ദുബൈ: കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ലോകം അഭിമുഖീകരിച്ച വിവിധ പ്രതിസന്ധികള്‍ക്കിടയിലും ഭയപ്പെടുത്തുന്ന സമകാലീന മഹാമാരി നാളുകളിലും സുസ്ഥിര സാമ്പത്തിക നേട്ടവുമായി യു.എ.ഇ ജൈത്രയാത്ര തുടരുമ്പോള്‍ യു.എ.ഇ ധനമന്ത്രിയും ദുബൈ ഉപഭരണാധിപനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല് മക്തൂമിന് ബിഗ് സല്യൂട്ട് നല്‍കിയാണ് രാജ്യവും ജനങ്ങളും പ്രാര്ഥനയര്പ്പിക്കുന്നത്. ലോക രാജ്യങ്ങളില്‍ ധനകാര്യ മന്ത്രിപദം ദീര്‍ഘ കാലം അലങ്കരിച്ച ഭരണാധിപന് എന്ന നേട്ടം ശൈഖ് ഹംദാെൻറ പേരില്‍ കുറിക്കപ്പെടുമ്പോള്‍ യു.എ.ഇയുടെ സര്‍വതോമുഖമായ വികസനത്തിന് ഊടും പാവും നല്കുന്നതില് ഈ ധനകാര്യജ്ഞന്‍ നല്കിയ പങ്ക് നിസ്തുലമെന്നതും ശ്രദ്ധേയം. യു.എ.ഇ നിലവില്‍ വന്ന 1971 മുതല്‍ രാജ്യത്തിെൻറ ആദ്യ ധനകാര്യ വ്യവസായ മന്ത്രി പദത്തില്‍ അവരോധിതനായ ശൈഖ് ഹംദാന്‍ 1995ല്‍ ദുബൈയുടെ ഉപഭരണാധിപനായി അധികാരമേറ്റു.
പ്രകൃതി കനിഞ്ഞരുളിയ ക്രൂഡോയില്‍ ഖനനത്തിലൂടെ രാജ്യത്തിന് കൈവന്ന സമ്പദ് നേട്ടത്തെ ലോകജനതക്ക് ഗുണകരമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിച്ച യു.എ.ഇ സുപ്രീം കൗണ്‍സിലിെൻറ തീരുമാനങ്ങള്‍ പ്രായോഗവത്കരിക്കുന്നതില് ശൈഖ് ഹംദാെൻറ ദീര്‍ഘവീക്ഷണം വഹിച്ച പങ്ക് വലുതാണ്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ യു.എ.ഇക്ക് സമ്മാനിക്കുന്നതിലും അദ്ദേഹത്തിെൻറ നടപടികള്‍ ബലമേകി. ധനകാര്യ മന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ 6.5 ബില്യൻ ദിര്‍ഹം രേഖപ്പെടുത്തിയ യു.എ.ഇയുടെ സമ്പദ്വ്യവസ്ഥ ഇന്ന് എത്തി നില്‍ക്കുന്നത് 1.54 ട്രില്യന്‍ ദിര്‍ഹമില്‍. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്പദാനം (ജി.ഡി.പി) 10,000 ദിര്‍ഹത്തില്‍ നിന്ന് 40,000 ദിര്‍ഹമായി ഉയര്‍ന്നതും വാണിജ്യ, വ്യവസായ, വ്യാപാര, തൊഴില്‍ മേഖലയുടെ വികാസത്തിന് ശൈഖ് ഹംദാന്‍ നല്കിയ സംഭാവനകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.
ലോകതലത്തില്‍ സ്വീകാര്യമായ സാമ്പത്തിക -വ്യാവസായിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അമൂല്യമായ സംഭാവനകളാണ് പ്രിയ സഹോദരന് രാജ്യത്തിന് നല്‍കിയതെന്ന് യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം രേഖപ്പെടുത്തുന്നു. ആധുനികവും വ്യാവസായികവുമായ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ ഇടം പിടിച്ചത് നൂതനമായ സാമ്പത്തിക നയങ്ങളുടെയും ധീരമായ ചില പരിഷ്കാരങ്ങളുടെയും ഫലമാണ്. ഇതിന് പിന്നില്‍ പ്രേരകശക്തിയായി ശൈഖ് ഹംദാന്‍ നിലകൊണ്ടുവെന്നത് രാജ്യത്തിന് അഭിമാനം നല്കുന്നു. വിലമതിക്കാനാവാത്തതും പ്രചോദനാത്മകവുമായ മാര്‍ഗനിര്‍ദേശങ്ങളും ഹംദാന്‍ നാടിന് നല്കി. സാമ്പത്തിക സ്ഥിരത, മത്സരശേഷി, സാമ്പത്തിക ശക്തി തുടങ്ങി നിരവധി രംഗങ്ങളില്‍ ആഗോള റാങ്കിങ് സ്ഥിരമായി ഉയര്‍ത്തുന്നതും ഇതിെൻറ ഫലമാണ്. സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നല്കുന്ന പദ്ധതികളിലൂടെ തൊഴില്‍ വിപണിയെ സജീവമാക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കാനും ശൈഖ് ഹംദാന്‍ കഴിഞ്ഞു.
ദുബൈ മുനിസിപ്പാലിറ്റി, അല്‍ മക്തൂം ഫൗണ്ടേഷന്, ദുബൈ അലൂമിനിയം, ദുബൈ പ്രകൃതിവാതകം, ദുബൈ വേള്‍ഡ് ട്രേഡ് സെൻറര്‍, ദുബൈ സ്പോര്‍ട്സ് അതോറിറ്റി ഗവേണിങ് ബോര്‍ഡ്, ദുബൈ പോര്‍ട്സ് അതോറിറ്റി, അന്താരാഷ്്ട്ര നാണയനിധി, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന തുടങ്ങി വിവിധ സര്‍ക്കാര്‍ -സര്ക്കറിതര സംരംഭകളില്‍ നേതൃപരമായ ഉത്തരവാദിത്തങ്ങളും ശൈഖ് ഹംദാന്‍ നിര്‍വഹിച്ചു.
കൊറോണ വൈറസ് വ്യാപന പ്രഹരം സൃഷ്ടിച്ച പ്രതികൂല സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കിടയിലും യു.എ.ഇയുടെ വ്യാവസായിക കയറ്റുമതി മൂല്യം 84.2 ബില്യന്‍ ദിര്ഹമാണെന്ന ഫെഡറല്‍ കോമ്പറ്റിവിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻററിെൻറ 'വിജയ കണക്കുകള്‍' ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല് മക്തൂം രാജ്യത്തിന് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന വിദഗ്ധരുടെ വിലയിരുത്തലുകള്‍ ശരിവെക്കുകയാണ്.
അബൂദബി: ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാഷിദ് ആൽ മക്തൂമിെൻറ നിര്യാണത്തിൽ യു.എ.ഇ പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചിച്ചു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നെഹ്യാൻ ആൽ മക്തൂം കുടുംബത്തെ മന്ത്രാലയം അനുശോചനവും അനുഭാവവും അറിയിച്ചു.
ശൈഖ് ഹംദാൻ ബിൻ റാഷിദിെൻറ വിയോഗത്തിലുള്ള നഷ്ടം സഹിക്കാൻ ക്ഷമയും ആശ്വാസവും നൽകാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നതായും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.
യു.എ.ഇ സ്ഥാപിതമായതു മുതൽ രാജ്യത്തിെൻറ സുസ്ഥിര വികസനത്തിലും സാമ്പത്തിക നയങ്ങൾ ആവിഷ്കരിക്കുന്നതിലും ധനമന്ത്രി ശൈഖ് ഹംദാൻ നിർണായക സംഭാവനകൾ അർപ്പിച്ചതായി ധനകാര്യ മന്ത്രാലയം അനുശോചന സന്ദേശത്തിൽ അറിയിച്ചു. സാമ്പത്തിക ആസൂത്രണത്തിെൻറ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും ഫെഡറൽ ബജറ്റ് നടപ്പാക്കുന്നതിനും നയങ്ങൾ ഏകീകരിക്കുന്നതിനും പരിശ്രമിച്ചു. ഗൾഫ് സാമ്പത്തിക സമന്വയം കെട്ടിപ്പടുത്തു. സാമ്പത്തിക, സാമൂഹിക മേഖലകളിൽ യു.എ.ഇയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും അദ്ദേഹത്തിെൻറ കാഴ്ചപ്പാട് വളരെ പ്രധാനമായിരുെന്നന്നും മന്ത്രാലയം അനുശോചനക്കുറിപ്പിൽ സൂചിപ്പിച്ചു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി അനുശോചിച്ചു. ഷാർജ എമിറേറ്റിൽ ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ ആൽ ഖാസിമി അനുശോചിച്ചു. രാജ്യത്തെ സേവിക്കുന്നതിന് ജീവിതം സമർപ്പിക്കുകയും രാജ്യസ്നേഹവും മാനുഷികവുമായ നേട്ടങ്ങൾ നിറഞ്ഞ പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്ത മഹാനാണ് ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമെന്നും യു.എ.ഇയിലെ ജനങ്ങൾക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിെൻറ മരണമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. റാസൽഖൈമ എമിറേറ്റിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചചരണം പ്രഖ്യാപിച്ചു.
സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുെൈഎമി അനുശോചനം രേഖപ്പെടുത്തി. അജ്മാൻ എമിറേറ്റിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല സഹോദരനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിനെ ശൈഖ് ഹംദാെൻറ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ഉമ്മുൽ ഖുവൈനിൽ 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ എമിറേറ്റിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ മൂന്ന് ദിവസം പ്രവർത്തനങ്ങൾ നിർത്തിെവക്കും.
സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഷാർക്കി അനുശോചിച്ചു. മൂന്ന് ദിവസത്തേക്ക് ഫുജൈറ എമിറേറ്റിലും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഫുജൈറയിൽ മൂന്നു ദിവസവും ദേശീയപതാക താഴ്ത്തിക്കെട്ടും.
ശൈഖ് ഹംദാെൻറ നിര്യാണത്തിൽ ദുബൈ ഭരണാധികാരിയുടെ കോടതി അനുശോചിച്ചു. നിലവിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് കോവിഡ് മുൻകരുതൽ നടപടികൾ കാരണം ശൈഖ് ഹംദാൻ ബിൻ റാഷിദ് ആൽ മക്തൂമിെൻറ സംസ്കാര പ്രാർഥന കുടുംബാംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.