ഷാർജ: സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് കുവൈത്തിൽനിന്നെത്തിയ മലയാളി സഹോദരിമാർ. റീമ ജാഫർ, റീയ ജാഫർ. തങ്ങളുടെ വലിയ സ്വപ്നങ്ങളിലേക്കുള്ള ആഗ്രഹങ്ങളുമായാണ് ഇവർ രണ്ടുപേരും കുവൈത്തിൽനിന്ന് ഷാർജയിലേക്ക് വിമാനം കയറിയത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ബുധനാഴ്ച രണ്ടുപേരുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുകയാണ്.
കാവ്യസമാഹാരമായ ‘ബ്ലൂമിങ് ഓഫ് ലൈഫ്’ ആണ് പതിനാലുകാരിയായ റീമ ജാഫറിന്റെ പുസ്തകം. ‘ദി ഏജ് ഓഫ് വണ്ടേഴ്സ്’ എന്ന കാവ്യസമാഹാരവുമായാണ് സഹോദരി 11കാരി റീയ ജാഫർ യു.എ.ഇയിലെത്തിയിരിക്കുന്നത്.
പ്രശസ്ത കവി കെ. സച്ചിദാനന്ദന്റെ നിരൂപണം ഉൾപ്പെടെ രണ്ട് പുസ്തകങ്ങളും എഴുത്തുകാരുടെ പ്രശംസ പിടിച്ചുപറ്റിയവയാണ്. ഒമ്പതാം വയസ്സുമുതൽ തന്നെ കവിതകളും ലേഖനങ്ങളും എഴുതുന്നുണ്ട് റീമ. പ്രകൃതി സൗന്ദര്യം, ജീവിതമൂല്യം, ദയ, കാരുണ്യം എന്നിവയെല്ലാം റീമയുടെ കാവ്യചിന്തകളിലെത്തുന്ന വിഷയങ്ങളാണ്.
മാന്ത്രിക സന്ദേശങ്ങളും സർവ മേഖലകളിലും ആഴത്തിൽ ചിന്തിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരു രഹസ്യ കോഡുമായാണ് റീമ കവിതകളെ കാണുന്നത്. വായനയെ ഏറെ ഇഷ്ടപ്പെടുന്ന റീയ കുട്ടിക്കാലത്തെ സന്തോഷ ഓർമകളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമാണ് കവിതകളിലൂടെ സംവദിക്കുന്നത്.
കുവൈത്തിലെ അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ വിദ്യാർഥികളായ ഇരുവരും പഠനത്തിനപ്പുറം വായനയിലും എഴുത്തിലും മറ്റു മേഖലകളുമായി കഴിവ് തെളിയിക്കുകയാണ്.
വിവിധതരം പുസ്തകങ്ങൾ കൊച്ചുകുട്ടികൾക്കുവേണ്ടി കുവൈത്ത് നാഷനൽ ടി.വിയിലൂടെ ഈ സഹോദരിമാരാണ് പരിചയപ്പെടുത്തുന്നത്. 80ലധികം എപ്പിസോഡുകൾ ഇതിനകം ടി.വിയിൽ സംപ്രേഷണം ചെയ്തു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.