ഷാർജ: ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ ഷാർജ, ദേശീയ അധ്യാപകദിനം വൈവിധ്യമാർന്ന കലാകായിക പരിപാടികളോടെ ആഘോഷിച്ചു. അധ്യാപകദിനത്തിൽ അധ്യാപന ജോലികൾ ഏറ്റെടുത്ത വിദ്യാർഥികൾക്ക് അധ്യാപനത്തിന്റെയും ക്ലാസ്റൂം നിയന്ത്രണത്തിന്റെയും കയ്പും മധുരവും അനുഭവിച്ചറിയാനുള്ള അവസരമായി മാറി.
അധ്യാപകർക്ക് കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനവിതരണം നടത്തിയ വിദ്യാർഥികൾ മധുര പലഹാരങ്ങൾ നൽകി ഗുരുവര്യൻമാരോടുള്ള സ്നേഹം പ്രകടമാക്കി. പെയ്സ് ഗ്രൂപ് മാനേജ്മെന്റും അധ്യാപക ദിനത്തിൽ ആശംസകൾ നേർന്നു.
പുനരുപയോഗ സാധ്യമായ സമ്മാനങ്ങൾ വിതരണം നടത്തുകയും സുസ്ഥിരവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എടുക്കുകയുംചെയ്തു. പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി തുടങ്ങിയവർ അധ്യാപകരെ അഭിനന്ദിച്ചു.
അസി. ഡയരക്ടർ സഫാ അസദ്, വൈസ് പ്രിൻസിപ്പിൽ മാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റാസൽഖൈമ: റാക് സ്കോളേഴ്സ് പ്രൈവറ്റ് ഇന്ത്യൻ സ്കൂളിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. അധ്യാപകരുടെ മഹത്ത്വം ഉദ്ഘോഷിക്കുന്നതിനും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനുമുള്ള വിവിധ പരിപാടികൾ ഒരുക്കിയാണ് സ്കൂൾ പാർലമെന്റ് അംഗങ്ങൾ അധ്യാപകദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്.
അധ്യാപകദിനത്തിൽ അധ്യയനജോലി മുതിർന്ന ക്ലാസിലെ കുട്ടികൾ ഏറ്റെടുക്കുകയും പൂക്കൾ നൽകി അധ്യാപകരെ സ്വീകരിക്കുകയുംചെയ്തു. അധ്യാപക ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങൾ അധ്യാപകർ പങ്കുവെച്ചു.
സ്കൂളിൽ പ്രത്യേകമായി ഒരുക്കിയ ഗ്രാറ്റിറ്റ്യൂഡ് വാളിൽ കുട്ടികൾ സ്വന്തം കൈപ്പടയിൽ അധ്യാപകദിന സന്ദേശം എഴുതി. അധ്യാപകരോട് സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ ഉതകുന്ന പരിപാടികൾ അവതരിപ്പിച്ച വിദ്യാർഥികളെ സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ, വൈസ് പ്രിൻസിപ്പൽ പ്രീത എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.