ദുബൈ: റമദാനിൽ തൊഴിൽ അവസരങ്ങളും നിയമനങ്ങളും മന്ദഗതിയിലാകുമെന്ന പൊതുധാരണക്ക് വിപരീതമായി യു.എ.ഇയിൽ നിയമന പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നുവെന്ന് പഠനറിപ്പോർട്ട്.
പ്രമുഖ ഓൺലൈൻ തൊഴിൽ റിക്രൂട്ട്മെന്റ് പോർട്ടലായ ബൈത്ത് ഡോട്ട് കോമിന്റെ സർവേയിലാണ് റമദാനിലും യു.എ.ഇയിൽ ഉയർന്ന ജോലി സാധ്യതകൾ നിലനിൽക്കുന്നതായി വ്യക്തമാക്കുന്നത്. യു.എ.ഇയിലെ വ്യവസായമേഖലയിലെ വളർച്ച 2025ലും ഉയർന്ന തൊഴിൽ അവസരങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ടെന്ന സൂചനയാണിത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ 79.1 ശതമാനം പ്രഫഷനലുകളും റമദാനിൽ ജോലി തിരയുന്നതിലും പ്രഫഷനൽ വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് സർവേ വെളിപ്പെടുത്തി.
കുറഞ്ഞ ജോലി സമയം ഉണ്ടായിരുന്നിട്ടും എഫ്.എം.സി.ജി, എഫ് ആൻഡ് ബി, ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ വ്യവസായങ്ങൾ വർധിച്ച സാഹചര്യമാണ്. നിർമാണം, ബാങ്കിങ് ഫിനാന്‍സ്, സെയിൽസ്, മാർക്കറ്റിങ് മേഖലയിലും കൂടുതല്‍ ജോലി ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.
ട്രാവൽ ആൻഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ തുടങ്ങിയ എണ്ണ ഇതരമേഖലകളാണ് തൊഴില്‍ അവസരങ്ങള്‍ നല്കുന്നതില് മുൻപന്തിയിൽ. ഉപഭോക്തൃ ആവശ്യകതക്കായി ബിസിനസുകൾ തയാറെടുക്കുമ്പോൾ ആനുപാതികമായി നിയമനങ്ങളിലും വർധന പ്രകടമാവുന്നുണ്ടെന്നാണ് സർവേ പറയുന്നത്.
തൊഴിലന്വേഷകർക്ക് റമദാനിലെ വെല്ലുവിളികളെ അതിജീവിക്കുന്നതോടൊപ്പം അവസരങ്ങൾ നിറഞ്ഞ സാഹചര്യങ്ങളെക്കൂടി നേരിടാമെന്നതാണ് ഈ റമദാനിലെ പ്രത്യേകതയെന്ന് ഇംഗ്ലീഷ് പത്രത്തെ ഉദ്ധരിച്ച് ബൈത്ത് ഡോട്ട് കോം ജനറൽ ഡയറക്ടർ റാമി ലബാക്കി ചൂണ്ടിക്കാട്ടി.
ബിസിനസ് ഇഫ്താറുകളും സുഹൂർ ഒത്തുചേരലുകളും മികച്ച റിക്രൂട്ട് നെറ്റ്വർക്കിങ് അവസരങ്ങൾ നൽകുന്നുവെന്ന് റിക്രൂട്ടർമാർ എടുത്തുകാണിക്കുന്നുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ 67 ശതമാനം പ്രഫഷനലുകളും ഈ വർഷം ജോലി മാറാന്‍ താല്പര്യപ്പെടുന്നുവെന്നാണ് പശ്ചിമേഷ്യയിലെ പ്രമുഖ റിക്രൂട്ട്മെന്റ് ഏജൻസിയായ ഹെയ്സ് നടത്തിയ സർവേ വിലയിരുത്തല്‍.
ഗള്‍ഫ് മേഖലയിലെ 1028 തൊഴിലുടമകളുമായും 925 തൊഴിലാളികളുമായും പഠനം നടത്തിയതിന് ശേഷമാണ് ഹെയ്സിന്റെ മിഡില്‍ ഈസ്റ്റ് ഡിവിഷന് സർവേ റിപ്പോർട്ട് തയാറാക്കിയത്. 2023ല്‍ 62 ശതമാനം സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചപ്പോള്‍ 2024ല്‍ അത് 68 ശതമാനമായി ഉയർന്നു. 2025ല്‍ 86 ശതമാനം സ്ഥാപനങ്ങള്‍ പ്രഫഷനലുകളെ തേടുകയാണെന്നാണ് സർവേ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.