റാസല്‍ഖൈമ: പൈതൃകങ്ങളെ മുറുകെപ്പിടിച്ച് ശാസ്ത്രീയ ഗവേഷണത്തിലധിഷ്ഠിതമായ വികസന വഴിയില്‍ റാസല്‍ഖൈമയെ നയിക്കുന്ന ശൈഖ് സഊദ് ബിന്‍ സഖര്‍ ഖാസിമിയുടെ ഭരണ മികവിന് 12 വയസ്സ്. ആറു പതിറ്റാണ്ട് റാസല്‍ഖൈമയുടെ ഭരണചക്രം തിരിച്ച പിതാവ് ശൈഖ് സഖര്‍ 2010 ഒക്ടോബര്‍ 25ന് ഇഹലോകവാസം വെടിഞ്ഞതോടെ ഒക്ടോബര്‍ 27നാണ് ശൈഖ് സഊദ് റാസല്‍ഖൈമയുടെ ഭരണാധിപനായി ചുമതലയേല്‍ക്കുന്നത്.
സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഊന്നല്‍ നല്കി രാജ്യത്തെ നയിച്ച പിതാവിന്റെ പാത പിന്തുടര്ന്ന് നവീന ആശയങ്ങളിലൂന്നിയ ശൈഖ് സഊദിന്റെ ഭരണ നടപടികള്‍ റാസല്‍ഖൈമയെ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിന് സഹായിച്ചു. 1988ല്‍ രൂപവത്കരിച്ച മുനിസിപ്പല്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതു മുതല്‍ റാസല്‍ഖൈമയുടെ അടിസ്ഥാന സൗകര്യ വികസന പ്രക്രിയകളില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് നേതൃപരമായ പങ്കുവഹിച്ചിരുന്നു.
2003ല്‍ ശൈഖ് സഊദ് റാക് കിരീടാവകാശിയായി. ശൈഖ് സഖറിന്റെ ആശീര്‍വാദത്തോടെ 2005ല്‍ റാസല്‍ഖൈമ റിയല്‍ എസ്റ്റേറ്റ് കമ്പനി, റാസല്‍ഖൈമ ഇന്‍വെസ്റ്റ് അതോറിറ്റി എന്നിവ രൂപവത്കരിക്കുന്നതിനും ശൈഖ് സഊദ് മുന്നില്‍ നിന്നു. സാമ്പത്തിക രംഗത്ത് ഉദാരീകരണ നയം സ്വീകരിച്ച ശൈഖ് സഊദിന് ലോക കാര്‍ഷിക-വാണിജ്യ-വ്യവസായ-വിനോദ ഭൂപടത്തിലേക്ക് റാസല്‍ഖൈമയെ ഉയര്‍ത്താനായി. സ്വതന്ത്ര വ്യാപാര മേഖലകളിലൂടെ ഇന്ത്യയുള്‍പ്പെടെ ലോക രാജ്യങ്ങളില്‍നിന്നുള്ള ആഗോള ബ്രാന്‍ഡുകളെ റാസല്‍ഖൈമയിലേക്ക് ആകര്‍ഷിച്ചു.
ഉള്‍റോഡുകളുടെ നവീകരണ പ്രവൃത്തികള്ക്കുപുറമെ ശൈഖ് ഖലീഫ ആശുപത്രി മുതല്‍ അല്‍ ശമല്‍ വരെ 611 റോഡിന്റെ എക്സ്റ്റന്‍ഷന്‍ പ്രവൃത്തികള്‍ ചരക്ക് നീക്കത്തിന് വേഗം നല്കി. കടല്‍തീരം, പര്‍വതനിരകള്‍, മരുഭൂമി, കാര്‍ഷിക പ്രദേശങ്ങള്‍ തുടങ്ങിയ പ്രകൃതിയുടെ വരദാനങ്ങളില്‍ നൂതന വിനോദ സംരംഭങ്ങള്‍ ഒരുക്കിയത് രാജ്യത്തിന് പുതിയ വരുമാനത്തിന് വഴിതുറന്നു. വിദ്യാഭ്യാസ -ആരോഗ്യ മേഖലകളില്‍ ശൈഖ് സഖറിന്റെ വഴിയിലൂടെയാണ് ശൈഖ് സഊദിന്റെയും സഞ്ചാരം.
സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ റാസല്‍ഖൈമയിലെ ജനങ്ങളെ പ്രാപ്തരാക്കിയത് മുന്‍ ഭരണാധിപന് നല്കിയ പ്രോത്സാഹനങ്ങളായിരുന്നെങ്കില് അത് നിലനിര്‍ത്തുന്നതിനും യുവസമൂഹത്തെ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനും ഉതകുന്ന നടപടികള്‍ ശൈഖ് സഊദ് ആവിഷ്കരിക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്തു.
യുനെസ്കോയുടെ ആഗോളപഠന നഗരങ്ങളുടെ ശൃംഖലയില്‍ റാസല്‍ഖൈമ ഇടംപിടിച്ചത് ശൈഖ് സഊദിന്റെ ഭരണ മികവിലെ പൊന്‍തൂവലായാണ് വിലയിരുത്തപ്പെടുന്നത്.
ബ്രിട്ടീഷ് കരിക്കുലം ഉള്‍പ്പെടെ പൊതു-സ്വകാര്യ മേഖലകളില്‍ 100ലേറെ സ്കൂളുകള്‍ റാസല്‍ഖൈമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ-ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ മേഖലക്കും പ്രത്യേക ഊന്നലാണ് ശൈഖ് സഊദ് നല്‍കിവരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം തുടങ്ങിയവ സുസ്ഥിരമായ വളര്‍ച്ചയുടെ നിദാനങ്ങളാണ്. ഇതര രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കുന്ന ഗള്‍ഫ് മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് (ജുല്‍ഫാര്‍) റാസല്‍ഖൈമയുടെ അഭിമാന സ്ഥാപനമാണ്.
അല്‍ ഹംറാനിയ കേന്ദ്രീകരിച്ചുള്ള കൃഷി ഗവേഷണ കേന്ദ്രവും വിവിധ പ്രദേശങ്ങളിലുള്ള ഡാമുകളും റാസല്‍ഖൈമയുടെ കാര്‍ഷിക മേഖലയുടെ പരിചരണത്തിന് നല്കുന്ന പങ്കിന് പിന്നിലും ശൈഖ് സഊദിന്റെ കരുതലാണ്. 2015ല്‍ ശൈഖ് സഊദ് പുറപ്പെടുവിച്ച സെക്യൂരിറ്റി ഓഫ് ഇന്സ്റ്റലേഷന് ആക്ട് സമൂഹ സുരക്ഷക്ക് നല്കുന്ന സംഭാവനകള്‍ ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.