ദുബൈ: ഇന്ത്യ-യു.എ.ഇ വ്യാപാരപങ്കാളിത്തം കരുത്താർജിക്കുന്ന വേളയിൽ പുതിയ സാധ്യതകൾ തേടുന്നവർക്കായി ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ബിസിനസ് സമ്മിറ്റിന്റെ ഒന്നാംഘട്ടം ഈ മാസം 12ന്. അബൂദബി ഖലീഫ സ്ട്രീറ്റിൽ ലെ റോയൽ മെറീഡിയൻ ഹോട്ടലിൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് രജിസ്ട്രേഷൻ ആരംഭിക്കും. 4.20നാണ് ആദ്യ സെഷൻ. രാത്രി 8.30വരെ നീണ്ടു നിൽക്കുന്ന സമ്മിറ്റിൽ ഷാരിഖ് ശംസുദ്ദീൻ (ഫണ്ട്ഫോളിയോ), ഷാഹിദ് ഖാന (ഡിസക്സ്), മുഹമ്മദ് ശഫീഖ് (ഫിനാൻഷെൽസ്), ഉമർ അലി (സേഫ് കെയർ), ഷാലിമർ (സിൽവർ സ്റ്റോം), അജിൽ മുഹമ്മദ് (ഹൈലൈറ്റ്), മുസ്തഫ (സിൽവൻ), ജംഷീദ് ഹംസ (എതിക് കോർപ്) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ്, കോർപറേറ്റ് ടാക്സ്, ക്രിപ്റ്റോ കറൻസീസ്, സ്റ്റോക് ട്രേഡിങ്, ടൂറിസം, സ്റ്റാർട്ടപ്സ്, ഫ്രാഞ്ചൈസിങ് തുടങ്ങി സുപ്രധാന വിഷയങ്ങളിൽ ആശയക്കൈമാറ്റങ്ങൾക്കും ക്രിയാത്മകമായ സംവാദങ്ങൾക്കും ചർച്ചകൾക്കും സമ്മിറ്റ് വേദിയാകും.
പുതിയ കാലത്തെ ബിസിനസ് സാധ്യതകൾക്കൊപ്പം വിവിധ മേഖലകളിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള പോംവഴികളും ഉച്ചകോടിയിൽ ചർച്ച ചെയ്യും. അതോടൊപ്പം യു.എ.ഇയിൽ നടപ്പിലാക്കിയ കോർപറേറ്റ് ടാക്സ്, ഇന്ത്യ-യു.എ.ഇ സെപ കരാർ, ടൂറിസം നിക്ഷേപം, സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറുന്ന നിയമങ്ങൾ എന്നിവയെ കുറിച്ചും പാനൽ ചർച്ചകൾ നടക്കും. സെപ്റ്റംബർ 14ന് ദുബൈ ശൈഖ് സായിദ് റോഡിലെ മെട്രോ പൊളിറ്റൻ ഹോട്ടലിലാണ് ‘ഗൾഫ് മാധ്യമം’ ബിസിനസ് സമ്മിറ്റിന്റെ അടുത്ത പരിപാടി നടക്കുന്നത്.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ വ്യാപാര, വാണിജ്യ, സംസ്കാരിക, കലാമേളയായ കമോൺ കേരളയോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടി സംരംഭകരുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യു.എ.ഇയിലേയും കേരളത്തിലേയും പുതിയ വ്യാപാരസാധ്യതകളെ തേടുന്ന ബിസിനസ് സമ്മിറ്റിന് ‘ഗൾഫ് മാധ്യമം’ വേദിയൊരുക്കുന്നത്. ഇന്ത്യ-യു.എ.ഇ സമഗ്ര വാണിജ്യ സഹകരണക്കരാർ (സെപ) യാഥാർഥ്യമായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിയാർജിക്കുകയാണ്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രാദേശിക കറൻസികളിൽ നടത്താനുള്ള സുപ്രധാന തീരുമാനം ബിസിനസ് രംഗത്ത് വലിയ വളർച്ചക്കാണ് വഴിമരുന്നിട്ടത്.
യു.എ.ഇയിൽനിന്ന് രൂപയിൽ ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നതിനും തുടക്കമിട്ടുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ ഹൃദയ നഗരങ്ങളിൽ ബിസിനസ് സംരംഭകർ വീണ്ടും ഒത്തുചേരുന്നത്. റിയൽ എസ്റ്റേറ്റ്, ക്രിപ്റ്റോ കറൻസി, സ്റ്റോക് ട്രേഡിങ് എന്നീ മേഖലകളിലെ മാറുന്ന സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും ബിസിനസുകൾ ആ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നവർക്ക് ‘ഗൾഫ് മാധ്യമം’ ബിസിനസ് ഉച്ചകോടി പുതിയ വഴികൾ തുറന്നിടുമെന്നുറപ്പാണ്. ഉച്ചകോടിയിൽ സാന്നിധ്യം ഉറപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി www.bizsummit.madhyamam.comൽ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.