുക്റിയും യു.എ.ഇയിലെത്തിയത്. യാത്രയുടെ വിവരങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ സൗദി-യു.എ.ഇ അതിർത്തിയിൽ ഇരുവരെയും സ്വീകരിക്കാൻ ഇരുരാജ്യങ്ങളിലെയും സുഹൃത്തുക്കളുൾപ്പെടെ ഒരു വലിയ സംഘം എത്തിയിരുന്നു.
ലഭിച്ച ഊഷ്മള സ്വീകരണം ആശ്ചര്യപ്പെടുത്തിയെന്ന് സ്വീകരണ പരിപാടിയിൽ നാഇഫ് പറഞ്ഞു. എന്റെ ഇമാറാത്തി സഹോദരങ്ങൾക്കൊപ്പം അവരുടെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചതാണെന്നും ഇപ്പോൾ ഇവിടെ എത്തിനിൽക്കാനുള്ള കാരണം അതാണെന്നും നാഇഫ് പറയുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ ശക്തമായ ഹൃദയബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഈ യാത്ര ജീവിതകാലം മുഴുവൻ അഭിമാനിക്കുന്ന ഒരു ചരിത്രമായെന്ന് നാഇഫ് കൂട്ടിച്ചേർത്തു.
ഓരോ ദിവസവും രണ്ടുപേരും സൂര്യോദയത്തിനുശേഷം നടന്നുതുടങ്ങും. ഉച്ചസമയത്ത് അൽപം വിശ്രമം. തുടർന്ന് ഉച്ചകഴിഞ്ഞ് യാത്ര പുനരാരംഭിക്കും. സൗദി അറേബ്യൻ മരുഭൂമികളിൽ മൊബൈൽ ഫോൺ കണക്ഷനില്ലാത്ത ചില പ്രദേശങ്ങളുണ്ട്. ചിലയിടങ്ങളിൽ നിരന്തരം പൊടിയിൽ മുങ്ങുന്ന കാലാവസ്ഥയും ഉണ്ട്. സാധാരണ ശരാശരി 30 കിലോമീറ്ററാണ് നടക്കുന്നത്.
എന്നാൽ, ഈ പ്രതിസന്ധികൾ മറികടക്കാൻ ചില ദിവസങ്ങളിൽ 70 കിലോമീറ്റർ വരെ നടക്കും. ഭക്ഷണത്തിനായി വഴിയിലെ പെട്രോൾ സ്റ്റേഷനുകളിലെ റസ്റ്റാറന്റുകളെ ആശ്രയിക്കും. മരുഭൂ യാത്രകൾ സുപരിചിതമായതിനാൽ ഒരിക്കലും ഭയം തോന്നിയിട്ടില്ലെന്നും നാഇഫ് പറഞ്ഞു. അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഒരു യാത്ര ബാഗും മരുഭൂമിയിൽ തമ്പടിക്കാനുള്ള കൂടാരവും ബാഗിന് പുറകിൽ ഇരു രാജ്യങ്ങളുടെയും പതാകയുമാണ് യാത്രയിൽ കൂടെയുണ്ടാകുന്നത്.
ഇതാദ്യമായല്ല നാഇഫിന്റെ കാൽനടയാത്ര. നിയോം, മക്ക, അബഹ, മദീന, അൽഉല ഉൾപ്പെടെ സൗദി നഗരങ്ങളിലൂടെ 4000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് 400 കോടിയിലധികം ചുവടുകൾ പൂർത്തിയാക്കിയ നേട്ടം കൂടിയുണ്ട് നാഇഫിന്റെ സാഹസിക ജീവിതത്തിൽ. ടിക് ടോക്, സ്നാപ് ചാറ്റ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ കൂടിയാണ് നാഇഫ് അൽ ശുക്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.