ദുബൈയുടെ ചരിത്രത്തിൽ അലിഞ്ഞു ചേർന്ന പൈതൃക പ്രദേശമാണ് അൽ ഫഹീദി പ്രദേശം. അനേകം അംബരചുംബികളാൽ നിറഞ്ഞ നഗരത്തിലെ ഏറ്റവും പഴക്കമേറിയ കെട്ടിടമായ അൽ ഫഹീദി കോട്ട ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 18ാം നൂറ്റാണ്ടിൽ ഈ കോട്ടക്ക് ചുറ്റുമുള്ള പ്രദേശം പൂർവകാല ദുബൈയുടെ ഓർമകളെ ഇന്നും കെടാതെ നിലനിർത്തുകയാണ്. നഗരത്തിലെത്തുന്ന സന്ദർശകരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ ഇവിടം പുതിയൊരു കാഴ്ച വിരുന്നൊരുക്കിയിരിക്കയാണിപ്പോൾ.
നേരത്തെ അൽ ബസ്തികിയ എന്നറിയപ്പെട്ടിരുന്ന ഇവിടുത്തെ ചുവരുകളിൽ മികവുറ്റ ഏഴ് ചിത്രങ്ങളാണ് കലാസ്വദകർക്കും സാധാരണക്കാർക്കും കൗതുകം സമ്മാനിക്കുന്നതായി ഇവിടെ വരച്ചിട്ടുള്ളത്. ഇടുങ്ങിയ അൽ ഫാഹിദിയിലെ തെരുവുകളിലൂടെ നടക്കുമ്പോൾ ആരുടെയും കണ്ണുകളെ അതിശയിപ്പിക്കുന്നതാണ് ഇറാമാത്തികളും മറ്റുമായ കലാകാരൻമാരുടെ ഈ സൃഷ്ടി. ഈയടുത്ത് അവസാനിച്ച സിക്ക ആർട് ആൻഡ് ഡിസൈൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഇത് ചുവരിൽ വരച്ചത്. അൽ ഫഹീദിയുടെ ആത്മാവിനെ ഉൾകൊള്ളുന്ന അറബ് സംസ്കാരികതയുടെ നേർചിത്രങ്ങളാണ് ഇവയെല്ലാം.
കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് 'അൽ ഫഹീദി ബ്യൂട്ടി ട്രീ' എന്ന ചിത്രമാണ്. ഇമാറാത്തി കലാകാരനായ സഗ്ഗാഫ് അൽ ഹാഷിമിയുടെ ഈ ചിത്രം ദുബൈയുടെ സമാധാനത്തിന്റെയും സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നു. 'കലയെയും വളർച്ചയെയും ആഘോഷിക്കുന്നു' എന്ന പ്രമേയത്തിൽ തയ്യാറാക്കിയ ത്രിമാന കലാസൃഷ്ടിയാണിത്. മലേഷ്യൻ-ചൈനീസ് കലാകാരനായ ഗാരി യോങ് വരച്ചെടുത്ത 'ട്രീ ഓഫ് വിസ്ഡം' എന്ന ചിത്രമാണ് മറ്റൊന്ന്. അമൂർത്തവും ആലങ്കാരികവുമായ ശൈലികൾ സംയോജിപ്പിക്കുന്ന ചിത്രം വിജ്ഞാനത്തെ മഹത്തായ മാനുഷിക മൂല്യമായി ചിത്രീകരിക്കുകയാണ്. ഒരൊറ്റ ചിന്തക്കോ ആശയത്തിനോ വളരാനും വികസിപ്പിക്കാനും മറ്റുള്ളവരെ സ്വാധീനിക്കാനും പ്രചോദിപ്പിക്കാനും കഴിയുമെന്ന കലാകാരന്റെ വീക്ഷണത്തെ ചിത്രം അവതരിപ്പിക്കുന്നു.
റഷ്യൻ കലാകാരനായ എവ്ഗിനിയ സിൽവിനയും ബെൽജിയക്കാരനായ ഗ്രിം വാൻ ജെസ്റ്റലും വരച്ചെടുത്ത 'ഐ-ലൈവ്' എന്നതാണ് മറ്റൊരു ശ്രദ്ധേയമായ ചിത്രം. ഒരു ആൻഡ്രോയിഡ് പ്രതീകത്തെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഇതിൽ പ്രകൃതിയുടെ ചിത്രങ്ങൾ, കമ്പ്യൂട്ടർ ഡാറ്റ, ദുബൈ ജീവിതത്തിന്റെ ഘടകങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ഈജിപ്ത്യൻ കലാകാരൻ പെരിഹാൻ അൽ അഷ്മാവിയുടെ 'മ്യൂസിക് സൗണ്ട് ബെറ്റർ വിത്ത് യൂ' എന്ന ചിത്രത്തിലൂടെ സാംസ്കാരിക ചൈതന്യത്തിന്റെയും സമകാലിക നവീകരണങ്ങളുടെയും ആശയങ്ങൾ പങ്കുവെക്കുന്നു. അൽ ഫാഹിദിയുടെ ആത്മാവിനെ സ്പർശിക്കുന്നതാണ് തന്റെ കലാസൃഷ്ടിയെന്ന് അഷ്മാവി ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെടുന്നു.
ഫ്രഞ്ച് കലാകാരൻമാരായ ആൻ ലോറെ റോമാഗ്നിയും റോബിൻ ഷോലെ ആസൈദും ചേർന്ന് തയാറാക്കിയ 'സിസ്റ്റർഹുഡ്' എന്നതാണ് മറ്റൊരു ശ്രദ്ധേയമായ ചിത്രം. അൽ ഫഹീദിയിലെ സ്ത്രീകളെ ചിത്രീകരിക്കുന്ന ഈ ചിത്രം ഇമാറാത്തി സാംസ്കാരിക പൈതൃകത്തെയും അടയാളപ്പെടുത്തുന്നു. പാരമ്പര്യം, സംസ്കാരം, അവന്റ്-ഗാർഡ് ഫാഷൻ, തെരുവ് സ്റ്റൈൽ, നിറങ്ങളുടെ വിവിധ പാറ്റേണുകൾ എന്നിവ ഇതിൽ സർഗാത്മകമായി സംയോജിപ്പിച്ചിരിക്കുന്നു. ബഹ്റൈനി കലാകാരനായ മഹ്മൂദ് അൽ ശർഖാവിയുടെ 'ടെക് നാഷ്' എന്ന ചിത്രവും സമാനമായ ആശയം പങ്കുവെക്കുന്നതാണ്.
അൽ സീഫിൽ പ്രദർശിപ്പിച്ചിരിക്കുന്ന 20 മീറ്റർ കലാസൃഷ്ടിയാണ് മറ്റൊരു പ്രധാന ആകർഷണം. ന്യൂസിലാൻഡ് പവലിയനിൽ നിന്നുള്ള പങ്കാളിത്തത്തോടെ എക്സ്പോ 2020 ദുബൈയിലെ അൽ ഫോർസാൻ പാർക്കിലാണ് ഇൗ ചിത്രം യഥാർഥത്തിൽ വരക്കപ്പെട്ടത്. റമദാനിന് ശേഷം ന്യൂസിലാൻഡിലേക്ക് ചിത്രം തിരിച്ചുകൊണ്ടുപോകും. അതുവരെ അൽ സീഫിൽ ഇതിന്റെ പ്രദർശനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.