'നൻമ നിറഞ്ഞ മനസിനുള്ള ആദരം'
യു.എ.ഇയിൽനിന്ന് പ്രവാസികൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾ അനവധിയാണ്. 40 വർഷമായി ഈ മണ്ണിൽ സന്തോഷത്തോടെ ജീവിക്കുന്നയാളാണ് ഞാൻ. നമ്മുടെ കുടുംബങ്ങളും നാട്ടിലെ സഹോദരങ്ങളുമെല്ലാം ഈ പോറ്റമ്മ നാടിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടുനീക്കുന്നത്. അതിന് സഹായിച്ചത് ഈ നാട്ടിലെ സ്വദേശികളുടെ നന്മനിറഞ്ഞ മനസ്സാണ്. അത്തരം ഇമാറാത്തി സഹോദരങ്ങളെ ആദരിക്കാനായി 'ഗൾഫ് മാധ്യമം'മികച്ച ഒരു പരിപാടി ഒരുക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനും സ്നേഹ സൗഹാർദങ്ങൾ പങ്കിടാനും ഇതുപകരിക്കുമെന്ന് മനസ്സിലാക്കുന്നു. 'ശുക്റൻ ഇമാറാത്തി'ന് എന്റെയും അക്കാഫ് അസോസിയേഷൻ കൂട്ടായ്മയുടെയും ആശംസകൾ.
പോൾ ടി. ജോസഫ്,
പ്രസിഡന്റ്, അക്കാഫ് അസോസിയേഷൻ
ലക്ഷക്കണക്കിന് പ്രവാസികളെ സന്തോഷത്തിലും സന്താപത്തിലും നെഞ്ചോടു ചേർത്തുപിടിക്കുന്നവരാണ് യു.എ.ഇയിലെ ഭരണകൂടവും ജനങ്ങളും. ഒരുകൈ ചെയ്യുന്ന പുണ്യം മറുകൈ അറിയാതെ നിർവഹിക്കുന്നവരാണ് ഇവിടത്തുകാർ. അവർക്ക് അംഗീകാരം നൽകുകയും ആദരിക്കുകയും ചെയ്യേണ്ടത് തീർച്ചയായും നമ്മുടെ കടമയാണ്. നന്മയുടെ പ്രതീകങ്ങളായ 50ൽ പരം യു.എ.ഇ പൗരന്മാർക്ക് പ്രവാസലോകത്തിന്റെ ആദരമർപ്പിക്കുന്ന 'ഗൾഫ് മാധ്യമ'ത്തിന്റെ 'ശുക്റൻ ഇമാറാത്ത്'പരിപാടി അതിനാൽ പ്രസക്തവും അഭിനന്ദനാർഹവുമാണ്. ധന്യമായ ഈ ചടങ്ങിൽ അക്കാഫ് ഈവന്റസും അണിചേരുകയും ആശംസകളറിയിക്കുകയുമാണ്.
ചാൾസ് പോൾ
പ്രസിഡന്റ്, അക്കാഫ് ഈവൻറ്സ്
ഇന്തോ-അറബ് ബന്ധത്തിന്റെ പുതിയ നാഴികക്കല്ലാണ് ഗൾഫ് മാധ്യമം ശുക്റൻ ഇമാറാത്ത്. യു.എ.ഇ സുവർണ ജൂബിലി ആഘോഷിക്കുന്ന സമയത്ത് ഈ നാടിന്റെ പൗരന്മാരെ ആദരിക്കുകയാണ് ശുക്റൻ ഇമാറാത്തിലൂടെ. ഇന്ത്യക്കാരുടെ ഈ രാജ്യത്തോടുള്ള ഐക്യദാർഢ്യവും കടപ്പാടും ഇതിലൂടെ അറിയിക്കുകയാണ്. 200ൽ അധികം ദേശങ്ങളിലെ പൗരന്മാർക്ക് മുന്നിൽ ഈ രാജ്യത്തിന്റെ കവാടങ്ങൾ തുറന്നിട്ട് ഇവിടെ ജീവിക്കാനും പുരോഗതിയിൽ പങ്കാളികളാകാനും അവസരം നൽകിയ നാടിനോടും സാരഥികളോടുമുള്ള നന്ദി പ്രകാശനമാണ് 'ശുക്റൻ ഇമാറാത്ത്'. ഈ മഹദ് സദസ്സിനൊപ്പം സഹകരിക്കുന്നതിൽ കെ.എം.സി.സിക്ക് അതിയായ സന്തോഷമുണ്ട്. പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
പുത്തൂർ റഹ്മാൻ, പ്രസിഡന്റ്, യു.എ.ഇ കെ.എം.സി.സി
സഹിഷ്ണുതയിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചുയർന്ന രാഷ്ട്രമാണ് യു.എ.ഇ. ഈ കുതിപ്പിൽ പ്രവാസികളെ നെഞ്ചോടുചേർത്തു നിർത്തിയ ഇമാറാത്തികളെ 'ഗൾഫ് മാധ്യമം'ആദരിക്കുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ശ്ലാഘനീയമായ മുഹൂർത്തമാണ്. രാജ്യത്തിന്റെ കുതിപ്പിൽ തങ്ങളെയും ചേർത്തുനിർത്തിയ പൗരന്മാരെ ആദരിക്കുന്നത് ഓരോ മലയാളിക്കും അഭിമാന മുഹൂർത്തമാണ്. ഈ പരിപാടിയിൽ ഞങ്ങളും അണിചേരുന്നു.
കുഞ്ഞാവുട്ടി ഖാദർ
പ്രസിഡന്റ്,
യു.എ.ഇ ഐ.എം.സി.സി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.