അബൂദബി: ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ റേസ് അബൂദബിയില്‍ അരങ്ങേറും. ജൂലൈ 19നാണ് അബൂദബി, ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ റേസിന് വേദിയാവുക. ആഗോളതലത്തില്‍ അതിവേഗം വളരുന്ന ഫിറ്റ്നസ് റേസുകളിലൊന്നായ ഹൈറോക്സ് ആണ് ഇത്തരമൊരു സവിശേഷ പരിപാടി അബൂദബിയിലെത്തിക്കുന്നത്. ഹൈറോക്സുമായി അബൂദബി സ്പോര്‍ട്സ് കൗണ്‍സിലും സഹകരിക്കുന്നുണ്ട്. ഓട്ടവും വ്യായാമങ്ങളും സംയോജിപ്പിക്കുന്ന ഹൈറോക്സ് അബൂദബി ഇന്‍ഡോര്‍ റേസ് അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററിലാണ് അരങ്ങേറുക.
അബൂദബിയുടെ കായിക കലണ്ടറിലെ സുപ്രധാന പരിപാടിയായിരിക്കും ഇത്. കായികതാരങ്ങള്ക്കുപുറമേ ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്നവരുടെയും ജിമ്മുകളില്‍ പരിശീലനം തേടുന്നവരുമടക്കമുള്ളവരുടെയും സംഗമവേദിയായിരിക്കും ഇന്‍ഡോര്‍ റേസ്. ഒരു കിലോമീറ്റര്‍ വീതമുള്ള എട്ട് ഓട്ടവും ഇതിനിടയിലായി വിവിധ തരം വര്‍ക്ക് ഔട്ടുകളുമാണ് മത്സരാര്‍ഥികള്‍ ചെയ്യേണ്ടത്. പങ്കെടുക്കുന്നവരുടെ ശാരീരികക്ഷമത പരീക്ഷിക്കുന്നതാവും ഹൈറോക്സ് അബൂദബി. സ്ത്രീ, പുരുഷ വിഭാഗങ്ങളില്‍ വ്യക്തിഗതമായും പങ്കെടുക്കാവുന്നതാണ്. ജോടി വിഭാഗത്തില്‍ സ്ത്രീ, പുരുഷ, മിക്സഡ് ആയി മത്സരിക്കാവുന്നതാണ്. പ്രോ ഡിവിഷനിലെ മത്സരം കായിക താരങ്ങള്‍ക്കായുള്ളതാണ്. നാലുപേരടങ്ങുന്ന റിലേ മത്സരവും ഉണ്ടാവും. നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍ പെടുന്നവരെ കൂടി ഉള്‍ക്കൊള്ളിക്കുന്ന മത്സരങ്ങളും ഹൈറോക്സ് ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.