ദുബൈ: എമിറേറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള (ഇ.വി) പൊതു ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടാൻ ഒരുങ്ങി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). മൂന്നുവർഷത്തിനകം ഇ.വി ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കാനാണ് പദ്ധതി. നിലവിൽ 680 ചാർജിങ് പോയന്റോട് കൂടിയ 370 ഇ.വി ചാർജിങ് സ്റ്റേഷനുകളാണ് ദുബൈയിലുള്ളത്. ഇത് 1000ത്തിലെത്തിക്കാനാണ് പദ്ധതി. ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി 2030ന്റെ ഭാഗമായി ഗ്രീൻ ചാർജർ സംരംഭം 2015ൽ ‘ദീവ’ ആരംഭിച്ചതുമുതൽ സമ്പൂർണ ഹരിത ഗതാഗതമെന്ന ലക്ഷ്യത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുവരുന്നത്.
2015ൽ ദുബൈയിൽ 14 ഇലക്ട്രിക് വാഹനങ്ങൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ 2023 മേയിൽ അവസാനിച്ച സാമ്പത്തിക വർഷത്തോടെ രജിസ്ട്രേഷൻ 11,000ത്തിന് മുകളിലേക്ക് ഉയർന്നു. സമീപ ഭാവിയിൽ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.
2030ഓടെ നിരത്തുകളിൽ ഇലക്ട്രിക് കാറുകളുടെ എണ്ണം 42,000 ആക്കാനാണ് ദുബൈയുടെ ലക്ഷ്യം. സുസ്ഥിര വികസനത്തിനായുള്ള ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സമഗ്ര കാഴ്ചപ്പാടിന് അനുസൃതമായി ദുബൈയുടെ ഗതാഗതത്തിന്റെ ഭാവിയാണ് ഗ്രീൻ മൊബിലിറ്റി എന്ന് തിരിച്ചറിയുന്നതായി ‘ദീവ’ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ഇ.വി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് ദീവയുടെ ഗ്രീൻ ചാർജർ സംരംഭം കാർബൺ ബഹിർഗമനം കുറക്കുക മാത്രമല്ല, ദുബൈയിലുടനീളം സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഗ്ലോബൽ ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻടക്സ് പ്രകാരം ഹരിത മൊബിലിറ്റി രംഗത്ത് രാജ്യം എട്ടാം സ്ഥാനത്താണ്. അന്താരാഷ്ട്ര ഊർജ ഏജൻസി (ഐ.ഇ.എ) കണക്കുകൾ പ്രകാരം 2023ൽ ആഗോളതലത്തിൽ ഇ.വി. വാഹനങ്ങളുടെ വിൽപന 35 ശതമാനം വർധിച്ച് 14 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.