അരനൂറ്റാണ്ടിലേറെ യു.എ.ഇയുടെ സ്നേഹം അടുത്തറിഞ്ഞയാളാണ് മാഹി സ്വദേശി ബശീർ അഹ്മദ്. ഈ രാജ്യത്തിന്റെ പിറവിക്കുമുമ്പേ ഇവിടെ എത്തിയയാൾ. 52 വർഷം മുമ്പ് നേടിയ ലൈസൻസുമായി ഇന്നും വാഹനമോടിക്കുന്ന അപൂർവം പ്രവാസികളിലൊരാൾ. സ്വദേശി പൗരന്മാരുടെ സ്നേഹം പലകുറി അടുത്തറിഞ്ഞിട്ടുണ്ട് അദ്ദേഹം. ജോലി ഉപേക്ഷിച്ച് നാട്ടിൽ പോയി തിരിച്ചുവന്നപ്പോൾ വീണ്ടും ജോലി ചെയ്യാൻ നിർബന്ധിക്കുകയും മികച്ച കമ്പനിയിൽ ഉന്നത സ്ഥാനത്ത് നിയോഗിക്കുകയും ചെയ്ത ഇമാറാത്തി പൗരനും അജ്മാൻ ബാങ്ക് സി.ഒ.ഒയുമായ സാലിം അബ്ദുൽ അഹ്മദ് അൽഷംസിക്ക് നന്ദിയും സ്നേഹവും അർപ്പിക്കുകയാണ് ബശീർ ഗൾഫ് മാധ്യമം 'ശുക്റൻ ഇമാറാത്തി'ലൂടെ.
1961ലാണ് ബശീറിന്റെ പിതാവ് വി.കെ.സി. അഹ്മദ് ആദ്യമായി യു.എ.ഇയിൽ എത്തുന്നത്. '65ൽ മാതാവ് കുഞ്ഞാമിനയും വന്നു. വിസിറ്റ് വിസയിലായിരുന്നു ബശീറിന്റെ വരവ്. അന്നത്തെകാലത്ത് വിസിറ്റ് വിസയിൽ എത്തുന്നവർ അപൂർവമാണ്. കാരണം, ദുബൈയിൽ കാണാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല.
ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ ഫിനാൻഷ്യൽ സെക്രട്ടറി ബിൽ ഡെഫിന്റെ സെക്രട്ടറിയായിരുന്നു ബശീറിന്റെ പിതാവ്. സ്കൂൾ തുറക്കാൻ സമയമായതോടെ ബശീറിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ടിക്കറ്റെടുത്തുകൊടുത്തത് കൊട്ടാരത്തിൽനിന്ന്. അതുൾപ്പെടെ പിന്നീട് പലകുറി ഇമാറാത്തിന്റെ സ്നേഹം ആവോളം ലഭിച്ചിട്ടുണ്ട് ബശീറിന്.
1968ൽ വീണ്ടും തിരിച്ചുവന്നു. പിതാവിന്റെ ഇടപെടലിൽ '69ൽ നാഷനൽ ബാങ്ക് ഓഫ് ദുബൈയിൽ (എൻ.ബി.ഡി) ട്രെയിനിയായി ജോയിന് ചെയ്തു. ആദ്യമായിട്ടാണ് എൻ.ബി.ഡിയിൽ ഒരു മലയാളി ട്രെയിനി എത്തുന്നത്. 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ബശീറിനെ അന്ന് സഹായിച്ചിരുന്നത് അത്തീഖ് താനി അബ്ദുല്ല എന്ന ഇമാറാത്തി പൗരനാണ്. അൽ നാസർ ക്ലബിന്റെ ഫുട്ബാൾ താരം കൂടിയായ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.
എന്റർടൈൻമെന്റൊന്നും ഇല്ലാതിരുന്ന കാലത്ത് മലയാളി സുഹൃത്തുക്കൾ ചേർന്ന് നാടകം ചെയ്തതും അതിന് ഇമാറാത്തികൾക്കിടയിൽപോലും സ്വീകാര്യത ലഭിച്ചതും ബഷീർ ഓർമിക്കുന്നു. നസീർ അനന്താവൂരായിരുന്നു കഥാകൃത്ത്. ആദ്യത്തെ മലയാളം നാടകമായിരുന്നു ഇത്. '76ൽ മാഹി സ്വദേശി റജുലയെ വിവാഹം കഴിച്ചു. '96ലാണ് എൻ.ബി.ഡിയുടെ അജ്മാൻ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്. സാലിം അൽഷംസിയെ പരിചയപ്പെട്ടത് അന്നാണ്. ദുബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. 2000ൽ സാലിം അജ്മാനിൽ ജോയന്റ് ചെയ്തതോടെയാണ് അദ്ദേഹവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുന്നത്. 2007 വരെ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. 2007 ഡിസംബറിൽ എൻ.ബി.ഡിയിൽനിന്ന് രാജിവെച്ച് നാട്ടിൽ പോയി. എന്നാൽ, മക്കളായ ലനീസ ബശീർ അഹ്മദ്, ലൻസിയ ബശീർ അഹ്മദ് എന്നിവർ ദുബൈയിലുണ്ടായിരുന്നതിനാൽ വീണ്ടും തിരികെയെത്തി. രാജിവെച്ചിരുന്നെങ്കിലും ബാങ്ക് വിസ റദ്ദാക്കിയിരുന്നില്ല. വിസ റദ്ദാക്കാൻ അജ്മാനിൽ പോയപ്പോൾ ബാങ്കിലെ പഴയ സഹപ്രവർത്തകരെ സന്ദർശിച്ചു. ഇക്കൂട്ടത്തിൽ സാലിമിനെയും കണ്ടു. എന്താണ് ഇപ്പോൾ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞപ്പോൾ വൈകീട്ട് ആർഹോൾഡിങ്ങിൽ വരാൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ ശൈഖിനെ പരിചയപ്പെടുത്തി. ഒരാളെ കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. വൈകാതെ സീനിയർ അക്കൗണ്ടന്റായി നിയമിക്കുകയായിരുന്നു. 14 വർഷമായി ആർ ഹോൾഡിങ്ങിന്റെ ഭാഗമായത് അങ്ങനെയാണ്. ഔദ്യോഗിക വേഷങ്ങൾക്കപ്പുറത്തുള്ള ആത്മബന്ധമാണ് സാലിമുമായുള്ളത്. രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ഒരു കോട്ടവും തട്ടാതെ ആ ബന്ധം കാത്തുസൂക്ഷിക്കുന്നു.
അമ്പതിലേറെ വർഷം പഴക്കമുള്ള തന്റെ പ്രവാസാനുഭവങ്ങളുടെ ചരിത്രം പേറുന്ന പഴയ പാസ്പോർട്ടും അദ്ദേഹത്തിന്റെ കൈവശമുണ്ട്. യു.എ.ഇ പിറക്കുന്നതിനുംമുമ്പ് നടത്തിയ യാത്രകളുടെയും ശേഷംചെയ്ത യാത്രകളുടെയും സീലുകൾ പതിഞ്ഞ പാസ്പോർട്ട് നിധിപോലെ സൂക്ഷിക്കുകയാണിപ്പോഴും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.