ദുബൈ: പെരുന്നാൾ അവധി ദിനങ്ങളിൽ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ-അബൂദബി ഇന്റർസിറ്റി ബസ് റൂട്ടുകളിൽ താൽക്കാലിക മാറ്റം വരുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മാർച്ച് 29 ശനിയാഴ്ച മുതൽ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച വരെയാണ് റൂട്ടുകൾ പുനഃക്രമീകരിച്ചത്.
ഏപ്രിൽ രണ്ട് മുതൽ സർവിസ് ഷെഡ്യൂൾ സാധാരണ രീതിയിൽ തന്നെ തുടരും. പുതുക്കിയ റൂട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ആർ.ടി.എയുടെ എസ്ഹെയിൽ ആപ്പിൽ ലഭിക്കും. ആപ്പിൾ സ്റ്റോർ, ഗൂഗ്ൾ പ്ലേ, വാവൈ ആപ് ഗാലറി എന്നിവയിൽ നിന്ന് എസ്ഹൈയിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
അതേസമയം, പെരുന്നാൾ അവധിക്കിടയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്തിനു ചുറ്റും ട്രാഫിക് കുരുക്കിന് സാധ്യതയുണ്ടെന്ന് ആർ.ടി.എ മുന്നറിയിപ്പു നൽകി. എയർപോർട്ട് റോഡ്, റാശിദിയ റോഡ്, എയർപോർട്ട് പുറപ്പെടൽ ഹാളിലേക്കുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിലാണ് തിരക്കിന് കൂടുതൽ സാധ്യത. തിരക്കേറിയ സമയങ്ങളായ പുലർച്ച നാലു മുതൽ 10 വരെയും വൈകീട്ട് ആറു മുതൽ രാത്രി 11 വരെയും എയർപോർട്ട് യാത്രകൾ പരമാവധി ഒഴിവാക്കണം.
മാർച്ച് 29 ശനിയാഴ്ച മുതൽ ഏപ്രിൽ രണ്ട് ബുധനാഴ്ച വരെ മെട്രോ സർവിസ് സമയം പുലർച്ച ഒരു മണിവരെ ദീർഘിപ്പിച്ചതായും ആർ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.