ഷാർജ: യു.എ.ഇയിലെ വിദ്യാലയങ്ങൾ രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം നാളെ തുറക്കും. ജൂലൈ മൂന്നുമുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിച്ചത്. ജൂൺ 27 മുതൽ ബലിപെരുന്നാൾ അവധികൂടി ചേർന്ന് ലഭിച്ചതോടെ പൂർണമായും രണ്ട് മാസത്തെ അവധിയാണ് വിദ്യാർഥികൾക്ക് ലഭിച്ചത്.
യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും പുതിയ അധ്യയന വർഷത്തിന്റെ ആരംഭമാണ് നാളെ. ആയിരക്കണക്കിന് വിദ്യാർഥികൾ ആദ്യാക്ഷരം നുകരാൻ പുതുതായി സ്കൂളുകളിൽ എത്തും. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ രണ്ടാം പാദത്തിന്റെ ആരംഭവുമാണ്. ഏഷ്യൻ സ്കൂളുകളിൽ ഈ പാദത്തിലാണ് കലാകായിക മത്സരങ്ങളും പഠന യാത്രകളും നടക്കാറുള്ളത്.
വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകൾ ഒരുങ്ങികഴിഞ്ഞു. അധ്യാപകരും ഇതര ജീവനക്കാരും അവധി കഴിഞ്ഞ് ദിവങ്ങൾക്ക് മുമ്പേ വിദ്യാലയങ്ങളിൽ എത്തിയിരുന്നു. അധ്യാപകർ വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടുമാസമായി അടച്ചിട്ട ക്ലാസ് മുറികൾ വൃത്തിയാക്കുകയും സ്കൂൾ ബസുകൾ യാത്രാസജ്ജമാക്കുകയുമാണ് ഡ്രൈവർമാരും മറ്റു ജീവനക്കാരും. വിദ്യാർഥികൾക്കുള്ള പഠന സാമഗ്രികളുമായി വിവിധ എമിറേറ്റ്സുകളിലെ ഷോപ്പിങ് മാളുകളും സൂപ്പർ മാർക്കറ്റുകളും ബാക്ക് ടു സ്കൂൾ ഓഫറുകളുമായി കഴിഞ്ഞ ആഴ്ചകൾ സജീവമായിരുന്നു. അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ സർക്കാർ ജീവനക്കാർക്ക് ജോലിയിൽ മൂന്നു മണിക്കൂർ വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. സ്കൂൾ തുറക്കുന്നതോടെ റോഡുകളും തിരക്കിലമരും. റോഡ് സുരക്ഷക്കായ മുൻകരുതലുകൾ എടുക്കുകയും ആവശ്യമായ നിർദേശങ്ങൾ ഡ്രൈവർമാർക്ക് നൽകുകയും ചെയ്തിട്ടുണ്ട് വിവിധ എമിറേറ്റസിലെ ബന്ധപ്പെട്ട വകുപ്പുകൾ. ഈ വർഷം സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് 20,000 ത്തോളം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ചേരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് ഈ വർഷം 13 പുതിയ സ്കൂളുകൾ തുറക്കാനും പദ്ധതിയുണ്ട്.
കടുത്ത ചൂടിൽ നിന്ന് രക്ഷതേടി കുടുംബസമേതം നാട്ടിൽ പോയി അടുത്ത ബന്ധുക്കളെ സന്ദർശിക്കാനും മഴക്കാലം ആസ്വദിക്കാനും നാട്ടിലേക്ക് പോയ മലയാളികൾക്ക് നാട്ടിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മഴ കുറവായത് പുതിയ അനുഭവമാണ് സമ്മാനിച്ചത്. കുടുബസമേതം വിനോദയാത്ര പോയതിന്റെയും കല്യാണങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാർഥികൾ. യു.എ.ഇയിലെ ചൂടിൽ കാര്യമായ കുറവ് വന്നതും വിദ്യാർഥികൾക്ക് ഏറെ ആശ്വാസമാകും. തിരുവോണം ആഗസ്റ്റ് 29നായതിനാൽ കുടുംബതോടൊപ്പം നാട്ടിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് സെപ്റ്റംബർ ആദ്യത്തിൽ തിരികെ വരാൻ ഉദ്ദേശിക്കുന്ന കുടുംബങ്ങളുമുണ്ട്.
അവധിക്കാലത്തിനുശേഷം കേരളത്തിൽ നിന്നും യു.എ.ഇയിലേക്ക് വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നത് നാട്ടിലുള്ള പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇപ്പോൾ 1500 ദിർഹമാണ് കേരളത്തിൽ നിന്നും യു.എ.ഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.