ദുബൈ: മഴ കനത്തതോടെ ചില സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്. കഴിഞ്ഞ വർഷം പ്രളയമുണ്ടായ ഫുജൈറയിലെ സ്കൂളുകളാണ് പ്രധാനമായും ഓൺലൈൻ പഠനത്തിലേക്ക് മാറിയത്. വരും ദിവസങ്ങളിൽ കൂടുതൽ സ്കൂളുകൾ ഈ പാത പിൻപറ്റിയേക്കാം.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലം പിൻപറ്റുന്ന സ്കൂളുകൾക്കും നഴ്സറികൾക്കുമാണ് ഫുജൈറയിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴ വർധിക്കാൻ സാധ്യതയുണ്ടെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. ഇതുസംബന്ധിച്ച് എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് ഫുജൈറയിലെ സ്കൂളുകൾക്ക് സർക്കുലർ അയച്ചു.
ഈ ആഴ്ചയിലാണ് ഓൺലൈൻ പഠനം. പിന്നീടുള്ള കാര്യം പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വരുംദിവസങ്ങളിലെ കാലാവസ്ഥയെ അടിസ്ഥാനമാക്കി ഇക്കാര്യത്തിൽ തീരുമാനിക്കും എന്നാണ് അറിയിപ്പ്. സ്കൂളിലെ മേധാവികൾ കാലാവസ്ഥ നിരീക്ഷിക്കണമെന്ന് സർക്കുലറിൽ പറയുന്നു. കുട്ടികളുടെ ഓൺലൈൻ അക്കൗണ്ടുകൾ വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതർ നിർദേശം നൽകി. കോവിഡ് കുറഞ്ഞതോടെ സ്കൂളുകൾ പൂർണമായും ഓൺലൈൻ പഠനം നിർത്തലാക്കിയിരുന്നു. സൂം, മൈക്രോസോഫ്റ്റ് ടീംസ് അക്കൗണ്ടുകളിലാണ് കുട്ടികൾക്ക് ഓൺലൈൻ പഠനം ഏർപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.