ദുബൈ: ഓഡിറ്റ് സ്ഥാപനമായ കെ.പി.എം.ജി പുറത്തിറക്കിയ യു.എ.ഇയിലെ മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ലുലു ഗ്രൂപ്പും. എമിറേറ്റ്സ് എയർലൈൻ, ഐക്കിയ എന്നിവക്കൊപ്പം പട്ടികയുടെ മുൻനിരയിൽ തന്നെ ലുലുവും ഇടംപിടിച്ചു.
ഇത്തിഹാദ് എയർവേസ്, ആമസോൺ, വോക്സ് സിനിമാസ്, അബൂദബി കമേഴ്സ്യൽ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മുൻനിർത്തിയാണ് പട്ടിക തയാറാക്കിയത്. യു.എ.ഇയിൽ വസിക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള 89,000 ലധികം ആളുകളുടെ അഭിപ്രായം ശേഖരിച്ചാണ് പട്ടിക തയാറാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
ഡിജിറ്റൽ രംഗത്തെ സേവനങ്ങളും അത് നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് നൽകുവാനുമുള്ള പ്രാപ്തിയും ഉപഭോക്താക്കളുമായുള്ള ഇടപെടലുകളുമാണ് അവാർഡിനായി പരിഗണിച്ചത്. യു.എ.ഇ.യിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ലുലു ഹൈപ്പർ മാർക്കറ്റും ഉൾപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ഉപഭോക്താക്കൾക്ക് ലോകത്തിലെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള മികച്ച ഉൽപന്നങ്ങൾ മിതമായ നിരക്കിൽ നൽകുക എന്നതാണ് മുഖ്യലക്ഷ്യം.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന്റെ സഹകരണത്തിൽ നന്ദിയുണ്ട്. യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ നൽകിവരുന്ന പിന്തുണ ഏറെ പ്രധാനപ്പെട്ടതാണെന്നും യൂസുഫലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.