40 വർഷം മുമ്പാണ് യു.എ.ഇയിൽ എത്തിയത്. വീട്ടിലെ പ്രാരബ്ധമാണ് പത്താം ക്ലാസിൽ പഠിക്കുന്ന കാലത്തുതന്നെ എന്നെ പ്രവാസിയാക്കിയത്. മൂന്നുവർഷം റാസൽ ഖൈമയിൽ തയ്യൽ ജോലി ചെയ്തശേഷം ഷാർജയിലെത്തി. 16 വർഷം ഫലസ്തീനിയുടെ കമ്പനിയിലായിരുന്നു ജോലി. ചുമട്ട് ജോലി മുതൽ സെയിൽസ്മാൻ വരെയായി ഇവിടെ വേഷമിട്ടു. സ്ഥിതി അൽപം മെച്ചപ്പെട്ടപ്പോൾ കുടുംബത്തെയും ഇവിടെ എത്തിച്ചു. ഇതിനിടയിലാണ് ഇവിടേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്ന സാലഹ് ബിൻ സാലഹ് അൽ ഹമാദി എന്ന ഇമാറാത്തിയെ പരിചയപ്പെടുന്നത്. സ്വന്തമായി കോൺട്രാക്ടിങ് കമ്പനിയും കെട്ടിടങ്ങളുമെല്ലാം ഉണ്ടായിരുന്ന അദ്ദേഹത്തിന് എന്റെ തുർകിഷ് കോഫി വലിയ ഇഷ്ടമായിരുന്നു. ഇടക്ക് കോഫി ഉണ്ടാക്കിക്കൊടുത്ത് അദ്ദേഹവുമായി സംസാരിച്ചിരിക്കും.
ഇതിനിടെ ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായി. സ്ഥാപനം മറ്റൊരു ഉടമ ഏറ്റെടുത്തതോടെ ഞങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. വിസ കഴിഞ്ഞപ്പോൾ അവർ പുതുക്കിത്തരാം എന്നുപറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. ഇതോടെ ആറുമാസം ഓവർ സ്റ്റേ ആയി വൻ തുക പിഴ വന്നു. ഇതോടെ എനിക്കും കുടുംബത്തിനും നാട്ടിൽ പോലും പോകാൻ കഴിയാത്ത അവസ്ഥ വന്നു. എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞുനിൽക്കുമ്പോഴാണ് സാലഹ് ബിൻ സാലഹ് അൽ ഹമാദിയെ കാണുന്നത്. സുഖവിവരം അന്വേഷിച്ച അദ്ദേഹത്തോട് വിവരങ്ങൾ പറഞ്ഞു. എന്റെ പാസ്പോർട്ട് കോപ്പിയും വാങ്ങി അദ്ദേഹം പോയി. അക്കാലത്ത് ഒരു നിയമമുണ്ടായിരുന്നു.
കോടതിയിലെത്തി സങ്കടം പറഞ്ഞാൽ വിസ പിഴ കുറച്ചുതരും. ജഡ്ജിയുടെ മനസ്സലിവിൽ പിഴ 500 ദിർഹമായി കുറച്ചു. രണ്ട് പതിറ്റാണ്ടുമുമ്പ് 500 ദിർഹം എന്നാൽ എനിക്ക് താങ്ങാവുന്ന സംഖ്യയായിരുന്നില്ല. ഈ തുകയും കോടതിയിലടച്ച് സാലഹ് അൽ ഹമാദി എന്നെ രക്ഷപ്പെടുത്തുകയായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ ഓഫിസിൽ ജോലി നൽകുകയും പുതിയ വിസ അടിച്ചുതരുകയും ചെയ്തു. ഇതിനുപുറമെ എനിക്കും കുടുംബത്തിനും താമസിക്കാൻ ഫ്ലാറ്റും ഏർപ്പാടാക്കിത്തന്നു.
20 വർഷമായി ഈ കമ്പനിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ബിൽഡിങ്ങിലെ ഫ്ലാറ്റിൽ തന്നെയാണ് ഇപ്പോഴും താമസം. ഒരുരൂപ പോലും ഇതുവരെ വാടക വാങ്ങിയിട്ടില്ല.അദ്ദേഹം ഇപ്പോൾ രോഗാവസ്ഥയിലാണ്. ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ മക്കളാണ് കമ്പനി നോക്കിനടത്തുന്നതെങ്കിലും അവരും ഉപ്പയുടെ വഴിയേ കാരുണ്യമുള്ള മനസ്സിനുടമകളാണ്.
എനിക്കൊരു വീടുണ്ടായത് അദ്ദേഹത്തിന്റെ സഹായംകൊണ്ടാണ്. വ്യക്തിപരമായി നിരവധി തവണ സഹായം നൽകിയിട്ടുണ്ട്. ഹൃദയസംബന്ധമായ ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ ചെലവ് വഹിച്ചത് അദ്ദേഹമാണ്. നാല് മാസം അവധിയും തന്നു. ഇത്രയും സ്നേഹം നിറഞ്ഞ ഇമാറാത്തി പൗരന്മാർക്ക് സ്നേഹാദരമൊരുക്കുന്ന 'ഗൾഫ് മാധ്യമ'ത്തിന്റെ 'ശുക്റൻ ഇമാറാത്ത്' ഏറെ പ്രശംസനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.