ദുബൈ: 10 വർഷത്തിനിടയിൽ റെസിഡൻസ് നിയമങ്ങൾ ലംഘിക്കാത്ത ദുബൈ നിവാസികൾക്കും ഇമാറാത്തി സ്പോൺസർമാർക്കും പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ദ ഐഡിയൽ ഫേസ് എന്ന പേരിലാണ് അംഗീകാരങ്ങൾ നൽകുകയെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. നവംബർ ഒന്ന് മുതലാണ് പുതിയ സംരംഭം നടപ്പാക്കുക.
രാജ്യത്തെ റെസിഡൻസി നിയമങ്ങൾ പാലിക്കുന്ന എല്ലാവരെയും അംഗീകരിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ വ്യക്തികൾക്ക് മാത്രമാണ് ഈ പ്രത്യേകാവകാശങ്ങൾ ലഭിക്കുക. രണ്ടാംഘട്ടത്തിൽ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
സുരക്ഷിതമായ സമൂഹമെന്നത് രാജ്യത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാന ശിലയാണെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ‘ഐഡിയൽ ഫേസ്’ സംരംഭത്തിലൂടെ നിയമം പാലിക്കുന്ന വ്യക്തികളെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യും.
പോസിറ്റിവായ പെരുമാറ്റം സ്വീകരിക്കാനും സ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കുന്നതിന് സംഭാവന നൽകാനും ഇത് എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംരംഭം നിയമങ്ങൾ പാലിക്കുന്നവർക്കുള്ള അഭിനന്ദനം മാത്രമല്ല, സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിൽ സമൂഹത്തിലെ ഓരോ അംഗവും പങ്കാളികളാണെന്ന ശക്തമായ സന്ദേശം കൂടിയാണെന്ന് ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടർ ആക്ടിങ് അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ സുലൈമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.