വിശപ്പിന് വല്ലാത്ത കാഠിന്യമാണല്ലേ..ഒരിക്കലെങ്കിലും വിശപ്പറിഞ്ഞവർ ഭക്ഷണം പാഴാക്കില്ല. ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്ത് മിച്ചംവന്ന ഭക്ഷണം പലപ്പോഴും ചവറ്റുകൊട്ടകളിൽ എറിയാലാണ് പതിവ്. ഒരു പക്ഷെ ആ ഭക്ഷണം കൊണ്ട് പലരുടെയും വിശപ്പടക്കാനായേക്കാം. മിച്ചം വന്ന ഭക്ഷണം പല സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ച് അവ ആവശ്യക്കാരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ ഒരു സംരംഭമുണ്ട് ഷാർജയിൽ. എമിറേറ്റ്സ് റെഡ് ക്രസന്‍റ് അതോറിറ്റിയുടെ സഹകരണത്തോടെ മിച്ചംവരുന്ന ഭക്ഷണം ശേഖരിക്കാനും സൂക്ഷിക്കാനും വിതരണം ചെയ്യാനും ഷാർജയിലെ അൽ ഖാലിദിയ സബർബ് കൗൺസിലാണ് വാഹനം സജ്ജീകരിച്ചിരിക്കയാണ്.
ഭക്ഷണം ശേഖരിക്കാനും അവ കേടുകൂടാതെ സൂക്ഷിക്കാനും, ഒപ്പമത് ആവശ്യക്കാരിലേക്കെത്തിക്കാനും 'ഡൊണേറ്റ് റെഡി ആൻഡ് ഡ്രൈ ഫൂഡ്' എന്ന തലക്കെട്ടോടെയുള്ള വാഹനം ഷാർജയിലൂടെ ഓടിത്തുടങ്ങിയിട്ടുണ്ട്. താഴ്ന്ന വേതനക്കാരായ തൊഴിലാളികളുൾപ്പടെ നിരവധി പേരുടെ വിശപ്പടക്കുന്നുണ്ട് ഈ വാഹനം. മിച്ചം വന്ന ഭക്ഷണം കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കാനുള്ള പദ്ധതികൾക്കും നേരത്തെ എമിറേറ്റ് തുടക്കം കുറിച്ചിരുന്നു. പക്ഷെ പഴകിയ ഭക്ഷണത്തിന് പകരം അന്നാന്നത്തെ ഭക്ഷണം അന്നു തന്നെ ആവശ്യക്കാരിലേക്കെത്തിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.
ഷാർജ നഗരത്തിലെ സബർബ് കൗൺസിൽ കെട്ടിടത്തിന്‍റെ മുന്നിൽ ഈ മാസം മുതൽ ആളുകളിൽ നിന്ന് ഭക്ഷണം സ്വീകരിക്കുന്നതിന് ദിവസവും വാഹനമെത്തും. കുടുംബങ്ങളിൽ മിച്ചം വരുന്ന ഭക്ഷണം ശേഖരിക്കുകയും തൊഴിലാളികൾക്കും ആവശ്യക്കാർക്കും ഭക്ഷ്യ റഫ്രിജറേറ്ററുകൾ ഉപയോഗിക്കുന്നതിന് പകരമായി ഭക്ഷണം വൃത്തിയോടെതന്നെ വിതരണം ചെയ്യുകയും ചെയ്യുന്ന വാഹനം നിരവധി പേരുടെ വിശപ്പടക്കുന്നതാണ്. ഭക്ഷ്യ റഫ്രിജറേറ്റുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളില്ലാതാക്കാനും ലക്ഷ്യമിട്ടാണീ പുതിയ പദ്ധതി.
അൽ ഖാലിദിയ സബർബിന്‍റെ പ്രദേശങ്ങളിൽ പദ്ധതി സജീവമാക്കേണ്ടതിന്‍റെ പ്രാധാന്യം കൗൺസിൽ ചെയർമാൻ സഈദ് അൽ മർരി വ്യക്തമാക്കി.
ആവശ്യത്തേക്കാൾ കൂടുതൽ വരുന്ന ഭക്ഷണം നൽകാനും അത് അർഹരായവർക്ക് നേരിട്ട് വിതരണം ചെയ്യാനും, വിശക്കുന്ന വയറുകൾ നിറക്കാനും സഹായിക്കുന്ന ഇത്തരം പദ്ധതികൾ പലരുടെയും വയറും മനസ്സും ഒരു പോലെ നിറക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.